കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയ്ക്കായി ദുബായില്‍ പുതിയ പദ്ധതി

കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയ്ക്കായി ദുബായില്‍ പുതിയ പദ്ധതി

ഇന്റെര്‍നെറ്റിലൈ അപകടങ്ങളെ കുറിച്ച് കുട്ടികളെ ബോധവത്കരിച്ച് ഡിജിറ്റല്‍ സാക്ഷരതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

ദുബായ്: ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ദുബായില്‍ പുതിയ പദ്ധതി നിലവില്‍ വന്നു. ഇന്റെര്‍നെറ്റ് ലോകം ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചും അപകടങ്ങളെ കുറിച്ചും കുട്ടികളെ ബോധവത്കരിച്ച് ഡിജിറ്റല്‍ സാക്ഷരതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റെര്‍നെറ്റ് കുട്ടികള്‍ക്ക് നേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് മാതാപിതാക്കളെയും അധ്യാപകരെയും സജ്ജമാക്കുന്ന പരിശീലന പരിപാടികളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എമിറാറ്റി ശിശുദിനത്തോട് അനുബന്ധിച്ചാണ് ‘ചൈല്‍ഡ് ഡിജിറ്റല്‍ സേഫ്റ്റി’ പദ്ധതി പ്രഖ്യാപിച്ചത്.

കുട്ടികളില്‍ നല്ല മൂല്യങ്ങളും സ്വഭാവഗുണവും വളര്‍ത്തിയെടുക്കുന്നതില്‍ പരമപ്രധാനമാണ് ഈ പദ്ധതിയെന്ന് പദ്ധതി പ്രഖ്യാപന വേളയില്‍ യുഎഇ സഹ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് സെയ്ഫ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പറഞ്ഞു. കുട്ടികള്‍ സോഷ്യല്‍ മീഡിയയും ഇന്റെര്‍നെറ്റും ഉപയോഗിക്കാന്‍ ആരംഭിക്കുന്ന കാലഘട്ടത്തില്‍ തന്നെ ശരിയായ അവബോധം നല്‍കി അവരില്‍ മികച്ച കാഴ്ചപ്പാടുകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്റെര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ ലോകത്തില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുഎഇയില്‍ കുടുംബ മൂല്യങ്ങളും കെട്ടുറപ്പും കാത്ത് സൂക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അതില്‍ കുട്ടികളാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതെന്നും ഷേഖ് സെയ്ഫ് പറഞ്ഞു. സാമൂഹിക സന്തുലനം ഉറപ്പാക്കി ശുഭചിന്തകളുള്ള, ഉത്സാഹഭരിതരായ ഒരു ജനതയായി യുഎഇ പൗരന്മാരെ ശാക്തീകരിക്കുന്നതിനും ഡിജിറ്റല്‍ ലോകത്ത് ജ്ഞാന സമ്പന്നരായ ഒരു തലമുറയെ വാര്‍ത്തെടുത്ത് യുഎഇയുടെ മുഴുവന്‍ ക്ഷേമംഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളിലെ ഇന്റെര്‍നെറ്റ് ഉപയോഗത്തിന് വേണ്ടവിധത്തിലുള്ള നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ യുഎഇയിലെ മാതാപിതാക്കള്‍ക്ക് സാധിക്കാതെ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ഇത്തരമൊരു ഉദ്യമം നടപ്പാക്കുന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അനുഭവസമ്പത്ത് യുഎഇയിലെ മാതാപിതാക്കള്‍ക്ക് ഇല്ലെന്ന് 2018ല്‍ നടത്തിയ ഒരു പഠനത്തില്‍ നോര്‍ട്ടണ്‍ സൈബര്‍ സെക്യൂരിറ്റി വ്യക്തമാക്കിയിരുന്നു. പഠനത്തില്‍ പങ്കെടുത്ത 90 ശതമാനം മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ദീര്‍ഘസമയം ഇന്റെര്‍നെറ്റില്‍ ചിലവഴിക്കുന്നതായി പറഞ്ഞു. 31 ശതമാനം മാതാപിതാക്കള്‍ ഇന്റെര്‍നെറ്റ് ഉപയോഗത്തെ തുടര്‍ന്ന് തങ്ങളുടെ കുട്ടികള്‍ വഴിതെറ്റുന്നു എന്ന അഭിപ്രായമാണ് പങ്ക് വെച്ചത്. ഈ അവസ്ഥയിലും കുട്ടികളുടെ ഇന്റെര്‍നെറ്റ് ഉപയോഗത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് 66 ശതമാനം മാതാപിതാക്കളും വ്യക്തമാക്കിയത്.

യുഎഇയില്‍ ശരാശരി 8 മണിക്കൂര്‍ ഒരാള്‍ ഓണ്‍ലൈനായി ചിലവഴിക്കുന്നുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ മൂന്ന് മണിക്കൂര്‍ സോഷ്യല്‍ മീഡിയയിലാണ് ചിലവഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളില്‍ ശരിയായ ഡിജിറ്റല്‍ അവബോധവും സുരക്ഷയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടുവന്നിട്ടുള്ളത്.

പ്രധാനമായും നാല് പരിപാടികളാണ് കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ ലക്ഷ്യമാക്കിയുള്ള ഈ പദ്ധതിയിലുള്ളത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ആശയവിനിമയ ക്യാമ്പാണ് അതില്‍ ഒന്നാമത്തേത്. ഇന്റെര്‍നെറ്റും സോഷ്യല്‍ മീഡിയയും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന അറിവ് 5-18 വയസിനിടയിലുള്ള കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ‘വെല്‍ ബിയിങ് പോര്‍ട്ടല്‍’ എന്ന രണ്ടാമത്തെ പരിപാടി മാതാപിതാക്കളെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ്. ഡിജിറ്റല്‍ ലോകത്ത് വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കള്‍ക്ക് സഹായം നല്‍കുന്ന വിവരങ്ങളും ടൂളുകളും അടങ്ങിയ പോര്‍ട്ടല്‍ ആണിത്. മാതാപിതാക്കളെയും അധ്യാപകരെയും ലക്ഷ്യമാക്കിയുള്ള പരിശീലന പരിപാടികളാണ് മൂന്നും നാലും. ഡിജിറ്റല്‍ സുരക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടാനുള്ള അവസരവും ഈ ഘട്ടത്തിലുണ്ട്.

Comments

comments

Categories: Arabia

Related Articles