വാങ്ങാം.. ഏറ്റവും താങ്ങാവുന്ന വിലയിലൊരു ബുഗാട്ടി

വാങ്ങാം.. ഏറ്റവും താങ്ങാവുന്ന വിലയിലൊരു ബുഗാട്ടി

34,000 യുഎസ് ഡോളറാണ് വില. ഏകദേശം 25 ലക്ഷം ഇന്ത്യന്‍ രൂപ

പാരിസ് : വെയ്‌റോണ്‍, ഷിറോണ്‍ തുടങ്ങിയ ഹൈപ്പര്‍കാറുകളുടെ സ്രഷ്ടാവായ ബുഗാട്ടിയില്‍നിന്ന് ഏറ്റവും താങ്ങാവുന്ന വിലയിലൊരു ഉല്‍പ്പന്നം പുറത്ത്. എന്നാല്‍ ഇതൊരു ടോയ് കാറാണ്. ‘ബുഗാട്ടി ബേബി 2’ എന്ന ഇലക്ട്രിക് റൈഡ്-ഓണ്‍ കാറാണ് പുറത്തിറക്കിയിരിക്കുന്നത്. ബേബി 1 ടോയ്കാറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ബേബി 2 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാം. 34,000 യുഎസ് ഡോളറാണ് വില. ഏകദേശം 25 ലക്ഷം ഇന്ത്യന്‍ രൂപ.

പകുതി വലുപ്പമുണ്ടായിരുന്ന ബുഗാട്ടി ടൈപ്പ് 35 റേസ് കാര്‍ റെപ്ലിക്കയുടെ ആധുനിക പതിപ്പാണ് ബുഗാട്ടി ബേബി 2. ബുഗാട്ടി സ്ഥാപകന്‍ എറ്റോറി ബുഗാട്ടി ഏതാണ്ട് നൂറ് വര്‍ഷം മുമ്പ് തന്റെ മകനുവേണ്ടി നിര്‍മ്മിച്ചതാണ് ഹാഫ് സ്‌കെയില്‍ ടൈപ്പ് 35 റേസ് കാറിന്റെ പകര്‍പ്പ്. 1927 മുതല്‍ 1936 വരെ നിര്‍മ്മിച്ച ബേബി 1 കുട്ടികള്‍ക്കുവേണ്ടി മാത്രമായിരുന്നെങ്കില്‍ കുറേക്കൂടി വലിയ അനുപാതങ്ങളില്‍ നിര്‍മ്മിച്ച ബേബി 2 മുതിര്‍ന്നവര്‍ക്കും ഓടിക്കാന്‍ കഴിയും.

ഇലക്ട്രിക് മോട്ടോറിലോടുന്ന ടോയ് കാറിന് ചൈല്‍ഡ്, അഡല്‍റ്റ് എന്നീ രണ്ട് പവര്‍ മോഡുകള്‍ നല്‍കിയിരിക്കുന്നു. ചൈല്‍ഡ് മോഡ് ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 20 കിലോമീറ്ററായി നിയന്ത്രിക്കപ്പെടും. 1.3 ബിഎച്ച്പി കരുത്ത് മാത്രമായിരിക്കും ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ അഡല്‍റ്റ് മോഡിലാണെങ്കില്‍ മണിക്കൂറില്‍ 45 കിലോമീറ്ററാണ് ടോപ് സ്പീഡ്. ബുഗാട്ടി ഷിറോണ്‍ പോലെ, ‘സ്പീഡ് കീ’ ബേബി 2 ടോയ് കാറിന്റെ സവിശേഷതയാണ്. സ്പീഡ് കീ ഉപയോഗിച്ച് ഇലക്ട്രിക് മോട്ടോറില്‍നിന്ന് 13 കുതിരകളെയും കെട്ടഴിച്ചുവിടാന്‍ സാധിക്കും.

ബുഗാട്ടി മാനദണ്ഡങ്ങളെല്ലാം അനുസരിച്ചാണ് കമ്പനി തങ്ങളുടെ മിക്ക താങ്ങാവുന്ന കാറുകളും നിര്‍മ്മിക്കുന്നത്. അലുമിനിയം ഡാഷ്‌ബോര്‍ഡ്, തുകല്‍ സീറ്റ്, പഴയ ഫാഷനിലുള്ള ടൈപ്പ് 35 സ്റ്റൈല്‍ 4 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ബുഗാട്ടി ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയെല്ലാം നല്‍കിയിരിക്കുന്നു. നിങ്ങളുടെ ഷിറോണിന്റെ അതേ കളര്‍ സ്‌കീം ബേബി 2 വാഹനത്തിനായി തെരഞ്ഞെടുക്കാന്‍ സാധിക്കും. 8 സ്‌പോക്ക് അലുമിനിയം അലോയ് വീലുകള്‍, പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന ഹെഡ്‌ലൈറ്റുകള്‍ എന്നിവ ഓപ്ഷണല്‍ എക്‌സ്ട്രാ ആയി ചേര്‍ക്കാം.

34,000 യുഎസ് ഡോളര്‍ വിലയുള്ള ബുഗാട്ടി ബേബി 2 അത്ര വില കുറഞ്ഞ കാറാണെന്ന് പറയാന്‍ കഴിയില്ല. അമേരിക്കയിലുള്ളവര്‍ക്ക്, കുറച്ചുകൂടി ഡോളര്‍ ചേര്‍ത്താല്‍ ടെസ്‌ല മോഡല്‍ 3 ലഭിക്കും. 500 യൂണിറ്റ് ‘ബുഗാട്ടി ബേബി 2’ മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന്റെ ആവശ്യമില്ല.

Comments

comments

Categories: Auto