ഇ-സിഗരറ്റ് വിഷകാരി

ഇ-സിഗരറ്റ് വിഷകാരി

ഇ-സിഗരറ്റ്, ഇലക്ട്രിക് ഹുക്ക തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വ്യാപനം സാദാ സിഗററ്റുകളേക്കാള്‍ ഹാനികരമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇ-സിഗാരറ്റുകളും അതിന്റെ ബദലുകളും ദോഷകരമാണെന്ന് തെളിയിക്കാനുള്ള കൃത്യമായ തെളിവുകള്‍ ഇപ്പോള്‍ ഉണ്ട്. അകാല മരണത്തിനും മാരകരോഗങ്ങള്‍ക്കും കാരണമാവുന്ന പുകയില ഉല്‍പന്നങ്ങളേക്കാള്‍ ഇ- സിഗരറ്റുകള്‍ ദോഷകരമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ-സിഗരറ്റ്, വാപി, ഇ-ഷീഷ, ഇ-ഹുക്ക തുടങ്ങിയവയില്‍ നിന്ന് വിഷകരമായ സംയുക്തങ്ങള്‍ ശരീരത്തില്‍ പ്രവേശിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശരിവെക്കാമെന്ന് സര്‍ക്കാര്‍ പാനല്‍ വ്യക്തമാക്കി. ഇതിനെ അനുകൂലിക്കുന്ന 251 പഠനങ്ങളും റിപ്പോര്‍ട്ടുകളും പഠിച്ചാണ് കമ്മിറ്റി അതിന്റെ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ഈ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ ദോഷകരവും വിഷബാധ ഉണ്ടാക്കുന്നതുമാണെന്ന് കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഇതിന്റെ പരസ്യ തന്ത്രങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും സമിതി ചൂണ്ടിക്കാട്ടി. ഒരു ദോഷവുമില്ലാത്ത ഉല്‍പന്നമാണെന്ന പ്രചാരണത്തിലൂടെ കൗമാരക്കാരെ ലക്ഷ്യം വെച്ചുകൊണ്ടാണ് പരസ്യങ്ങള്‍ മെനഞ്ഞിരുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ കൗമാരക്കാരെ ദുശ്ശീലത്തിന് അടിമകളാക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

എയിംസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച്, പബ്ലിക് ഹെല്‍ത്ത് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍സ് എന്നിവയിലെ ഡോക്റ്റര്‍മാരാണ് പാനലില്‍ ഉള്‍പ്പെടുന്നത്. ഈ ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് കാണിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവയുടെ നിര്‍മ്മാതാക്കള്‍ എതിര്‍വാദഗതികള്‍ ഇതേവരെ തള്ളിക്കളയുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാനല്‍ നിര്‍ദേശങ്ങള്‍ പ്രസക്തമാകുന്നത്.

Categories: Health
Tags: E-cigarette