ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ഉദരത്തില്‍നിന്ന് 40 കിലോ പ്ലാസ്റ്റിക് കണ്ടെടുത്തു

ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ഉദരത്തില്‍നിന്ന് 40 കിലോ പ്ലാസ്റ്റിക് കണ്ടെടുത്തു

മനില(ഫിലിപ്പീന്‍സ്): ഫിലിപ്പീന്‍സില്‍ കടല്‍ത്തീരത്ത് കഴിഞ്ഞ ദിവസം ചത്തടിഞ്ഞ തിമിംഗലത്തിന്റെ ഉദരത്തില്‍നിന്ന് 40 കിലോ പ്ലാസ്റ്റിക് കണ്ടെടുത്തു. തിമിംഗലം ചത്തത് പട്ടിണി മൂലമാണെന്നു പരിശോധനയില്‍ വ്യക്തമായി. ഉദരത്തില്‍ നേരത്തേ പ്ലാസ്റ്റിക് ബാഗ് എത്തിച്ചേര്‍ന്നതിനാല്‍ തിമിംഗലത്തിന് ഒന്നും കഴിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണു പട്ടിണി മൂലം ചത്തത്. 16 അരി ചാക്ക്, പിന്നെ കുറച്ച് ഗ്രോസറി ബാഗുകളുമാണു തിമിംഗലത്തിന്റെ വയറ്റില്‍നിന്നും കണ്ടെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മബിനി ടൗണിലുള്ള തീരത്ത് 15.7 അടി നീളമുള്ള തിമിംഗലം അടിഞ്ഞത്. ലോകത്തില്‍ സമുദ്രം ഏറ്റവുമധികം മലിനപ്പെടുന്ന രാജ്യങ്ങളിലൊന്നാണു ഫിലിപ്പീന്‍സ്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിനെ (single-use plastic) ഏറ്റവുമധികമായി ആശ്രയിക്കുന്ന രാജ്യം കൂടിയാണു ഫിലിപ്പീന്‍സ്. പലപ്പോഴും പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നത് സമുദ്രങ്ങളിലാണ്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് സഞ്ചി ഉള്‍പ്പെടെ ഒരുവര്‍ഷം 60 ബില്യന്‍ സഞ്ചിയാണു ഫിലിപ്പീന്‍സില്‍ ഉത്പാദിപ്പിക്കുന്നതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലാന്‍ഡ് തുടങ്ങിയ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്ലാസ്റ്റി്ക് മാലിന്യങ്ങളുടെ 60 ശതമാനവും സമുദ്രങ്ങളിലാണു പുറന്തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുറന്തള്ളുന്ന തോത് വര്‍ധിച്ചു വരുന്നത് തിമിംഗലങ്ങളെയും ആമകളെയും പോലുള്ള വന്യജീവികള്‍ക്കു ഭീഷണിയാവുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ തെക്കന്‍ തായ്‌ലാന്‍ഡില്‍ എട്ട് കിലോ തൂക്കം വരുന്ന 80 പ്ലാസ്റ്റിക് ബാഗുകള്‍ ഭക്ഷിച്ചതിനെ തുടര്‍ന്നു ഒരു തിമിംഗലം ചത്ത് തീരത്തടിഞ്ഞിരുന്നു. തായ്‌ലാന്‍ഡില്‍ ഓരോ വര്‍ഷവും പ്ലാസ്റ്റിക് ഭക്ഷിക്കുന്നതിനെ തുടര്‍ന്നു കടലാമകള്‍, തിമിംഗലം, സ്രാവുകള്‍ എന്നിവ ഉള്‍പ്പെടുന്ന ചത്തടിയുന്ന സമുദ്രജീവികള്‍ 300-ലേറെ വരുമെന്നു മറൈന്‍ ബയോളജിസ്റ്റുകള്‍ പറയുന്നു.

Comments

comments

Categories: FK News
Tags: Dead whale