ഡിഷ് ടിവിയെ ഏറ്റെടുക്കാന്‍ ഒരുങ്ങി എയര്‍ടെല്‍

ഡിഷ് ടിവിയെ ഏറ്റെടുക്കാന്‍ ഒരുങ്ങി എയര്‍ടെല്‍

അരങ്ങൊരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ടിവി ചാനല്‍ വിതരണ കമ്പനിക്ക്

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ വരവോടെ വരുമാനത്തില്‍ കുത്തനെ ഇടിവ് നേരിട്ട എയര്‍ടെല്‍ വീണ്ടും ശക്തമായി മുന്നോട്ടെത്താനുള്ള ശ്രമത്തിലാണ്. ടെലികോമിനു പുറത്തുള്ള ബിസിനസുകള്‍ പ്രത്യേകമായി ക്രമീകരിച്ചും മിനിമം വരുമാനം ലഭ്യമാക്കാത്ത ഉപയോക്താക്കള്‍ക്കുള്ള സേവനം വെട്ടിക്കുറച്ചും പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചുമെല്ലാമാണ് എയര്‍ടെല്‍ മുന്നോട്ടുപൊകുന്നത്. ഇപ്പോള്‍ ഡിടിഎച്ച് രംഗത്തും ജിയോയ്ക്ക് കനത്ത മല്‍സരമുയര്‍ത്താനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. ഡിഷ് ടിവിയെ തങ്ങളുടെ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയുമായി ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് കമ്പനി തുടക്കമിട്ടിട്ടുണ്ട്.
ചര്‍ച്ചകള്‍ പുരോഗമിക്കുയാണൈന്നും അന്തിമഫലം പറയാനാകില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇരു കമ്പനികളും ചര്‍ച്ചകള്‍ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രണ്ട് കമ്പനികളും കൂടിച്ചേരുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ടിവി ചാനല്‍ വിതരണ കമ്പനിയായി അത് മാറും. 38 മില്യണ്‍ ഉപയോക്താക്കളും ഇന്ത്യയിലെ ഡിടിഎച്ച് വിപണിയുടെ 61ല ശതമാനം വിഹിതവുമായിരിക്കും പുതിയ കമ്പനിക്കുണ്ടാകുക. ഹാത്‌വേ കേബിള്‍ & ഡാറ്റാകോം, ഡെന്‍നെറ്റ് വര്‍ക്‌സ് എന്നീ കമ്പനികളുടെ നിയന്ത്രണാധികാരം റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഡിഷ് ടിവിയില്‍ വിഡിയോകോണ്‍ ഡി2എച്ച് ലയിച്ചിരുന്നു. ഇന്ത്യന്‍ ഡിടിഎച്ച് വിപണിയിലെ ഏകീകരണ പ്രവണതകള്‍ക്ക് തുടക്കമിട്ടതും ഈ ഇടപാടാണ്. 6 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു ഡിടിഎച്ച് വിപണി ഇന്ത്യയായിരിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തേ എയര്‍ടെല്‍ തങ്ങളുടെ ഡിടിഎച്ച് ബിസിനസിനെ ടാറ്റാ സ്‌കൈയ്ക്ക് വില്‍ക്കുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും അംഗീകരിക്കാനാകുന്ന ഒരു കരാറില്‍ എത്തിച്ചേരാനായില്ല.

2017 ഡിസംബറില്‍ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയുടെ ഹോള്‍ഡിംഗ് കമ്പനിയായ എയര്‍ടെല്‍ ടെലിമീഡിയയുടെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ ഇക്വിറ്റി സംരംഭമായ വാര്‍ബര്‍ഗ് പിന്‍കസിന് കൈമാറിയിരുന്നു. 350 മില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്. 11,300 കോടി രൂപയുടെ മൂല്യമാണ് അന്ന് എയര്‍ടെലിന്റെ ഡിടിഎച്ച് ബിസിനസിന് കണക്കാക്കിയിരുന്നത്.
ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യയുടെ ഡാറ്റ പ്രകാരം 2018 സെപ്റ്റംബറില്‍ 37 ശതമാനം വിഹിതത്തോടെ ഇന്ത്യന്‍ ഡിടിഎച്ച് വിപണിയില്‍ ഒന്നാം സ്ഥാനത്താണ് ഡിഷ് ടിവിയുള്ളത്. 7,263.75 കോടി രൂപയുടെ വിപണി മൂലധനമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 15ലെ കണക്ക് പ്രകാരം കമ്പനിക്കുള്ളത്. വിഡിയോകോണ്‍ ഡി2എച്ചുമായുള്ള ലയനത്തിന്റെ ഘട്ടത്തില്‍ 17,000 കോടി രൂപയുടെ വിപണി മൂലധനത്തിലേക്ക് ലയനത്തിനു ശേഷം എത്താനാകുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. 27 ശതമാനം വിഹിതത്തോടെ ടാറ്റാ സ്‌കൈ ആണ് വിപണിയില്‍ രണ്ടാം സ്ഥാനത്ത്. 24 ശതമാനം വിഹിതമാണ് എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിക്ക് ഇന്ത്യന്‍ ഡിടിഎച്ച് വിപണിയില്‍ ഉള്ളത്.

Comments

comments

Categories: FK News
Tags: Airtel, DishTV

Related Articles