എന്റെ ഓര്‍മ്മകളിലെ മനോഹര്‍ പരീക്കര്‍

എന്റെ ഓര്‍മ്മകളിലെ മനോഹര്‍ പരീക്കര്‍

മൂന്നു വര്‍ഷത്തോളം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ വിയോഗം സംശുദ്ധ രാഷ്ട്രീയത്തിന് തന്നെ തിരിച്ചടിയാണ്. ജീവിതത്തില്‍ ലാളിത്യവും കര്‍മപഥത്തില്‍ സുതാര്യതയും പ്രവര്‍ത്തനങ്ങളില്‍ ധൈര്യവും പ്രകടിപ്പിച്ച രാഷ്ട്രസ്‌നേഹിയായ ഒരു രാഷ്ട്രീയക്കാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സൈനിക ക്ഷേമത്തിനായുള്ള പരിപാടികളായാലും ശത്രുരാജ്യത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലൂടെ തിരിച്ചടി നല്‍കുന്നതിലായാലും ഒരു പോലെ കൃത്യതയാര്‍ന്ന തീരുമാനങ്ങളെടുത്ത് നടപ്പാക്കിയ കര്‍മ്മ കുശലനായ ഭരണാധികാരിയായാണ് പരീക്കര്‍ സ്മരിക്കപ്പെടുക. മനോഹര്‍ പരീക്കറെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തോട് ഏറെ അടുത്തു പ്രവര്‍ത്തിച്ചിട്ടുള്ള ലേഖകന്‍

ഏതു നിമിഷവും സംഭവിക്കും എന്ന് ഭയന്നിരുന്നതാണെങ്കിലും മനോഹര്‍ പരീക്കറിന്റെ വിയോഗം സംബന്ധിച്ച വാര്‍ത്ത സമ്മാനിച്ച ദുഃഖം വളരെ വലുതാണ്. കുറച്ചു കാലങ്ങളായി അദ്ദേഹം രോഗബാധിതനാണ്. എന്നാല്‍ ഈ സമയങ്ങളിലും അദ്ദേഹത്തെ നിശ്ചയദാര്‍ഢ്യത്തോടെ മാത്രമേ കാണുവാന്‍ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ അവസാനമായി കാണുകയും സംസാരിക്കുകയും ചെയ്തത്. ആ കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ ഞാന്‍ ഉള്ളിടത്തോളം കാലം എന്നോടൊപ്പം ഉണ്ടാകുകയും ചെയ്യും.

2012 ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഏറ്റവും ആദ്യം ഉയര്‍ത്തിക്കാട്ടിയ നേതാക്കളിലൊരാളാണ് അദ്ദേഹം. ആ കാലം മുതല്‍ അദ്ദേഹവുമായി എനിക്ക് അടുത്ത പരിചയമുണ്ട്. ഡെല്‍ഹിയില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹം എത്രത്തോളം മതിപ്പു സൃഷ്ടിച്ചു എന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ആ മതിപ്പാവട്ടെ, അഹം ഭാവം തൊട്ടു തീണ്ടാത്ത ഒരു രാഷ്ട്രീയക്കാരനോടുള്ളതായിരുന്നു. ലാളിത്യവും സുതാര്യതയുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നിറഞ്ഞു നിന്നിരുന്നത്. ഉയര്‍ന്ന ചിന്താഗതിയും ഗ്രഹണശക്തിയും കൂര്‍മ്മ ബുദ്ധിയും ഉള്ള മനുഷ്യനെ തെളിഞ്ഞു തന്നെ അദ്ദേഹത്തില്‍ കാണാമായിരുന്നു.

ഒരു വിമുക്ത എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകന്‍ എന്ന നിലയില്‍, വിമുക്ത സൈനികരുടെയും, സേനയില്‍ സജീവമായ സൈനികരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2006 ല്‍ ആദ്യമായി എംപി ആയതു മുതല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, ദേശീയ യുദ്ധ സ്മാരകം, വിമുക്ത സൈനികരുടെ പ്രശ്‌നങ്ങള്‍, യുദ്ധം കാരണം വിധവകളായവര്‍, അംഗ ഭംഗം സംഭവിച്ച സൈനികര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ശ്രമിച്ച പരിപാടികളൊക്കെ അന്നത്തെ യുപിഎ സര്‍ക്കാരിന് കീഴിലെ ഉദ്യോഗസ്ഥ തലത്തിലോ, രാഷ്ട്രീയ തലത്തിലോ ചെന്ന് തട്ടി പര്യവസാനിക്കാറായിരുന്നു പതിവ്.

മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രി സ്ഥാനത്തു വന്നത്, മുഴുവന്‍ പ്രതിരോധ മന്ത്രാലയത്തിലും ശുദ്ധ വായു കടന്നു ചെന്ന പ്രതീതിയാണ് നല്‍കിയത്. അദ്ദേഹം സൈനിക വേഷം ധരിച്ച മുഴുവന്‍ സ്ത്രീ പുരുഷന്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തെ കുറിച്ച് വളരെയധികം ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തെ നിര്‍ബന്ധിച്ചു കാര്യങ്ങള്‍ ചെയ്യിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്ന് എനിക്ക് ആദ്യ ദിവസങ്ങളില്‍ തന്നെ ബോധ്യമായി. യുപിഎ കാലഘട്ടത്തില്‍ വളര്‍ന്നു പന്തലിച്ച പ്രതികരണവും, സഹാനുഭൂതിയുമില്ലാത്ത ഉദ്യോഗസ്ഥവൃന്ദത്തെ മറി കടക്കുവാന്‍ അദ്ദേഹം തന്നെ വഴികള്‍ കണ്ടെത്തുവാന്‍ തുടങ്ങിയിരുന്നു. ഒരു മടിയും കൂടാതെ വിമുക്ത ഭടന്മാരോടും അവരുടെ കുടുംബങ്ങളോടും ഉദ്യോഗസ്ഥ തലത്തിലെ ഇടനിലക്കാരെ ഒഴിവാക്കി അദ്ദേഹം നേരിട്ട് സംവദിക്കുവാന്‍ തുടങ്ങി. വിമുക്ത സൈനികരുടെയും അംഗ ഭംഗം വന്ന സൈനികരുടെയും വിഷമകരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് അദ്ദേഹം അടിയന്തിരമായി തന്നെ വിമുക്ത സൈനികര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിക്കുകയുണ്ടായി.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കാലങ്ങളായി നമ്മുടെ വിമുക്ത സൈനികര്‍ നിരന്തരം ഉന്നയിച്ചിരുന്ന പ്രശ്‌നമാണ്. 2006 ല്‍ എംപി ആയതു മുതല്‍ ഞാന്‍ ഇതിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങിയതാണ്. ഇതൊരു വൈകാരിക പ്രശ്‌നമായി മാറുകയും, നരേന്ദ്ര മോദി പ്രധാനമന്ത്രിയും, പരീക്കര്‍ അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രി ആകുകയും ചെയ്യുന്നതിന് മുന്‍പുള്ള ആ എട്ടു വര്‍ഷ കാലയളവില്‍ പല സൈനികരും അവരുടെ മെഡലുകള്‍ പ്രതിഷേധ സൂചകമായി ത്യജിക്കുകയുമുണ്ടായി. നാല് പതിറ്റാണ്ടുകളായി ഉദ്യോഗസ്ഥ തലത്തിലെ കെട്ടുപാടുകളില്‍ പെട്ട് കിടന്ന ഒരു പ്രധാന ആവശ്യമായിരുന്നു അത്. ദിവസവും മണിക്കൂറുകളോളം ചെലവഴിച്ചു കൊണ്ട് പരീക്കര്‍ ഒറ്റയ്ക്ക് തന്നെ വളരെ വിശദമായി ഈ വിഷയത്തെക്കുറിച്ചും അത് പരിഹരിക്കാന്‍ ആവശ്യമായ വലിയ സംഖ്യകളെ കുറിച്ചും പഠിക്കുകയും വിഷയം പരിഹരിക്കുവാന്‍ ഉറച്ച് മുന്നോട്ടു പോകുകയും ചെയ്തു. സര്‍ക്കാരിന് നാല്‍പ്പതിനായിരം കോടി രൂപയുടെ ചെലവുണ്ടാകുന്ന ഈ ബൃഹദ് പദ്ധതി നടപ്പില്‍ വരുത്താന്‍ തീര്‍ച്ചയായും പ്രധാനമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണയും വലിയ തോതില്‍ സഹായകമായി.

എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു സംഭവം ദേശീയ സായുധ സേന ഉടമ്പടിയ്ക്കായി പ്രൈവറ്റ് മെംബര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോഴുണ്ടായ ഒന്നാണ്. ആ ബില്‍ വിമുക്ത ഭടന്മാരുടെയും പോരാട്ടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാരിന്റെ നിയപരമായ ഉത്തരവാദിത്വം ഉറപ്പു വരുത്തുന്നതിനുള്ളതായിരുന്നു. പ്രൈവറ്റ് മെംബര്‍ ബില്ലിന് മേലുള്ള ചര്‍ച്ചകളില്‍ പൊതുവെ സഹ മന്ത്രിമാര്‍ ആരെങ്കിലുമാണ് മറുപടി പറയുക. പക്ഷെ ആ ബില്‍ ചര്‍ച്ചയ്ക്ക് എടുത്ത മൂന്നു തവണയും പരീക്കര്‍ നേരിട്ട് സഭയിലെത്തി. ബില്ലിലെ നിര്‍ദേശങ്ങളെ അംഗീകരിയ്ക്കുന്നു എന്ന് അദ്ദേഹം എന്നോട് പറയുകയുമുണ്ടായി.

