‘പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് അമേരിക്ക’, ട്രംപിനെതിരെ ഒളിയമ്പെയ്ത് ഇറാന്‍ ഇന്ധനകാര്യ മന്ത്രി

‘പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് അമേരിക്ക’, ട്രംപിനെതിരെ ഒളിയമ്പെയ്ത് ഇറാന്‍ ഇന്ധനകാര്യ മന്ത്രി

‘അമേരിക്കയുടെ അടിക്കടിയുള്ള എണ്ണ സംബന്ധ പ്രസ്താവനകള്‍ വിപണിയില്‍ ആശങ്കയുണ്ടാക്കുന്നു

ടെഹ്‌റാന്‍: എണ്ണവിപണിയിലെ ആശങ്കകള്‍ക്ക് അമേരിക്കയെ കുറ്റപ്പെടുത്തി ഇറാനിലെ ഇന്ധനകാര്യ മന്ത്രി ബിജാന്‍ നംദാര്‍ സാഗനെ. എണ്ണവില സംബന്ധിച്ച അമേരിക്കയുടെ അടിക്കടിയുള്ള പ്രസ്താവനകളാണ് എണ്ണവിപണിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്ന് സാഗനെ കുറ്റപ്പെടുത്തി.

എണ്ണവിലയും എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിനെയും പരാമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന അടിക്കടിയുള്ള ട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് ഇറാന്‍ ഇന്ധനകാര്യ മന്ത്രിയുടെ പ്രതികരണം. ഡിസംബറിലെ ഒപെക് സമ്മേളനത്തിന് മുന്നോടിയായും കഴിഞ്ഞ മാസവും അടക്കവും എണ്ണവിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

‘അമേരിക്കക്കാര്‍ ഒരുപാട് സംസാരിക്കുന്നു. കുറച്ച് സംസാരിക്കണമെന്ന് അവരെ ഉപദേശിക്കുന്നതാണ് ഉചിതം. ഒരു വര്‍ഷത്തിലേറെയായി എണ്ണവിപണിയില്‍ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അവരാണതിന് കാരണം. കാര്യങ്ങള്‍ ഇതേഗതിയില്‍ നീങ്ങുകയാണെങ്കില്‍ വിപണി ഇനിയുമധികം പ്രതിസന്ധിയിലാകും’. സാഗനെ ഉദ്ധരിച്ച് കൊണ്ട് ഇറാനിലെ ഔദ്യോഗിക ഷന വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് ക്രൂഡ് ഫ്യൂച്ചര്‍ വിപണി 2019ലെ മികച്ച നിലയിലെത്തിയിരുന്നു വെള്ളിയാഴ്ച്ച. എന്നാല്‍ പതിയെ ബ്രെന്റ് ഓയില്‍ വിപണിയോടൊപ്പം അത് തിരിച്ചിറങ്ങി. ആഗോള സാമ്പത്തികരംഗത്തെ മാന്ദ്യ സൂചനകളും യുഎസില്‍ എണ്ണ ഉല്‍പ്പാദനം കൂടുന്നതും എണ്ണ വില വര്‍ധന പിടിച്ചുനിര്‍ത്തുന്ന സാഹചര്യമാണ് ഇരുവിപണികളുടെയും പ്രകടനത്തെ ബാധിച്ചത്. അമേരിക്കയിലെ വര്‍ധിച്ച് വരുന്ന എണ്ണ ഉല്‍പ്പാദനത്തിന്റെ കൂടെ പശ്ചാത്തലത്തിലാണ് എണ്ണ വിതരണം കുറയ്ക്കാന്‍ ഒപെകും റഷ്യ അടക്കമുള്ള സഖ്യരാഷ്ട്രങ്ങളും ഉള്‍പ്പെട്ട ഒപെക് പ്ലസ് എന്ന കൂട്ടായ്മ കഴിഞ്ഞ വര്‍ഷം തീരുമാനമെടുത്തത്.

അമേരിക്ക ഇളവുകള്‍ നീട്ടിനല്‍കുമോ ഇല്ലയോ എന്നത് തങ്ങള്‍ക്കറിയില്ലെന്നും ഞങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടും അമേരിക്ക എല്ലാ ദിവസവും പുതിയ ഓരോ കാര്യങ്ങള്‍ പറയുകയാണെന്നും സാഗനെ കുറ്റപ്പെടുത്തി. 2015ലെ ഇറാന്റെ ആണവകരാറില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഇറാനെതിരെ അമേരിക്ക വീണ്ടും ഉപരോധം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന എട്ട് പ്രധാന രാഷ്ട്രങ്ങള്‍ക്ക് അമേരിക്ക ഇളവുകള്‍ നല്‍കി.

ലോകത്തിലെ ഏറ്റവും വലിയ വാതക പാടകമായ സൗത്ത് പാര്‍സിലെ നാല് വികസന ഘട്ടങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സാഗനെ. പാര്‍സ് വാതക പാടത്തെ 13,22,23,24 ഘട്ടങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തറിന്റെ ധനസഹായം അടക്കം 11 ബില്യണ്‍ ഡോളറാണ് ഇറാന്‍ ചിലവഴിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത മാര്‍ച്ചോടെ 27 ഘട്ടങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

ഫ്രാന്‍സിലെ ടോട്ടല്‍, ചൈന ദേശീയ പെട്രോളിയം കോര്‍പ്പറേഷന്‍ (സിഎന്‍പിസി) എന്നീ കമ്പനികള്‍ സൗത്ത് പാര്‍സിലെ 11ാംഘട്ടത്തില്‍ നിക്ഷേപം നടത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇറാനില്‍ ബിസിനസ് നടത്തുന്ന കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. അതേസമയം സിഎന്‍പിസിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് സാഗനെ അറിയിച്ചു.

‘വിലപേശലുകള്‍ തുടരുകയാണ്. ചര്‍ച്ചകള്‍ക്കായി ചൈനയില്‍ നിന്നും ഉന്നത പ്രതിനിധി സംഘം ഇറാനിലേക്ക് വരാനിരിക്കുകയാണ്’. ഉടന്‍ തന്നെ ചര്‍ച്ചകള്‍ക്കായി ഇറാനില്‍ എത്തുമെന്ന് അവര്‍ വാക്ക് നല്‍കിയിട്ടുണ്ടെന്നും സാഗനെ പറഞ്ഞു.

Comments

comments

Categories: Arabia
Tags: Iran-America