യുഎഇയിലെ ആകെ നിക്ഷേപങ്ങളില്‍ 88 ശതമാനവും സ്റ്റാര്‍ട്ടപ്പുകളില്‍

യുഎഇയിലെ ആകെ നിക്ഷേപങ്ങളില്‍ 88 ശതമാനവും സ്റ്റാര്‍ട്ടപ്പുകളില്‍

എഐഎം സ്റ്റാര്‍ട്ടപ്പ് നിക്ഷേപക സംഗമം ഏപ്രിലില്‍ നടക്കും

ദുബായ് യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കഴിഞ്ഞ വര്‍ഷം നേടിയത് 31.36 മില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍. മേഖലയില്‍ ആകെയുണ്ടായ നിക്ഷേപങ്ങളില്‍ 88 ശതമാനവും സ്റ്റാര്‍ട്ടപ്പ് രംഗത്താണ് നടന്നിരിക്കുന്നതെന്ന് വിവിധ സംഘടനകള്‍ വ്യക്തമാക്കി. ഏപ്രിലിലെ എഐഎം സ്റ്റാര്‍ട്ടപ് നിക്ഷേപക സംഗമത്തിന് മുന്നോടിയായാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

പ്രാദേശിക സേവനങ്ങള്‍, ഇ-കൊമേഴ്‌സ് സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ആകെ 44 ശതമാനത്തിന്റെ നിക്ഷേപങ്ങളാണ് നടന്നിരിക്കുന്നത്. ലോജിസ്റ്റിക്‌സ്-9.3 ശതമാനം, സോഫ്റ്റ്‌വെയര്‍-7.1 ശതമാനം, മീഡിയ-4.6 ശതമാനം, വിദ്യാഭ്യാസം-4.6 ശതമാനം, ഗതാഗതം-4.6 ശതമാനം എന്നിങ്ങനെ പോകുന്നു മറ്റ് മേഖലകളിലെ നിക്ഷേപങ്ങള്‍.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എഐഎം സ്റ്റാര്‍ട്ടപ്പ് സംഘാടക സമിതി ചെയര്‍മാന്‍ ദാവൂദ് അല്‍ ഷെസാവി പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിച്ചവെച്ച് തുടങ്ങുന്ന ഒരു മേഖലയായി കരുതപ്പെട്ടിരുന്ന സ്റ്റാര്‍ട്ടപ്പ് മേഖല ഇന്ന് ഏറെ ദൂരം മുന്നോട്ട് പോയി മുഖ്യധാര ബിസിനസ് സംസ്‌കാരത്തില്‍ സ്വന്തമായൊരു ഇടം നേടിക്കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിക്ഷേപകരെയും ബിസിനസ് പങ്കാളികളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം മുന്‍കൈ എടുത്ത് നടത്തുന്ന പരിപാടിയാണ് എഐഎം സ്റ്റാര്‍ട്ടപ്പ് നിക്ഷേപക സംഗമം. യുഎഇയുടെ വാര്‍ഷിക നിക്ഷേപക സംഗമത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടി മൂലധന സമാഹരണം ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറെ സഹായകമാണ്.

സ്റ്റാര്‍ട്ടപ്പ് രംഗത്തെ എല്ലാ മേഖലകളിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും ഫിന്‍ടെക്, സൈബര്‍ സെക്യൂരിറ്റി ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പുകളിലാണ് പ്രകടമായ വളര്‍ച്ച ദൃശ്യമായത്. റോബോട്ടിക്‌സ്, വിര്‍ച്വല്‍ റിയാലിറ്റി, ഇന്റെര്‍നെറ്റ് ഓഫ് തിങ്ക്‌സ് തുടങ്ങിയ രംഗങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെ അടിമുടി മാറ്റിമറിക്കുകയാണ്. ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കൈവരിച്ചിരിക്കുന്ന പുരോഗതി കണക്കിലെടുത്താല്‍ വരുംവര്‍ഷങ്ങള്‍ വലിയ കുതിപ്പിനാണ് സാക്ഷ്യം വഹിക്കുകയെന്ന് അല്‍ ഷെസെവി പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Arabia
Tags: investments