ന്യൂസിലാന്‍ഡ് വെടിവെയ്പ്പ്: നവമാധ്യമങ്ങള്‍ വീണ്ടും പ്രതിസ്ഥാനത്ത്

ന്യൂസിലാന്‍ഡ് വെടിവെയ്പ്പ്: നവമാധ്യമങ്ങള്‍ വീണ്ടും പ്രതിസ്ഥാനത്ത്

ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണമാണ് ഈ മാസം 15ന് അരങ്ങേറിയത്. കുടിയേറ്റ വിരുദ്ധ ആശയത്തോട് ആഭിമുഖ്യമുള്ള അക്രമി ആരാധനാലയത്തില്‍ പ്രവേശിച്ച് 40-ലേറെ പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഇതിന്റെ തത്സമയ ദൃശ്യങ്ങളും അക്രമി നവമാധ്യമങ്ങളുടെ സഹായത്തോടെ സംപ്രേക്ഷണം ചെയ്തു. എന്നാല്‍ അക്രമ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കു സാധിച്ചില്ല.

വിദ്വേഷവും അക്രമവും പ്രചരിക്കുന്നത് തടയാന്‍ സാധിക്കുന്നില്ലെന്നു യൂ ട്യൂബും, ഫേസ്ബുക്കും, ട്വിറ്ററും ഉള്‍പ്പെടുന്ന നവമാധ്യമങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ അരാജകത്വം കുത്തിനിറച്ച റിയല്‍റ്റി ഷോ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ അരങ്ങേറിയപ്പോള്‍ അത് തടയാന്‍ അമേരിക്കന്‍ ടെക് ഭീമന്മാര്‍ക്കു സാധിച്ചില്ല. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 15) രണ്ട് മുസ്‌ലിം പള്ളികളില്‍ പ്രാര്‍ഥന നടക്കുന്ന സമയത്തുണ്ടായ വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച സംഭവമാണ് ഇപ്പോള്‍ നവമാധ്യമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. അക്രമവും, അക്രമത്തിനു പിന്നിലെ വിദ്വേഷപൂര്‍ണമായ ആശയവും പ്രചരിപ്പിക്കുകയായിരുന്നു അന്നു യൂ ട്യൂബ്, ഫേസ്ബുക്ക്, റെഡ്ഢിറ്റ്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങള്‍. അക്രമി ക്രൈസ്റ്റ് ചര്‍ച്ചിലുള്ള അല്‍നൂര്‍ പള്ളിയില്‍ പ്രവേശിക്കുന്നതും പിന്നീട് നടത്തിയ അക്രമവും ഫേസ്ബുക്കില്‍ 17 മിനിറ്റ് ദൈര്‍ഘ്യമാണു തത്സമയം സ്ട്രീം (live-streaming) ചെയ്തത്. കൂട്ടക്കൊല നടത്തുന്നതിനു മുമ്പ് അക്രമി, 74 പേജുള്ള മുസ്‌ലിം വിരുദ്ധ മാനിഫെസ്റ്റോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം വിദ്വേഷ ഭാഷണത്തിനുവേണ്ടിയുള്ള കുപ്രസിദ്ധമായ 8chan എന്ന ചര്‍ച്ചകള്‍ക്കുള്ള സൈറ്റില്‍ (discussion site) ‘ ഞാന്‍ കടന്നുകയറ്റക്കാരെ ആക്രമിക്കുമെന്നും, അതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും’ അക്രമി കുറിച്ചിരുന്നതായി ന്യൂസ് ഏജന്‍സി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

