എഫ്‌ഐഐകള്‍ ഓഹരി സൂചികകളെ പുതിയ ഉയരത്തിലേക്ക് നയിക്കും

എഫ്‌ഐഐകള്‍ ഓഹരി സൂചികകളെ പുതിയ ഉയരത്തിലേക്ക് നയിക്കും

മാര്‍ച്ച് മാസം ഇതുവരെ 17,055 കോടി രൂപയാണ് വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുക്കിയത്

ന്യൂഡെല്‍ഹി: വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ (എഫ്‌ഐഐകള്‍) ആവേശമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഭ്യന്തര ഓഹരി സൂചികകളുടെ മുന്നേറ്റത്തില്‍ പ്രതിഫലിക്കുന്നത്. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വാങ്ങാന്‍ ആരംഭിച്ചതാണ് മാര്‍ച്ച് മാസത്തിന്റെ തുടക്കം മുതല്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രതീക്ഷകളാണ് വിപണിയിലേക്കുള്ള എഫ്‌ഐഐകളുടെ പണമൊഴുക്ക് വര്‍ധിക്കാന്‍ കാരണം. ഇതേ പ്രവണത തുടരുകയാണെങ്കില്‍ പൊതുതെരഞ്ഞെടുപ്പിനുമുന്‍പ് ആഭ്യന്തര ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

മാര്‍ച്ച് മാസം ഇതുവരെയുള്ള കണക്കെടുത്താല്‍ 17,055 കോടി രൂപയാണ് വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുക്കിയിട്ടുള്ളത്. 2017 നവംബര്‍ മുതലുള്ള കാലയളവില്‍ എഫ്‌ഐഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നടത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ബാങ്കിംഗ് ഓഹരികളാണ് ഈ ആവേശ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിട്ടുള്ളത്. പ്രധാന ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും കുതിപ്പ് തുടരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

നിഫ്റ്റി സൂചികയില്‍ ഏകദേശം 38 ശതമാനം പങ്കാളിത്തം വരുന്നത് ധനകാര്യമേഖലയില്‍ നിന്നാണെന്നതാണ് അതിന്റെ പ്രധാന കാരണം. ഇന്ത്യയെ സംബന്ധിച്ച് മികച്ച പ്രാതിനിധ്യമാണിതെന്നും ഏഞ്ചല്‍ ബ്രോക്കിംഗ് പോര്‍ട്ട്‌ഫോളിയോ മാനേജര്‍ മയൂരേഷ് ജോഷി പറഞ്ഞു. രണ്ടാമതായി, ഉപഭോക്തൃ ചെലവിടലില്‍ നിന്നും നേട്ടമുണ്ടാക്കുന്നതിനുള്ള സാധ്യതകള്‍ സ്വകാര്യ ബാങ്കുകള്‍ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും എഫ്‌ഐഐകള്‍ ഗൗരവപൂര്‍വ്വം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത് പൊതുമേഖലാ ബാങ്കിംഗ് ഓഹരികളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നിലവില്‍ രണ്ട് വ്യത്യസ്ത പ്രേരണകളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ ശക്തമായ റീട്ടെയ്ല്‍ വളര്‍ച്ച രേഖപ്പെടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും എന്‍പിഎ പ്രതിസന്ധി പരഹരിക്കപ്പെടുന്നതോടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനായേക്കുമെന്നും മയൂരേഷ് ജോഷി വിശദീകരിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഒരു സുസ്ഥിര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന വിശ്വാസത്തിലാണ് ഓഹരി സൂചികകളുടെ മുന്നേറ്റം പ്രവചിച്ചിട്ടുള്ളത്. പ്രീ-പോള്‍, എക്‌സിറ്റ് പോള്‍ സര്‍വേകളെയും വിലയിരുത്തലുകളെയും ആശ്രയിച്ചായിരിക്കും നിക്ഷേപകരുടെ പണമൊഴുക്കെന്നും വിപണി നിരീക്ഷകര്‍ വ്യക്തമാക്കി.

എഫ്‌ഐഐകളുടെ ആവേശം മാത്രമല്ല വിപണിക്ക് കരുത്ത് പകര്‍ന്നിട്ടുള്ളത്. യുഎസ് ഡോളറിനെതിരെ രൂപ ഗംഭീര മുന്നേറ്റം നടത്തുന്നതെന്നും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയിലായി രൂപ കരുത്താര്‍ജിക്കുന്നതാണ് കണ്ടതെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസില്‍ നിന്നുള്ള ദീപക് ജസാനി പറഞ്ഞു. എന്നാല്‍, എഫ്പിഐകള്‍ ഏതെങ്കില്‍ തരത്തില്‍ ഓഹരി വിറ്റഴിക്കുന്നതിലേക്ക് നീങ്ങിയാല്‍ അത് വിപണി വികാരത്തെ സ്വാധീനിക്കുമെന്നും ഓഹരി സൂചികകളെ നഷ്ടത്തിലേക്ക് നയിക്കുമെന്നും ജസാനി മുന്നറിയിപ്പ് നല്‍കി.

അതേസമയം പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രതീക്ഷകള്‍ തദ്ദേശീയ നിക്ഷേപകരെയും വിപണിയിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ജസാനി പറഞ്ഞു. നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള പങ്കും ദീപക് ജസാനിയും അംഗീകരിച്ചിട്ടുണ്ട്. ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കോര്‍പ്പറേറ്റ് ഭരണ നിര്‍വഹണം, പ്രതിഫലം, നിയമനം, ഇന്നൊവേഷന്‍, ഏകീകരണം തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ജസാനി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy