നിറഭേദങ്ങളുടെ ബാക്കിപത്രം

നിറഭേദങ്ങളുടെ ബാക്കിപത്രം

വംശീയ വിദ്വേഷത്തിന്റെ അപകടക്കാഴ്ചകളിലൊന്നാണ് കഴിഞ്ഞയാഴ്ച ന്യൂസിലന്‍ഡില്‍ ദൃശ്യമായത്. വെള്ളക്കാരന്‍ മനോഭാവത്തെ താലോലിക്കുകയും കുടിയേറ്റങ്ങളെ ഭീഷണിയായി കാണുകയും ചെയ്ത അക്രമിയുടെ വെടിവെപ്പില്‍ അന്‍പതോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വംശീയതയുടെ നാസി ചിഹ്നങ്ങള്‍ ധരിക്കുകയും ബോസ്‌നിയന്‍ ജനതയ്ക്ക് മേല്‍ സെര്‍ബിയക്കാര്‍ നടത്തിയ കടുത്ത ആക്രമണത്തെ വാഴ്ത്തുന്ന പാട്ടുകള്‍ പശ്ചാത്തലമാക്കിയുമാണ് തോക്കുധാരിയായ അക്രമി മുസ്ലീം പള്ളിയിലെത്തി കൂട്ടക്കൊല നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും തന്റെ ഫേസ്ബുക്ക് സന്ദേശത്തില്‍ അക്രമി വാഴ്ത്തിയിട്ടുണ്ട്. വെള്ളക്കാരന്‍ ദേശീയത കൂടുതല്‍ അക്രമണോല്‍സുകമാവുന്ന കാലമാണോ വരാന്‍ പോകുന്നത്?

‘ശ്വേതനാഗരികത തന്‍ വീര്യമേറും വീഞ്ഞും
സ്വാദുറ്റ ഭോജ്യങ്ങളും നിരത്തും സല്‍ക്കരത്താല്‍
മയക്കിക്കിടത്തിനീയവരെ’യടിമത്തം
മധുരം പൊതിഞ്ഞതാം കയ്പ്പെ’ന്ന് പഠിപ്പിച്ചു,
തണുത്തു വിറയ്ക്കാതെയുറങ്ങാന്‍ വസൂരി തന്‍
അണുക്കള്‍ വിതറിയ കമ്പിളി സമ്മാനിച്ചു,
നിശ്ശബ്ദമൊരു കൂട്ടക്കുരുതിക്കിരയാക്കീ
നിസ്വരമാവരുടെയൂരുകള്‍ തനത്താക്കീ,
എതിര്‍ക്കാന്‍ മുതിര്‍ന്നോരെ ദാനത്താല്‍, ദണ്ഡത്താലും
ഒതുക്കീ വെള്ളത്തോലിനുള്ളിലെ കൗടില്യങ്ങള്‍’

-‘ഒരു നിഷാദന്റെ താക്കീത്’, ഒഎന്‍വി

രണ്ടായിരത്തി പതിനേഴ് മാര്‍ച്ച് 29 ബുധനാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രഖ്യാപനം നടത്തി: ഏപ്രില്‍ 16 ലെ ഈസ്റ്റര്‍ എഗ് ഹണ്ടിനോട് അനുബന്ധിച്ച് വൈറ്റ് ഹൗസിന്റെ പുല്‍ത്തകിടിയില്‍ ‘ദി ബര്‍ത്ത് ഓഫ് എ നേഷന്‍’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നു. ഡി ഡബ്ല്യൂ ഗ്രിഫിത്ത് 1915 ല്‍ സംവിധാനം ചെയ്ത മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നിശ്ശബ്ദ ചിത്രമാണ് ‘ദി ബര്‍ത്ത് ഓഫ് എ നേഷന്‍’. ‘നമ്മുടെ മഹത്തായ രാഷ്ട്രത്തെപ്പറ്റിയുള്ള മഹത്തായ സിനിമയാണത്. നമ്മുടെ ക്രൈസ്തവ പാരമ്പര്യം ആഘോഷിക്കാന്‍ ഏറ്റവും മഹത്തായ മാര്‍ഗ്ഗമാണത്;’ ട്രംപ് പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘കുക്ലക്‌സ്‌ക്ലാന്‍’ (കെകെകെ) എന്ന സവര്‍ണ്ണാധിപത്യ-വിദ്വേഷ സംഘടനയുടെ മുന്‍ പരമോന്നത നേതാവും പ്രമുഖ അമേരിക്കന്‍ വംശീയവാദിയും സവര്‍ണ്ണ (വെള്ളക്കാര്‍) ദേശീയതാ രാഷ്ട്രീയക്കാരനും കടുത്ത യഹൂദ വിരോധിയും ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളിയും ആയ ഡേവിഡ് ഡ്യൂക്ക് ‘തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഞാന്‍ ട്രംപിനെ അനുകൂലിക്കുവാന്‍ ഇതൊക്കെയാണ് കാരണം, അദ്ദേഹം ശരിക്കും സവര്‍ണ്ണരുടെ രാഷ്ട്രത്തിന്റെ പ്രസിഡന്റ് ആണ്;’ എന്ന് പറഞ്ഞുകൊണ്ട് ട്രംപിനെ അനുമോദിച്ചു. ഡ്യൂക്കിന്റെ ‘ദയാപൂര്‍വ്വമുള്ള വാക്കുകള്‍’ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപും ട്വീറ്റ് ചെയ്തു.