അക്രമി പള്ളിയില്‍ അക്രമം നടത്തുന്നതിന്റെ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ തത്സമയം സ്ട്രീം ചെയ്തിരുന്നു. ഇതിന്റെ ലിങ്ക് യൂ ട്യൂബ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, റെഡ്ഢിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. 49 പേരെ കൂട്ടക്കൊല ചെയ്തതിനു ശേഷവും, ഇന്റര്‍നെറ്റ് യൂസര്‍മാരില്‍ ചിലര്‍ അക്രമി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതിന്റെ ദൃശ്യങ്ങള്‍ യൂ ട്യൂബിലും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളിലും അപ്‌ലോഡ്, റീ-അപ്‌ലോഡ് ചെയ്തു കൊണ്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ ‘ ന്യൂസിലാന്‍ഡ് ‘ പോലുള്ള കീ വേഡുകള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ അക്രമം ഉള്‍പ്പെടുന്ന വീഡിയോകളുടെ ഒരു വലിയ ലിസ്റ്റ് തന്നെ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വീഡിയോകളില്‍ ഭൂരിഭാഗവും അക്രമത്തിന്റെ സെന്‍സര്‍ ചെയ്യാത്ത ദൃശ്യങ്ങളായിരുന്നു. വെള്ളിയാഴ്ചയിലെ കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പെട്ടെന്ന് പ്രചരിക്കാനിടയായ സംഭവം സോഷ്യല്‍ മീഡിയ എത്രത്തോളം ആഴത്തില്‍ സജീവ യൂസര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്നതിനു തെളിവു കൂടിയായി മാറി. നഗ്നത, പകര്‍പ്പവകാശമുള്ള സംഗീതം എന്നിവയെ ദുര്‍ബലമാക്കുന്ന ഓട്ടോമാറ്റിക് സംവിധാനമുണ്ടെങ്കിലും അക്രമ സ്വഭാവമുള്ള ഉള്ളടക്കങ്ങളെ ഉടനടി നീക്കം ചെയ്യാന്‍ ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സൈറ്റായ യൂ ട്യൂബിനു സാധിക്കുന്നില്ലെന്നതിന്റെ ആവര്‍ത്തിച്ചുള്ള തെളിവ് കൂടിയായി ഈ സംഭവം. ന്യൂസിലാന്‍ഡില്‍ വെള്ളിയാഴ്ച അരങ്ങേറിയ കൂട്ടക്കൊലയുടെ വീഡിയോ GoPro ഹെല്‍മറ്റ് ക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്തതാണെന്നു വിദഗ്ധര്‍ പറയുന്നു. അക്രമത്തെ കുറിച്ചും അത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനെ കുറിച്ചും ഉപയോഗിക്കാന്‍ പോകുന്ന സാങ്കേതിക ഉപകരണങ്ങളെ കുറിച്ചുമൊക്കെ 8chan എന്ന തീവ്രവാദ സ്വഭാവമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചര്‍ച്ച ചെയ്തിരുന്നതായിട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ഈ പ്ലാറ്റ്‌ഫോമില്‍ അംഗങ്ങളായിരുന്നവര്‍ അഥവാ യൂസര്‍മാര്‍ അക്രമത്തെ കുറിച്ചു മുന്‍കൂട്ടി അറിഞ്ഞതിനാല്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം കണ്ട് ആസ്വദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വെടിവെയ്പ്പ് പോലുള്ള അക്രമത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ അപ്‌ലോഡ് ചെയ്യപ്പെടുമ്പോള്‍, സോഷ്യല്‍ മീഡിയ സൈറ്റിലെ റിവ്യു ടീം അഥവാ നിരീക്ഷക സംഘം ആ അപ്‌ലോഡ് ചെയ്ത വീഡിയോ അടയാളപ്പെടുത്തും. തുടര്‍ന്ന് ആ വീഡിയോ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. പിന്നീട് ഈ വീഡിയോയോ, സമാനസ്വഭാവമുള്ള വീഡിയോയോ അപ്‌ലോഡ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇത് അല്‍ഗോരിഥം ടെക്‌നിക്ക് ഉപയോഗിച്ചാണു നിര്‍വഹിക്കുന്നത്. ചൈല്‍ഡ് പോര്‍ണോഗ്രാഫി വ്യാപിക്കുന്നതു തടയുന്നതിനു വേണ്ടിയാണ് ആദ്യം ഈ രീതി പരീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ രീതി സോഷ്യല്‍ മീഡിയ സൈറ്റിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന എല്ലാ പ്രവര്‍ത്തികളെയും, പ്രത്യേകിച്ചു പകര്‍പ്പവകാശമുള്ള സംഗീതം, നഗ്നത എന്നിവയെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അല്‍ഗോരിഥം ഉപയോഗിച്ചുള്ള ഈ ടെക്‌നിക്കിനെ മറികടക്കാനാകുമെന്നാണു സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. വീഡിയോയുടെ വലിപ്പത്തിലും വേഗതയിലും മാറ്റം വരുത്തിയോ, മറ്റു ചില്ലറ മാറ്റങ്ങള്‍ വരുത്തിയോ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. ന്യൂസിലാന്‍ഡില്‍ നടന്ന വെടിവെയ്പ്പിന്റെ യൂ ട്യൂബില്‍ റീ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ മാറ്റം വരുത്തിയവയായിരുന്നു. അതു കൊണ്ടു തന്നെ യൂ ട്യൂബിന് ഇവ പെട്ടെന്നു തിരിച്ചറിയുവാനോ നീക്കം ചെയ്യുവാനോ സാധിച്ചില്ല. ന്യൂസിലാന്‍ഡില്‍ നടന്ന കൂട്ടക്കൊലയുടെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിലൂടെ ഫേസ്ബുക്ക് ഇത് മൂന്നാം തവണയാണ് ഒരു കൊലപാതകത്തിന്റെ വീഡിയോ സംപ്രേക്ഷണം ചെയ്തത്. അക്രമം, തീവ്രവാദം, വിദ്വേഷം എന്നിവ നിറഞ്ഞ ഉള്ളടക്കം അടിച്ചമര്‍ത്തുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളവരാണ് ഇന്റര്‍നെറ്റ് ഭീമന്മാരായ യൂ ട്യൂബും, ഫേസ്ബുക്കും, ഗൂഗിളും, ട്വിറ്ററും. തീവ്രവാദം, അക്രമം എന്നീ സ്വഭാവങ്ങളുള്ള ഉള്ളടക്കം വ്യാപിക്കുന്നത് തടയാന്‍ 2017-ല്‍ യൂ ട്യൂബും, ഫേസ്ബുക്കും, ട്വിറ്ററും, മൈക്രോസോഫ്റ്റും ഒരു സംയുക്ത പദ്ധതിക്കു തുടക്കമിടുകയും ചെയ്തു. എന്നാല്‍ ന്യൂസിലാന്‍ഡിലെ സംഭവം വ്യക്തമാക്കുന്നത് ടെക് ഭീമന്മാരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നാണ്.

