ടെസ്ലയ്ക്ക് ചുവന്ന പരവതാനി വിരിക്കാം

ടെസ്ലയ്ക്ക് ചുവന്ന പരവതാനി വിരിക്കാം

ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്കെത്തും ടെസ്ലയെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത് രാജ്യത്തെ ഓട്ടോ മേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായി മാറുമെന്നത് തീര്‍ച്ച

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറിയ ശേഷം കാര്യമായി ബിസിനസ് ലോകം ചര്‍ച്ച ചെയ്തതാണ് ഇതിഹാസ സംരംഭകന്‍ ഇലോണ്‍ മസ്‌ക്കിനെ ഇന്ത്യയിലെത്തിക്കുകയെന്ന ദൗത്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത്, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം, നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന അജണ്ടകളിലൊന്നായി മാറിയിരുന്നു. സ്വാഭാവികമായും ലോകത്ത്
ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് വഴി കാണിച്ചു നടന്ന ടെസ്ലയെയും അതിന്റെ സാരഥി ഇലോണ്‍ മസ്‌ക്കിനെയും ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയെന്നത് ഓട്ടോ മേഖലയുടെ പരിവര്‍ത്തനത്തെ സംബന്ധിച്ചും ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍.

അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഒരു ടെസ്ല ഫാക്റ്ററി നിര്‍മിക്കുന്ന തിന് മസ്‌ക്കില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 2018 മേയില്‍ മസ്‌ക് ട്വിറ്ററിലൂടെ ഇന്ത്യന്‍ പ്രവേശനത്തിന് സാധ്യതയില്ലെന്ന മട്ടിലാണ് പ്രതികരിച്ചത്. ശക്തമായ നിയന്ത്രണസംവിധാനങ്ങളാണ് ഇന്ത്യയിലേതെന്നും രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള പ്രധാന തടസമാണതെന്നും മസ്‌ക് വ്യക്തമാക്കി. അതിനും ഒരു വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ തനിക്ക് താല്‍പ്പര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനായി ഇറക്കുമതി ചുങ്കം ഉള്‍പ്പടെയുള്ള ചില നിയന്ത്രണങ്ങളില്‍ താല്‍ക്കാലിക ഇ ള വുകള്‍ വേണമെന്നും പ്രാദേശിക നിര്‍മാണ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതു വരെ ഉദാരമായ സമീപനം ആവശ്യമാണെന്നും മസ്‌ക് പറഞ്ഞിരുന്നു. ഇതില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ ആയിരുന്നു ടെസ്ലയുടെയും സോളാര്‍ സിറ്റിയുടെയും സ്ഥാപകന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയെ നിരാശപ്പെടുത്തുന്ന ട്വീറ്റ് ചെയ്തത്.

അതേസമയം ഇക്കഴിഞ്ഞ ജനുവരിയില്‍ ചൈനയില്‍ അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ ഫാക്റ്ററി ആരംഭിക്കുകയും ചെയ്തു ടെസ്ല. ഇലക്ട്രിക് കാര്‍ കമ്പനിയുടെ യുഎസിന് പുറത്തുള്ള ആദ്യ നിര്‍മാണ സംവിധാനമായിരുന്നു ചൈനയിലേത്. വളര്‍ച്ചയില്‍ ഇന്ത്യയുടെ പ്രധാന എതിരാളികളായ ചൈനയിലേക്ക് ടെസ്ല എത്തിയതും ഇന്ത്യയില്‍ എത്താത്തതും സര്‍ക്കാരിന്റെ നയങ്ങളിലെ പ്രശ്‌നങ്ങളായി വിലയിരുത്തപ്പെടുകയും ചെയ്തു. എന്നാല്‍ ടെസ്ല ഇന്ത്യയിലെത്തുമെന്ന് ഇപ്പോള്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്, ട്വിറ്ററിലൂടെ തന്നെ.

ഈ വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ അടുത്ത വര്‍ഷം തീര്‍ച്ചയായും-ഇത്തരത്തിലായിരുന്നു കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റ് ചെയ്തത്. ടെസ്ലയുടെ നിക്ഷേപത്തിനായി സര്‍ക്കാര്‍ എന്തെങ്കിലും പ്രത്യേക ഇളവുകള്‍ നല്‍കുമോയെന്നത് വ്യക്തമല്ല. അല്ലെങ്കില്‍ അക്കാര്യത്തില്‍ എന്തെങ്കിലും ധാരണയുണ്ടാക്കിയിട്ടാണോ മസ്‌ക്കിന്റെ ട്വീറ്റ് എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇലക്ട്രിക് വാഹന യുഗത്തിലേക്ക് പരിവര്‍ത്തനപ്പെടാന്‍ വെമ്പല്‍ കൂട്ടുകായണ് ഇന്ത്യ. എന്നാല്‍ നിലവില്‍ 6,000 പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് രാജ്യത്തുള്ളത്. ചൈനയില്‍ ഇതിനോടകം തന്നെ 1.35 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കഴിഞ്ഞു. വലിയ സാധ്യതയാണ് ഇലക്ട്രിക് വാഹന വിപണിയില്‍ ഇന്ത്യയിലുള്ളത്. പുതിയ സംവിധാനങ്ങള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ കൂടി വികസിച്ചാല്‍ ടെസ്ല പോലുള്ള സംരംഭങ്ങള്‍ രാജ്യത്ത് നടത്തുന്ന നിക്ഷേപം വന്‍തോതില്‍ ലാഭമുണ്ടാക്കാന്‍ പോന്നതാണ്. അതുകൂടി കണ്ടായിരിക്കണം മസ്‌ക് എത്തുന്നത്. എന്തായാലും ടെസ്ല വരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഇലക്ട്രിക് വാഹനമുന്നേറ്റത്തിന് പുതിയ ആവേശം കൈവരുമെന്നത് തീര്‍ച്ച.

Categories: Editorial, Slider
Tags: Elon Musk, Tesla