ടെസ്‌ല പിക്കപ്പ് ട്രക്കിന്റെ ടീസര്‍ പുറത്തുവിട്ടു

ടെസ്‌ല പിക്കപ്പ് ട്രക്കിന്റെ ടീസര്‍ പുറത്തുവിട്ടു

ഇലക്ട്രിക് പിക്കപ്പ് ട്രക്ക് എന്നുമുതല്‍ നിര്‍മ്മിച്ചുതുടങ്ങുമെന്ന് വ്യക്തമല്ല

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ലയുടെ ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ആദ്യ ടീസര്‍ ചിത്രം ഇലോണ്‍ മസ്‌ക് പുറത്തുവിട്ടു. ഈ വര്‍ഷം അനാവരണം ചെയ്യാനാണ് ഇലോണ്‍ മസ്‌ക്കിന്റെ തീരുമാനമെങ്കിലും ഇലക്ട്രിക് പിക്കപ്പ് ട്രക്ക് എന്നുമുതല്‍ നിര്‍മ്മിച്ചുതുടങ്ങുമെന്ന് വ്യക്തമല്ല. 1982 ല്‍ പുറത്തിറങ്ങിയ ബ്ലേഡ് റണ്ണര്‍ എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ‘സൈബര്‍പങ്ക്’ ട്രക്ക് എന്നാണ് വാഹനത്തെ ഇലോണ്‍ മസ്‌ക് വിശേഷിപ്പിക്കുന്നത്.

വളരെയധികം ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് പിക്കപ്പ് ട്രക്കിന് നല്‍കിയിരിക്കുന്നത്. 6 സീറ്റര്‍ ട്രക്കിന് 400 മുതല്‍ 500 മൈല്‍ വരെ (644 മുതല്‍ 805 കിലോമീറ്റര്‍ വരെ) റേഞ്ച് ഉണ്ടായിരിക്കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ഒരുപക്ഷേ ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇരട്ട മോട്ടോറുകളായിരിക്കും ഓള്‍ ഇലക്ട്രിക് പിക്കപ്പ് ട്രക്കിന് കരുത്തേകുന്നത്. ലോഡിന് അനുസരിച്ച് ക്രമീകരിക്കാന്‍ കഴിയുന്ന സസ്‌പെന്‍ഷന്‍ സ്റ്റാന്‍ഡേഡായി നല്‍കിയേക്കും. 1980 കളിലെ ലൈറ്റിംഗ് രൂപകല്‍പ്പനയാണ് വാഹനത്തില്‍ കാണുന്നത്.

ടെസ്‌ലയുടെ പുതിയ വാഹന പദ്ധതികളില്‍ ഏറ്റവും ഇഷ്ടപ്പെട്ടതാണ് പിക്കപ്പ് ട്രക്ക് എന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. മോഡല്‍ വൈ അനാവരണ സമയത്ത് ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീടാണ് ഇതേക്കുറിച്ച് അന്വേഷണങ്ങള്‍ ആരംഭിച്ചത്. ഒടുവില്‍ ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ ടീസറാണ് സ്‌ക്രീനില്‍ കാണിച്ചിരുന്നതെന്ന് സ്ഥിരീകരിച്ച് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്യുകയായിരുന്നു.

Comments

comments

Categories: Auto
Tags: Tesla pickup