അദ്ദേഹത്തിന്റെ രോഗ വാര്‍ത്തകളെ ഒട്ടധികം ആശങ്കയോടെയും പ്രാര്‍ത്ഥനകളോടെയുമാണ് ഞാന്‍ എപ്പോഴും സമീപിച്ചിരുന്നത്. നന്മകള്‍ ആശംസിച്ച് അദ്ദേഹത്തോട് സംസാരിക്കും. പക്ഷെ ഈ ഫെബ്രുവരി മാസത്തില്‍ അദ്ദേഹത്തെ നേരിട്ട് കാണണമെന്നും സംസാരിക്കണം എന്നും തോന്നുകയുണ്ടായി. അത് അവസാനത്തെ കൂടിക്കാഴ്ചയുമായിരുന്നു. പ്രതിരോധ മന്ത്രി എന്ന നിലയില്‍ അദ്ദേഹം തുടങ്ങി വെച്ച പല പ്രവര്‍ത്തനങ്ങളും യാഥാര്‍ഥ്യമാകുന്നു എന്ന് അദ്ദേഹത്തോട് പറയണം എന്നുണ്ടായിരുന്നു. വിമുക്ത ഭടന്മാരുടെയും അംഗ ഭംഗം വന്ന സൈനികരുടെയും ക്ഷേമത്തിനായി അദ്ദേഹം രൂപീകരിച്ച സമിതിയുടെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തിത്തുടങ്ങി എന്ന് എനിക്ക് അദ്ദേഹത്തോട് പറയണമായിരുന്നു. അദ്ദേഹവും പ്രധാന മന്ത്രിയും വിഭാവനം ചെയ്ത, ഏഴു പതിറ്റാണ്ടായി രാജ്യം കാത്തിരുന്ന ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോകുന്നു എന്നും, പ്രതിരോധ മേഖലയിലെ നിര്‍മ്മാണങ്ങള്‍ക്കായി ചെറുകിട, ഇടത്തരം കമ്പനികളുടെ ഒരു വ്യവസ്ഥിതി സൃഷ്ടിക്കുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഈ വര്‍ഷത്തെ എയ്‌റോ ഇന്ത്യയില്‍ യാഥാര്‍ഥ്യമായി തുടങ്ങുന്നു എന്നും എനിക്ക് അദ്ദേഹത്തോട് പറയണമെന്നുണ്ടായിരുന്നു. ഇതിനെല്ലാമൊപ്പം തന്റെ രോഗത്തോട് പട വെട്ടുമ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ച ധീരതയെയും നിശ്ചയ ദാര്‍ഢ്യത്തെയും ഞാന്‍ ആരാധിക്കുന്നു എന്നും അദ്ദേഹത്തോട് പറയണമെന്ന് എനിക്കുണ്ടായിരുന്നു.

ഇതെല്ലാം ഞാന്‍ പറഞ്ഞു, അദ്ദേഹം എല്ലാം കേട്ടു. വളരെ ചുരുങ്ങിയ വാക്കുകളില്‍ പ്രതികരിച്ചു. ശാരീരികമായി അദ്ദേഹം തീരെ അവശനായിരുന്നു, പക്ഷെ ധീരനായ, കാര്‍ക്കശ്യക്കാരനായ, നിശ്ചയദാര്‍ഢ്യമുള്ള ആ പഴയ പരീക്കര്‍ തന്നെയായിരുന്നു അപ്പോഴും അദ്ദേഹം. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കിയ എല്ലാ സൈനികര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും വേണ്ടി ഞാന്‍ ഒരു സല്യൂട്ട് നല്‍കി. അദ്ദേഹത്തിന്റെ ജീവിത്തെക്കുറിച്ചും അദ്ദേഹത്തോടൊപ്പം സഹകരിക്കാനായ കാലത്തെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ ഞാന്‍ എന്നും നിധി പോലെ കാത്തുസൂക്ഷിക്കും.

ഓം ശാന്തി സര്‍…

(രാജ്യസഭാ എംപിയും പാര്‍ലമെന്റിന്റെ മുന്‍ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമാണ് ലേഖകന്‍)

Categories: FK Special, Slider