ഫേസ്ബുക്ക് 1.5 ദശലക്ഷം വീഡിയോ നീക്കം ചെയ്തു

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഈമാസം 15ന് നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട 1.5 ദശലക്ഷം വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. സംഭവം നടന്ന് 24 മണിക്കൂറുകള്‍ക്കകം വീഡിയോ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. ടെക്‌നോളജിയുടെയും, മനുഷ്യരുടെയും സംയുക്തശ്രമത്തിലാണ് അക്രമ വാസനയുള്ള വീഡിയോ പ്ലാറ്റ്‌ഫോമില്‍നിന്നും നീക്കം ചെയ്തതെന്നു ഫേസ്ബുക്കിന്റെ ന്യൂസിലാന്‍ഡിലെ വക്താവ് മിയ ഗാര്‍ലിക്ക് അറിയിച്ചു. സംഭവത്തോട് എങ്ങനെയാണ് പ്രതികരിച്ചത് എന്നതിനെ കുറിച്ചു ഫേസ്ബുക്കും, മറ്റു സോഷ്യല്‍ മീഡിയകളും കൂടുതല്‍ വിശദമാക്കേണ്ടി വരുമെന്നു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഞായറാഴ്ച നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണു പ്ലാറ്റ്‌ഫോമില്‍നിന്നും 1.5 ദശലക്ഷം വീഡിയോ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചത്. വെടിവെയ്പ്പിന്റെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഏതു തരത്തിലുള്ളവയാണെങ്കിലും അവ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നു ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു നവമാധ്യമങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. വാര്‍ത്താ മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.

Categories: Top Stories

Related Articles