ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ച് യമഹ

ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ച് യമഹ

2024 ഓടെ യമഹ മോട്ടോര്‍ കമ്പനിയുടെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യ മാറും

ന്യൂഡെല്‍ഹി : അഞ്ച് വര്‍ഷത്തിനുള്ളില്‍ യമഹ മോട്ടോര്‍ കമ്പനിയുടെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യ മാറും. നിലവിലെ പ്രധാന വിപണികളായ ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ പൂരിതാവസ്ഥയിലെത്തുന്നതോടെ ഇന്ത്യയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നതെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ മോട്ടോഫുമി ഷിതാര പറഞ്ഞു. നിലവില്‍ ഇന്തോനേഷ്യയിലാണ് ജാപ്പനീസ് കമ്പനി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്.

2024 ഓടെ തങ്ങളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറുമെന്ന് ഷിതാര പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയില്‍ കൂടുതല്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്നും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചതായും യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചു.

ആഗോള വിപണികളില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും മുന്‍ഗണനയെന്ന് ഷിതാര പറഞ്ഞു. വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ യുവാക്കളായ ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 25 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇന്തോനേഷ്യയില്‍, ആ രാജ്യത്ത് വിറ്റഴിക്കുന്നതിനും കയറ്റുമതിക്കുമായി 17 ലക്ഷം വാഹനങ്ങളാണ് നിര്‍മ്മിക്കുന്നത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം ആകെ രണ്ട് കോടിയിലധികം ഇരുചക്ര വാഹനങ്ങളാണ് വില്‍ക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും വില്‍പ്പന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ യമഹ മോട്ടോറിന്റെ വിപണി വിഹിതം ഒറ്റയക്ക സംഖ്യയാണ്. ഇന്ത്യയില്‍ ഒരുപാട് സാധ്യതകളുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മോട്ടോഫുമി ഷിതാര പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ ഇന്ത്യന്‍ വിപണിയില്‍ ആകെ 1,97,40,727 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. വളര്‍ച്ച 6.95 ശതമാനം. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യ യമഹ മോട്ടോറിന്റെ വില്‍പ്പനയില്‍ വളര്‍ച്ച പ്രകടമായില്ല. 7,32,006 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റത്. കൂടാതെ, 2,26,010 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്തു.

Comments

comments

Categories: Auto
Tags: Yamaha