ബഹിരാകാശത്തേക്കൊരു യാത്രാവിമാനം സാധ്യതകള്‍ ആരാഞ്ഞ് യുഎഇ ബഹിരാകാശ ഏജന്‍സി

ബഹിരാകാശത്തേക്കൊരു യാത്രാവിമാനം സാധ്യതകള്‍ ആരാഞ്ഞ് യുഎഇ ബഹിരാകാശ ഏജന്‍സി

റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗാലാറ്റിക് ബഹിരാകാശ വിമാനക്കമ്പനിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

അബുദബി: അല്‍ എയിന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ബഹിരാകാശത്തേക്ക് സഞ്ചാരികള്‍ക്കായുള്ള വാണിജ്യ യാത്രാവിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് യുഎഇ ബഹിരാകാശ ഏജന്‍സി. ബ്രിട്ടീഷുകാരനായ ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ബഹിരാകാശ വിമാനക്കമ്പനിയായ വിര്‍ജിന്‍ ഗാലാറ്റികുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎഇ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി.

അബുദബിയിലെ മുബദാലാ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്ക് ഭാഗിക പങ്കാളിത്തമുള്ള കമ്പനിയാണ് വിര്‍ജിന്‍ ഗാലാറ്റിക്. ബഹിരാകാശ ടൂറിസം ലക്ഷ്യമാക്കിയുള്ള വിര്‍ജിന്‍ ഗലാറ്റികിന്റെ വിഎസ്എസ് യൂണിറ്റി എന്ന സ്‌പെയ്‌സ്ഷിപ്പ് ടു പേടകം കഴിഞ്ഞ ഫെബ്രുവരിയില്‍ കാലിഫോര്‍ണിയയിലെ മോജേവ് മരുഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നിരുന്നു. ബെത് മോസെസ് എന്ന യാത്രികനും രണ്ട് പൈലറ്റുമാരും അടക്കം മൂന്ന് പേരാണ് സ്‌പെയ്‌സ്ഷിപ്പ് ടുവിന്റെ വിജയകരമായ പരീക്ഷണപ്പറക്കലിന്റെ ഭാഗമായത്. ഏകദേശം 89.9 കി.മീ ദൂരമാണ് അന്ന് സ്‌പെയ്‌സ്ഷിപ്പ് ടു താണ്ടിയത്.

ബഹിരാകാശ ടൂറിസം രംഗത്ത് വിര്‍ജിന്‍ ഗാലാറ്റിക് കമ്പനിയുമായുള്ള പങ്കാളിത്തം യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്റ്റര്‍ മുഹമ്മദ് അല്‍ അബാബി സ്ഥിരീകരിച്ചു. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് തിരക്ക് കുറഞ്ഞ വിമാനത്താവളം ആയതിനാലാണ് അല്‍ എയിന്‍ വിമാനത്താവളത്തെ ബഹിരാകാശ വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള കേന്ദ്രമായി വിര്‍ജിന്‍ ഗാലാറ്റിക് തെരഞ്ഞെടുത്തതെന്ന് അല്‍ അബാബി പറഞ്ഞു.

2010ലാണ് ഇപ്പോള്‍ മുബദാലായ്ക്ക് കീഴിലുള്ള അബുദബിയിലെ ആബാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് വിര്‍ജിന്‍ ഗാലാറ്റികില്‍ 31.8 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. 2018 ഡിസംബറില്‍ വിര്‍ജിന്‍ ഗാലാറ്റിക് ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വേളയില്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് എമിറാറ്റി പതാക സമ്മാനമായി നല്‍കിയിരുന്നു. ബഹിരാകാശ ശാസ്ത്രത്ത് രംഗത്ത് യുഎഇ വെച്ച്പുലര്‍ത്തുന്ന ദര്‍ശനങ്ങള്‍ക്കും സമീപനങ്ങള്‍ക്കും രാജ്യം നടത്തുന്ന ഇടപെടലുകള്‍ക്കും ഉള്ള ആദരസൂചകമായാണ് സമ്മാനം നല്‍കുന്നതെന്ന് ആ അവസരത്തില്‍ ബ്രാന്‍സണ്‍ പറഞ്ഞിരുന്നു.

വരണ്ട കാലാവസ്ഥയും യുഎഇയിലെ മറ്റ് വിമാനത്താവങ്ങളെ അപേക്ഷിച്ച് തിരക്കുകളില്ലാത്ത റണ്‍വേകളും പരിഗണിച്ച് ഫ്രാന്‍സിലെ എയര്‍ബസ് വിമാനക്കമ്പനി കൂടുതല്‍ താപനിലകളില്‍ പ്രവര്‍ത്തിക്കുന്ന എ350 പോലുള്ള പുതിയ വിമാനങ്ങളുടെ പരീക്ഷണപ്പറക്കലിന് അല്‍ എയിന്‍ വിമാനത്താവളം തെരഞ്ഞെടുത്തിട്ടുണ്ട്.

Categories: Arabia
Tags: Space agency