റേറ്റിംഗ് ഏജന്‍സികളുമായും വ്യാപാരി പ്രതിനിധികളുമായും ചര്‍ച്ച 26ന്

റേറ്റിംഗ് ഏജന്‍സികളുമായും വ്യാപാരി പ്രതിനിധികളുമായും ചര്‍ച്ച 26ന്

അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ ധന നയ അവലോകനമാണ് ഏപ്രില്‍ 4ന് നടക്കുന്നത്

ന്യൂഡെല്‍ഹി: ഏപ്രില്‍ 4ന് നടക്കുന്ന ധന നയ അവലോകന യോഗത്തിന് മുന്നോടിയായുള്ള അഭിപ്രായ സ്വരൂപിക്കലിന്റെ ഭാഗമായി ഈ മാസം 26ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുമായും വിവിധ വ്യാപാരി- വ്യവസായ അസോസിയേഷനുകളുടെ പ്രതിനിധികളുമായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചര്‍ച്ച നടത്തും. പലിശ നിരക്ക് ക്രമീകരിക്കുന്നതു സംബന്ധിച്ചും സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതു സംബന്ധിച്ചും ചര്‍ച്ചകളില്‍ ആര്‍ബിഐ ഗവര്‍ണര്‍ നിര്‍ദേശങ്ങള്‍ ആരായും.

മുംബൈയിലാണ് ചര്‍ച്ച സംഘടിപ്പിച്ചിട്ടുള്ളത്. ധനനയ അവലോകനത്തിന് മുമ്പ് വിപണിയില്‍ നിന്നുള്ള അഭിപ്രായം സ്വരൂപിക്കുന്നത് വ്യാപകമാക്കുന്നതിനുള്ള കേന്ദ്ര ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ചര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ ധന നയ അവലോകനമാണ് ഏപ്രില്‍ 4ന് നടക്കുന്നത്. ഏപ്രില്‍ 11ന് പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിക്കുമെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്. ഓള്‍ ഇന്ത്യാ ബാങ്ക് ഡെപ്പോസിറ്റേര്‍സ് അസോസിയേഷന്റെ പ്രതിനിധികളെയും ചര്‍ച്ചയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര ബാങ്കില്‍ നിന്ന് ഓരോ വ്യാവസായിക, വ്യാപാര മേഖലയും ഏതു തരത്തിലുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കാനും സമ്പദ് വ്യവസ്ഥയുടെ നിലവിലെ സ്ഥിതിയെ വ്യത്യസ്ത വീക്ഷണങ്ങളില്‍ നിന്ന് മനസിലാക്കാനുമാണ് ആര്‍ബിഐ ശ്രമിക്കുന്നത്. നിര്‍ണായക നയ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലുമുള്ളവരുമായും സര്‍ക്കാരുമായും ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.

നീണ്ട 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത്. രാജ്യത്തെ ചെറുകിട പണപ്പെരുപ്പം ആര്‍ബിഐ പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിടുന്ന 4 ശതമാനത്തിനു താഴെയായതിനാല്‍ പലിശ നിരക്കില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് വ്യാവസായിക ലോകത്ത് ഉയര്‍ന്നിട്ടുള്ളത്.

Comments

comments

Categories: FK News