ലോക്‌സഭാ മണ്ഡലങ്ങളിലെ പണമൊഴുക്ക് ഇസിയുടെ നിരീക്ഷണത്തില്‍

ലോക്‌സഭാ മണ്ഡലങ്ങളിലെ പണമൊഴുക്ക് ഇസിയുടെ നിരീക്ഷണത്തില്‍

പണവും മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള 110ല്‍ അധികം മണ്ഡലങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ലോക്‌സഭാ സീറ്റുകളിലേക്കുള്ള പണമൊഴുക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തില്‍. പെതുതെരഞ്ഞെടുപ്പില്‍ പണാധികാരത്തിലൂടെ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള 110ല്‍ അധികം ലോക്‌സഭാ മണ്ഡലങ്ങള്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മൊത്തം 543 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതോടെ ഇത്തരത്തില്‍ പണംകൊണ്ട് സ്വാധീനിക്കാന്‍ സാധ്യതയുള്ള 150ല്‍ അധികം മണ്ഡലങ്ങളുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 23ന് വോട്ടെണ്ണും. തമിഴ്‌നാട്ടിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളും ആന്ധ്രാപ്രദേശ്, തെലങ്കാന, ബീഹാര്‍, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പകുതിയോളം മണ്ഡലങ്ങളുമാണ് പണംകൊണ്ട് സ്വാധീനിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവിടല്‍ നിരീക്ഷിക്കുന്നതിന് രണ്ട് ഉദ്യോഗസ്ഥരെ വീതം അയക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് ഒരു പ്രത്യേക ടീമും രൂപീകരിക്കും. ഇതാദ്യമായാണ് ഇത്തരമൊരു നടപടി കമ്മീഷന്‍ സ്വീകരിക്കുന്നത്.

അടുത്തിടെ രൂപീകരിച്ച മള്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഇലക്ഷന്‍ ഇന്റലിജന്‍സ് കമ്മിറ്റിയും (എംഡിഐസി) അനധികൃത പണമൊഴുക്ക് കണ്ടെത്തുന്നതിന് ഈ മണ്ഡലങ്ങളെ സൂക്ഷ്മ നിരീക്ഷണത്തില്‍ വെച്ചിട്ടുണ്ട്. പണം, മയക്കുമരുന്ന്, മദ്യം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ 112 മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കിയേക്കുമെന്നാണ് സംസ്ഥാന തലത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുള്ള ആദ്യ പ്രതികരണം. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലും നിരീക്ഷകരെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലാണ് തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും കൂടുതല്‍ പണം ഒഴുകുന്നത്. സംസ്ഥാനത്തെ 116 അസംബ്ലി മണ്ഡലങ്ങളും 16 ലോക്‌സഭാ മണ്ഡലങ്ങളും നിരീക്ഷണത്തിലാണ്. തെലങ്കാനയില്‍ 17 മണ്ഡലങ്ങളും ബിഹാറില്‍ 21 മണ്ഡലങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റഡാറിലുള്ളത്.

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളുടെ അന്തിമ ലിസ്റ്റ് ഉത്തര്‍പ്രദേശ് ഇതുവരെ നല്‍കിയിട്ടില്ല. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ത്രിപുര, അസം, കേരളം, കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡെല്‍ഹി, ചത്തീസ്ഗഡ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍, ദമാന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങള്‍ ഇതുവരെ ഇത്തരത്തില്‍ സാധ്യത ല്‍പ്പിക്കുന്ന മണ്ഡലങ്ങളുണ്ടെന്ന് സൂചന നല്‍കിയിട്ടില്ല.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,200 കോടി രൂപയുടെ അനധികൃത പചെലവിടലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 300 കോടി രൂപയുടെ പണം കണ്ടെത്തി. ആന്ധ്രാപ്രദേശില്‍ മാത്രം 124 കോടി രൂപയാണ് പിടികൂടിയത്. 700 കോടി രൂപയിലധികം വില വരുന്ന മയക്കുമരുന്നുകള്‍ പഞ്ചാബില്‍ നിന്ന് പിടികൂടി. അന്നുമുതല്‍ 2018 തുടക്കം വരെ നടന്നിട്ടുള്ള 21 സംസ്ഥാന തെരഞ്ഞെടുപ്പുകളിലായി മൊത്തം 1,837.52 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്.

Categories: FK News