പശ്ചിമേഷ്യയിലെ സ്വതന്ത്ര വ്യാപാര മേഖലകളില്‍ 30 ശതമാനവും ദുബായില്‍

പശ്ചിമേഷ്യയിലെ സ്വതന്ത്ര വ്യാപാര മേഖലകളില്‍ 30 ശതമാനവും ദുബായില്‍

സ്വതന്ത്ര മേഖലകള്‍ വഴിയുള്ള വ്യാപാരത്തില്‍ 22 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ദുബായില്‍ റിപ്പോര്‍ട്ട് ചെയ്തത്

ദുബായ്: സ്വതന്ത്ര മേഖല വ്യാപാരത്തില്‍ വന്‍ പുരോഗതി കൈവരിച്ച് ദുബായ്. പശ്ചിമേഷ്യയിലെ സ്വതന്ത്ര വ്യാപാര മേഖലകളില്‍ 30 ശതമാനവും ദുബായിലാണ്. 2018ലെ ആദ്യ മാസങ്ങളില്‍ 107 ബില്യണ്‍ ഡോളറിന്റെ സ്വതന്ത്ര മേഖല വ്യാപാരമാണ് ദുബായില്‍ നടന്നത്. വാര്‍ഷിക നിക്ഷേപ സംഗമത്തിന്(എഐഎം) മുന്നോടിയായി പുറത്തുവിട്ട കണക്കുകളിലാണ് സ്വതന്ത്ര വ്യാപാര മേഖലയില്‍(ഫ്രീ സോണ്‍) ദുബായ് ഏറെ നേട്ടങ്ങള്‍ കൈവരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഉള്ളത്.

പശ്ചിമേഷ്യയിലെ ആകെയുള്ള 160 സ്വതന്ത്ര വ്യാപാര മേഖലകളില്‍ 30 ശതമാനവും ദുബായിലാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം സ്വതന്ത്ര വ്യാപാര മേഖലകളുള്ളത് ഏഷ്യയിലാണ്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നീ മേഖലകളാണ് തുടര്‍സ്ഥാനങ്ങളില്‍.

തിരക്കുകളുടെ ഇന്നത്തെ ലോകത്ത് അനന്തമായ സാധ്യതകളുള്ള വ്യാപാര മേഖല മാത്രമല്ല സ്വതന്ത്ര വ്യാപാര മേഖലകളെന്ന് എഐഎം സംഘാടക സമിതി സിഇഒ ആയ ദാവൂദ് അല്‍ ഷെസാവി അഭിപ്രായപ്പെട്ടു. നിയമപരവും നിക്ഷേപപരവുമായ ഗുണങ്ങള്‍ ലഭ്യമായ സ്വതന്ത്ര വ്യാപാര മേഖലകള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കൊണ്ടും സുഗമമവും ലളിതവുമായ വ്യാപാരങ്ങള്‍ സാധ്യമാക്കി കൊണ്ടും സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്ന മത്സരാത്മക ബിസിനസ് മാതൃകയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2018ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ദുബായില്‍ സ്വതന്ത്ര മേഖലകള്‍ വഴിയുള്ള വ്യാപാരത്തില്‍ 22 ശതമാനം വളര്‍ച്ചയുണ്ടായതായി കഴിഞ്ഞ ഡിസംബറില്‍ ദുബായ് സ്വതന്ത്ര വ്യാപാരമേഖല കൗണ്‍സില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാലയളവില്‍ ദുബായിലെ ആകെ വ്യാപാരത്തില്‍ 41 ശതമാനവും സ്വതന്ത്ര വ്യാപാര മേഖലകള്‍ വഴിയാണ് നടന്നത്. ഏകദേശം 107 ബില്യണ്‍ ഡോളറിന്റെ സ്വതന്ത്ര മേഖല വ്യാപാരമാണ് ഈ കാലയളവില്‍ ഉണ്ടായതെന്ന് ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍സ് സെന്റര്‍, ജബെല്‍ അലി തുറമുഖ മേഖല അടക്കമുള്ള ദുബായിലെ 24ഓളം സ്വതന്ത്ര വ്യാപാര മേഖലകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്വതന്ത്ര വ്യാപാര കൗണ്‍സില്‍ അന്ന് വ്യക്തമാക്കിയിരുന്നു.

ചൈനയാണ് ദുബായുടെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര പങ്കാളി. ഏകദേശം 16 ബില്യണ്‍ ഡോളറിന്റെ( 59 ബില്യണ്‍ ദിര്‍ഹം) വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ 2018ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ നടന്നത്. സൗദി അറേബ്യ (9.3 ബില്യണ്‍ ഡോളര്‍), ഇന്ത്യ(9.2 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് രണ്ട് മൂന്നും സ്ഥാനങ്ങളില്‍.

Comments

comments

Categories: Arabia