കുട്ടികളിലെ പോഷകദാരിദ്ര്യം 4% കുറഞ്ഞു

കുട്ടികളിലെ പോഷകദാരിദ്ര്യം 4% കുറഞ്ഞു
  • മോദി സര്‍ക്കാരിന്റെ പരിപാടികള്‍ ഫലം കാണാന്‍ തുടങ്ങി
  • തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പോഷകാഹാര ദാരിദ്ര്യത്തില്‍ കുറവ്
  • വളര്‍ച്ചാ മുരടിപ്പ് 38.4% ല്‍ നിന്ന് 34.7% ലേക്കാണ് കുറഞ്ഞത്

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് നാണക്കേടായ കുട്ടികളുടെ പോഷണ ദാരിദ്ര്യമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം വിജയത്തിലേക്ക്. ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി നാല് ശതമാനം കുറഞ്ഞെന്ന് യുണിസെഫും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ സര്‍വേ കണ്ടെത്തി. 2015-16 ല്‍ 38.4 ശതമാനമായിരുന്ന പോഷക ദാരിദ്ര്യം 2017-18 എത്തിയപ്പോഴേക്കും 34.7 ശതമാനത്തിലേക്ക് കുറഞ്ഞെന്നാണ് കണ്ടെത്തല്‍. പ്രതിവര്‍ഷം ശരാശരി രണ്ട് ശതമാനം വീതമാണ് പോഷകാഹാരക്കുറവ് നിയന്ത്രിക്കാനായിരിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളിലെ രക്തക്കുറവ് മൂലമുള്ള വിളര്‍ച്ചാ രോഗത്തിനും ആശ്വാസകരമായ കുറവ് കാണാന്‍ സാധിച്ചിട്ടുണ്ട്. 2015-16 ല്‍ 50-60 ശതമാനമായിരുന്ന അനീമിയ രോഗം, 2017-18 ല്‍ 40 ശതമാനത്തിലേക്ക് കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കുട്ടികളുടെ പോഷക ദാരിദ്ര്യം അനുഭവിക്കുന്ന ആഗോള സമൂഹങ്ങളില്‍ മുന്‍പന്തിയിലാണ് ചരിത്രപരമായി ഇന്ത്യ. 2018 ലെ ആഗോള പോഷണ റിപ്പോര്‍ട്ട് പ്രകാരം പോഷക ദാരിദ്ര്യം അനുഭവിക്കുന്ന ലോകത്തെ കുട്ടികളില്‍ മൂന്നില്‍ ഒന്ന് ഇന്ത്യയിലാണ്. മികച്ച ഭാവി സ്വപ്‌നം കാണുന്ന ഏതൊരു രാജ്യത്തെയും ആശങ്കപ്പെടുത്തുന്ന പ്രശ്‌നമാണിത്. സര്‍ക്കാര്‍ തലത്തില്‍ വന്‍ പദ്ധതികള്‍ മുന്‍പ് നടപ്പാക്കിയെങ്കിലും പ്രശനം ഗുരുതരമായി തുടരുകയാണ് ഉണ്ടായത്. മോദി സര്‍ക്കാര്‍ സജീവായി നടപ്പാക്കിയ അംഗന്‍വാടി പദ്ധതി, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിശ്ചിത വേതനം ഉറപ്പാക്കുന്ന പ്രധാന്‍ മന്ത്രി മാതൃത്വ വന്ദന യോജന, കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കുന്ന സംയോജിത ശിശു വികസന പരിപാടി (ഐസിഡിഎസ്), പോളിയോ അടക്കമുള്ള രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കാനുദ്ദേശിച്ചുള്ള മിഷന്‍ ഇന്ദ്രധനുഷ് വാക്‌സിനേഷന്‍ പരിപാടി, ശുചിത്വം ഉറപ്പാക്കുന്ന സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയ പരിപാടികള്‍ താഴെ തട്ടില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നെന്ന സൂചനയാണ് പോഷകാഹാര ദാരിദ്ര്യം കുറയുന്നെന്ന കണക്കുകള്‍ നല്‍കുന്നത്.

2018 ല്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച ദേശീയ പോഷക ദൗത്യമായ ‘പോഷണ്‍ അഭിയാന്‍ 2018’ ഉം ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 2022 ഓടെ രാജ്യത്തെ കുട്ടികളിലെ പോഷകാഹാര ദാരിദ്ര്യം 25 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. നിലവിലെ പ്രവണതയനുസരിച്ച് ഇത് സാധ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. പോഷകദാരിദ്ര്യം ഏറ്റവും ഉയര്‍ന്ന ജില്ലകളില്‍ അംഗന്‍വാടി സേവനങ്ങള്‍ സജീവമാക്കുകയാണ് പദ്ധതിയുടെ പ്രധാന പരിപാടി. ആദ്യ വര്‍ഷം രാജ്യത്തെ 315 ജില്ലകളിലും രണ്ടാം വര്‍ഷം 235 ജില്ലകളിലും പദ്ധതി നടപ്പാക്കും. ശേഷിക്കുന്ന ജില്ലകളില്‍ മൂന്നാം വര്‍ഷം മുതലാണ് പോഷണ്‍ അഭിയാന് തുടക്കമാവുക. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഒരേപോലെ പോഷകാഹാരം ഉറപ്പു വരുത്താനാണ് പദ്ധതിയിലൂടെ ശ്രമിക്കുക.

തുടരുന്ന ആശങ്ക

കുട്ടികളിലെ പോഷക ദാരിദ്ര്യ പ്രശ്‌നങ്ങള്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ കാണപ്പെടുന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവയാണ്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈചിലാണ് ഏറ്റവുമധികം വളര്‍ച്ചാ മുരടിച്ച് കാണപ്പെടുന്നത്; 64%. തൂക്കക്കുറവ് ഏറ്റവുമധികം ദൃശ്യമായത് ഝാര്‍ഖണ്ഡിലെ സിംഗ്ഭൂമിലാണ്. ഇവിടത്തെ 61% കുട്ടികളില്‍ തൂക്കക്കുറവ് കാണപ്പെടുന്നു. ഉയരത്തിനനുസരിച്ച് ഭാരമില്ലായ്മ ഏറഅറവുമധികം കാണപ്പെടുന്നത് ഝാര്‍ഖണ്ഡിലെ ജാംഷഡ്പൂരിലാണ്; 40%. ഗുജറാത്തിലെ ദാദ്ര നഗര്‍ ഹവേലിയിലാണ് അനീമിയ ഏറ്റവുമധികം ആശങ്കയുണ്ടാക്കന്നത്. 84 ശതമാനമാണ് ഇവിടത്തെ അനീമിയ രോഗ നിരക്ക്

Categories: FK News, Slider