അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഇന്ത്യക്കു മുന്നില്‍ വാതില്‍ തുറക്കും: യുഎസ്

അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഇന്ത്യക്കു മുന്നില്‍ വാതില്‍ തുറക്കും: യുഎസ്

ജിഎസ്പിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നും യുഎസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: യുഎസുമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യക്ക് അവസരമൊരുക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരവും വിപണി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുപ്രധാനമായ ഒരു നിര്‍ദേശം രാജ്യം മുന്നോട്ടുവെക്കുകയാണെങ്കില്‍ ഇന്ത്യക്കുമുന്നില്‍ വാതില്‍ തുറക്കുമെന്നാണ് യുഎസ് അറിയിച്ചിട്ടുള്ളത്.

ഇന്ത്യയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനമുണ്ടായാല്‍ ജനറലൈസ്ഡ് സിസ്റ്റം ഓഫ് ഫ്രിഫറന്‍സസിന്റെ കാര്യത്തില്‍ ഇന്ത്യക്കെതിരെ എടുത്തിട്ടുള്ള നിലപാട് പുനഃപരിശോധിക്കുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 50ഓളം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അനുവദിച്ചിരുന്ന നികുതിയിളവ് യുഎസ് പിന്‍വലിച്ചിരുന്നു. തിരുവ ഇളവ് ഒഴിവാക്കിയതില്‍ പലതും കൈത്തറി, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ്. ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങളില്‍ ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുള്ള കര്‍ശന നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതിനുപുറകെയാണ് തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തത്. മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു ഇത്. ഇളവുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് 60 ദിവസത്തിനുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വരും. തീരുമാനം മാറണമെങ്കില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കാര്യമായ വ്യാപര ഇളവുകള്‍ ലഭിക്കണമെന്നാണ് യുഎസിന്റെ ആവശ്യം

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി എന്ന നിലയ്ക്കും പ്രധാന പങ്കാളി എന്ന നിലയ്ക്കും യുഎസിന് അഭിമാനമുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പില്‍ നിന്നുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെയുള്ള ഇന്ത്യയുടെ വിപണി നിയന്ത്രണങ്ങളില്‍ രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാപാര തര്‍ക്കങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ, ഇന്ത്യയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനമുണ്ടാകുകയാണെങ്കില്‍ യുഎസ് ഭരണകൂടം നിലപാടില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായി ഇക്കാര്യത്തില്‍ ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വിപണി പ്രവേശനം അനുവദിക്കാന്‍ ഇന്ത്യ തയാറായിട്ടില്ലെന്നും ഇതേതുടര്‍ന്നാണ് ജിഎസ്പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കാന്‍ ഭരണകൂടം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്ക സന്ദര്‍ശിച്ച വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയെ ഇക്കാര്യം യുഎസ് അധികൃതര്‍ ധരിപ്പിച്ചിട്ടുമുണ്ട്.

ഇന്ത്യയിലേക്കുള്ള യുഎസ് ഉല്‍പ്പന്നങ്ങളുടെ (പ്രത്യേകിച്ച് അസംസ്‌കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും) കയറ്റുമതി വര്‍ധിപ്പിച്ചതിലൂടെ കഴിഞ്ഞ വര്‍ഷം വ്യാപാരക്കമ്മിയില്‍ 7.1 ശതമാനം കുറവ് വരുത്താന്‍ സാധിച്ചത് ആശ്വാസകരമാണ്. എങ്കിലും ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ നേരിടുന്ന നിരവധി വെല്ലുവിളികള്‍ ഇനിയും പരിഹരിക്കപ്പെടാനുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുപ്രധാന നയപരമായ തീരുമാനങ്ങളെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി വിലയിരുത്തപ്പെടും എന്നതിനാലാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയ മെയ് അവസാനം വരെ നീളുന്നതായതിനാല്‍ 60 ദിവസത്തിനു മുന്‍പ് ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കാനാവില്ലെന്ന നിലപാടിലാണ് ഇന്ത്യ. എന്നാല്‍, ഇന്ത്യയുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും വിഫലമായാല്‍ മാത്രമേ ജിഎസ്പി കാര്യത്തില്‍ നിലപാടുമായി മുന്നോട്ടുപോകുകയുള്ളുവെന്നാണ് യുഎസ് അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തന്നെയാണ് യുഎസ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News
Tags: US- India