വായ്പാ തിരിച്ചടവ് ലളിതമാക്കാന്‍ യുഎഇ കേന്ദ്രബാങ്ക് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു

വായ്പാ തിരിച്ചടവ് ലളിതമാക്കാന്‍ യുഎഇ കേന്ദ്രബാങ്ക് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു

2011 മെയ് മാസത്തിന് മുമ്പ് അനുവദിക്കപ്പെട്ട വായ്പകള്‍ക്കാണ് പുതിയ പദ്ധതി ബാധകം

അബുദബി: യുഎഇ പൗരന്മാരുടെ വായ്പാഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ‘ദേശീയ വായ്പാ പദ്ധതി’ എന്ന പേരില്‍ യുഎഇ കേന്ദ്ര ബാങ്ക് പുതിയ പദ്ധതി പ്രഖ്യാപിച്ചു. യുഎഇ ബാങ്ക് ഫെഡറേഷന്‍,ദേശീയ ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ വായ്പാ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. വായ്പ കുന്നുകൂടുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലളിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വായ്പാ തിരിച്ചടവുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരമൊരുക്കുന്നതാണ് കേന്ദ്രബാങ്കിന്റെ പുതിയ വായ്പാ പദ്ധതി. എല്ലാ വായ്പകളും ഏകീകരിച്ച് പ്രതിമാസ തിരിച്ചടവ് വരുമാനത്തിന്റെ 50 ശതമാനമോ, പെന്‍ഷന്‍ തുകയുടെ 30 ശതമാനമോ ആയി പരിമിതപ്പെടുത്താനാണ് തീരുമാനം. നാല് വര്‍ഷമാണ് വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പരമാവധി കാലവധി. പുതിയ പദ്ധതി പ്രകാരം പരമാവധി പലിശ നിരക്കിന് പരിധി ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ എമിറേറ്റ്‌സ് ഇന്റെര്‍ബാങ്ക് നിരക്കിന് തുല്യമായിരിക്കും ഈ നിരക്ക്.

2011 മെയ് മാസത്തിന് മുമ്പ് അനുവദിക്കപ്പെട്ട, പരമാവധി തിരിച്ചടവ് തുകയും കാലാവധിയും പിന്നിട്ട വ്യക്തിഗത വായ്പകള്‍ക്കായിരിക്കും പുതിയ പദ്ധതി ബാധകമാകുക. വാഹന വായ്പകള്‍, അധിക കട സൗകര്യങ്ങള്‍, ക്രെഡിറ്റ്കാര്‍ഡ് ബാലന്‍സ് എന്നിവയും പുതിയ വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടും. അതേസമയം പണയ വായ്പകള്‍, ഓഹരി, നിക്ഷേപം തുടങ്ങിയവയ്ക്ക് വേണ്ടി എടുത്ത വായ്പകള്‍ എന്നിവയെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വായ്പകള്‍ വീണ്ടും കുന്നുകൂടുന്നത് ഒഴിവാക്കുന്നതിന് വേണ്ടി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ തിരിച്ചടവ് കാലാവധിയില്‍ മറ്റ് വായ്പകള്‍ക്ക് അര്‍ഹരായിരിക്കില്ല.

പദ്ധതിയില്‍ പങ്കെടുക്കുന്ന ബാങ്കുകള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ഇത് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പ് ലക്ഷ്യമാക്കി കേന്ദ്രബാങ്കിന്റെ സൂക്ഷ്മമായ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതി സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിനായി മൊത്തത്തിലുള്ള വായ്പാ തുക, തിരിച്ചടവ് കാലാവധി തുടങ്ങിയ തിരിച്ചടവ് നിബന്ധനകള്‍ ബാങ്കുകള്‍ കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പദ്ധതില്‍ ഉള്‍പ്പെടാത്ത വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാനും തിരിച്ചടവ് കാലാവധി നീട്ടി നല്‍കുന്നത് ഒഴിവാക്കാനും കൂടുതല്‍ വായ്പാസൗകര്യങ്ങള്‍ അനുവദിക്കാതിരിക്കാനും കേന്ദ്രബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Comments

comments

Categories: Arabia
Tags: loan, uae bank