ലോകം വരളുന്നു; ഇന്ത്യയും

ലോകം വരളുന്നു; ഇന്ത്യയും
  • 60 കോടി ഇന്ത്യക്കാര്‍ നേരിടുന്നത് അതീവ രൂക്ഷമായ ജലദൗര്‍ലഭ്യം
  • ചരിത്രത്തിലെ ഏറ്റവും വലിയ ജല പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ച് രാജ്യം
  • 70% കുടിവെള്ള സ്രോതസുകളും മലിനമാക്കപ്പെട്ടിരിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യ നേരിടുന്നത് അതീവ രൂക്ഷമായ ജലദൗര്‍ലഭ്യമെന്ന് റിപ്പോര്‍ട്ട്. 100 കോടി ഇന്ത്യക്കാര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജലദൗര്‍ലഭ്യത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ ‘വാട്ടര്‍എയ്ഡി’ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതീവ ഗുരുതരമായ ജല പ്രതിസന്ധി നേരിടുന്നത് 60 കോടിയിലേറെ ഇന്ത്യക്കാരാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നതെന്നും ‘ബെനീത്ത് ദ സര്‍ഫസ്: ദി സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്‌സ് വാട്ടര്‍ 2019’ എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ 75 ശതമാനം കുടുംബങ്ങള്‍ക്കും വീട്ടുപരിസരത്ത് കുടിവെള്ളം ലഭ്യമല്ല. ലഭ്യമായ കുടിവെള്ള സ്രോതസുകളുടെ 70 ശതമാനവും മലിനമാക്കപ്പെട്ടിരിക്കുകയാണ്. ജലലഭ്യത കുറഞ്ഞതോടെ ഭൂഗര്‍ഭ ജലചൂഷണം അതിരൂക്ഷമാണ്. ആഗോള തലത്തില്‍ ഏറ്റവുമധികം ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നതും ഇന്ത്യയാണ്; 24%. ആഗോള തലത്തിലെ മൂന്നാമത്തെ വലിയ ഭൂഗര്‍ഭ ജല കയറ്റുമതി രാഷ്ട്രവും ഇന്ത്യയാണ്. ആഗോള ഭൂഗര്‍ഭ ജല കയറ്റുമതിയുടെ 12 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇതിന്റെയെല്ലാം ഫലമായി 2000 നും 2010 നും ഇടയില്‍ ഇന്ത്യയിലെ ഭൂഗര്‍ഭ ജലം 23% കുറഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യക്തിക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ഉല്‍പ്പാദനത്തിന് ഏറ്റവുമധികം ജലം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിന ആവശ്യങ്ങള്‍ക്കായി 3,000 ലിറ്റര്‍ വെള്ളമാണ് ചെലവഴിക്കപ്പെടുന്നത്. ചൈനക്കാരനായി പ്രതിദിനം 2,900 ലിറ്റനും പാക്കിസ്ഥാന്‍കാരനായി 3,600 ലിറ്റര്‍ വെളഅളവും ഉപയോഗിക്കപ്പെടുന്നു. അമേരിക്കന്‍ പൗരന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ചെലവഴിക്കപ്പെടുന്നത് 7,800 ലിറ്റര്‍ ജലമാണ്. എന്നാല്‍ ജനസംഖാ പെരുപ്പം ഇ്ക്കാര്യത്തില്‍ ഇന്ത്യയെയും ചൈനയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ചൈനയിലെ 90 കോടി ആളുകളാണ് ജല ദൗര്‍ലഭ്യം അഭിമൂഖീകരിക്കുന്നത്. ബംഗ്ലാദേശിലെയും അമേരിക്കയിലെയും 13 കോടി ആളുകളും പ്രതിസന്ധി നേരിടുന്നുണ്ട്. 100 വര്‍ഷം മുന്‍പ് മനുഷ്യന്‍ ഉപയോഗിച്ചിരുന്നതിന്റെ ആറിരട്ടിയാണ് ഇപ്പോഴത്തെ ജല ഉപയോഗമെന്നും വാട്ടര്‍എയ്ഡ് ചൂണ്ടിക്കാട്ടുന്നു.

വെള്ളമൂറ്റുന്ന വിളകള്‍

കൂടുതല്‍ ജലം ആവശ്യമായ കൃഷി വ്യാപകമായതും ആഗോള ജല ദൗര്‍ലഭ്യതക്ക് കാരണമായിട്ടുണ്ട്. 22% ഭൂഗര്‍ഭ ജല ദൗര്‍ലഭ്യത്തിന് കാരണം ഗോതമ്പും 17 ശതമാനത്തിന് കാരണം അരിയുമാണ്.

വിള ഒരു കിലോ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട ജലം

ഗോതമ്പ് 1,827 ലിറ്റര്‍

അരി 2,500 ലിറ്റര്‍

പരുത്തി 22,500 ലിറ്റര്‍

കരിമ്പ് 2,000 ലിറ്റര്‍

അവോക്കാഡോ 2,000 ലിറ്റര്‍

മുന്നറിയിപ്പ്

2040 ആവുമ്പോഴേക്കും 15 ഗള്‍ഫ് രാഷ്ട്രങ്ങളും വടക്കന്‍ ആഫ്രിക്കയും പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനും തുര്‍ക്കിയും സ്‌പെയിനുമടക്കം 33 ലോക രാഷ്ട്രങ്ങള്‍ അതീവ ഗുരുതരമായ ജന പ്രതിസന്ധി നേരിടും. ഇന്ത്യയും ചൈനയും യുഎയും ഓസ്‌ട്രേലിയയും അല്‍പ്പം കൂടി കുറഞ്ഞ നിലയിലുള്ള പ്ര്തിസന്ധിയാവും അനുഭവിക്കുക. 2050 ഓടെ ലോക ജനസംഖ്യയുടെ 500 കോടിക്കും ജലം കിട്ടാക്കനിക്ക് തു്‌ല്യമാകും. ലണ്ടന്‍, ടോക്കിയോ, മോസ്‌കോ തുടങ്ങിയ നഗരങ്ങളും പ്രതിസന്ധിയുടെ നെല്ലിപ്പലക കാണും.

വരണ്ടുണങ്ങി കേരളവും

പ്രളയത്തിന് ശേഷം കേരളം നേരിടുന്നത് സമാനതകളില്ലാത്ത വരള്‍ച്ചാ പ്രതിസന്ധി. മാപിനികളെ അമ്പരപ്പിച്ച ഉയരുന്ന ചൂടും അതിവേഗം താഴുന്ന ഭൂഗര്‍ഭ ജല വിതാനവും ആശങ്ക വര്‍ധിപ്പിക്കുന്നു. മേല്‍മണ്ണ് നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ക്ക് മളവെള്ളത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ ബെഗളൂരു, ഡെല്‍ഹി, ചെന്നൈ അടക്കം 21 നഗരങ്ങളിലെ ഭൂഗര്‍ഭ ജലം വറ്റി വരളുമെന്ന് നിതി ആയോഗും മുന്നറിയിപ്പ് നല്‍കുന്നു

Categories: FK Special, Slider