‘ദി ബര്‍ത്ത് ഓഫ് എ നേഷന്‍’ ഇതാദ്യമായല്ല വൈറ്റ് ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇറങ്ങിയ ഉടനെത്തന്നെ അന്നത്തെ പ്രസിഡന്റ് വൂഡ്രോ വിത്സന്റെ ആവശ്യ പ്രകാരം ഈ സിനിമ വൈറ്റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അഥവാ, വൈറ്റ് ഹൗസില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ ‘ദി ബര്‍ത്ത് ഓഫ് എ നേഷന്‍’ ആണ്. കറുത്ത വര്‍ഗ്ഗക്കാരെ ബുദ്ധിയില്ലാത്തവരും മദാമ്മമാരോട് ലൈംഗികാതിക്രമം കാണിക്കുന്നവരുമായി ചിത്രീകരിച്ച് ‘കെകെകെ’യെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച് മഹത്വവല്‍ക്കരിക്കുന്ന സിനിമയാണ് ‘ദി ബര്‍ത്ത് ഓഫ് എ നേഷന്‍’. ആ സിനിമയെയാണ് ‘നമ്മുടെ മഹത്തായ രാഷ്ട്രത്തെപ്പറ്റിയുള്ള മഹത്തായ സിനിമ’ എന്ന്, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നാട്ടിലെ, എബ്രഹാം ലിങ്കനും ബരാക്ക് ഒബാമയും ഇരുന്ന കസേരയില്‍ ഇരിക്കുന്ന ട്രംപ് വിശേഷിപ്പിക്കുന്നത്.

അങ്ങനെ നോക്കുമ്പോള്‍ മാര്‍ച്ച് 15 വെള്ളിയാഴ്ച ന്യൂസിലന്‍ഡിലെ കാന്റര്‍ബറി മുസ്ലിം ദേവാലയങ്ങളില്‍ നടന്ന വെടിവെപ്പിനെ സംബന്ധിച്ച് ‘വെള്ളക്കാരന്റെ ദേശീയതാവാദം അത്ര വലിയ ഭീഷണിയൊന്നും അല്ല;’ എന്ന് ട്രംപ് പറഞ്ഞതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ആദ്യം റിക്കാര്‍ടണിലെ അല്‍ നൂര്‍ പള്ളിയില്‍ നമാസ് ചെയ്തുകൊണ്ടിരുന്ന മുന്നൂറിനും അഞ്ഞൂറിനും ഇടയ്ക്ക് വരുന്ന ജനങ്ങളുടെ നേര്‍ക്കാണ് ഇരുപത്തെട്ടുകാരനായ ഓസ്‌ട്രേലിയന്‍ വംശജന്‍ ആറ് മിനുട്ട് നേരം തുടര്‍ച്ചയായി നിറയൊഴിച്ചത്. അതിനു തൊട്ടു മുന്‍പ് ഇയാളെ കണ്ട ഒരാള്‍ ആഗമനോദ്ദേശം മനസ്സിലാക്കാതെ സ്വാഭാവിക സംബോധനയെന്നവണ്ണം’ഹലോ സഹോദരാ’ എന്ന് പറയുന്നുണ്ട്. അദ്ദേഹത്തിനാണ് ആദ്യത്തെ വെടിയുണ്ട ഏറ്റത്. പള്ളിയിലെ അക്രമത്തില്‍ നാല്‍പ്പതിലധികം പേരാണ് മരിച്ചുവീണത്. അതിന് ശേഷം അയാള്‍ അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെത്തി അവിടെയും തുടരെ തുടരെ നിറയൊഴിക്കുന്നു. ഏഴുപേര്‍ അവിടെയും മരിക്കുന്നു.

സവര്‍ണ്ണ ദേശീയതയുടെ കടുത്ത വക്താവായ അക്രമി ബ്രെന്റണ്‍ ടെറന്റ് നാസി ചിഹ്നങ്ങള്‍ ധരിച്ചിരുന്നു. ബോസ്നിയന്‍ സംഘര്‍ഷ സമയത്ത് സെര്‍ബിയക്കാര്‍ പാടിയ ഒരു ഗാനം അയാള്‍ കാറില്‍ ഉറക്കെ വെച്ചിരുന്നു. ബോസ്‌നിയയിലെ ഒരു മത വിഭാഗക്കാര്‍ക്കെതിരെ സ്ത്രീകളെയും കുട്ടികളെയും ഉന്നം വെച്ച് നടത്തിയ മൂന്ന് വര്‍ഷത്തെ വംശീയ അക്രമത്തില്‍ അന്‍പതിനായിരത്തോളം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും പന്ത്രണ്ടായിരം കുട്ടികള്‍ അടക്കം രണ്ടുലക്ഷം പേര്‍ കൊല്ലപ്പെടുകയും 22 ലക്ഷം പേര്‍ പലായനം ചെയ്യപ്പെടുകയും ചെയ്തു. അതാഘോഷിക്കുന്ന സെര്‍ബിയക്കാരുടെ ഗാനമാണ് ബ്രെന്റണ്‍ ടെറന്റ് അപ്പോള്‍ കാറില്‍ ഉറക്കെ വെച്ചത്. സവര്‍ണ്ണരെ ഇല്ലാതാക്കി മറ്റുള്ളവര്‍, പ്രത്യേകിച്ച് യഹൂദ വംശജരും അറബ് വംശജരും ആ ഇടം കയ്യേറും എന്ന ആശയം വിശദീകരിക്കുന്ന ‘ഭീകര ബദല്‍ വല്‍ക്കരണം’ എന്ന എഴുപത് പേജ് വരുന്ന കടുത്ത പ്രാദേശികവാദ മാനിഫെസ്റ്റോ ഇയാള്‍ എഴുതിയിട്ടുണ്ട്. ഈ മാനിഫെസ്‌റ്റോയില്‍ ‘നവ വര്‍ണ്ണ സ്വത്വത്തിന്റെയും പൊതു ഉദ്ദേശത്തിന്റെയും പ്രതീകം’ എന്നാണ് ട്രംപിനെ പുകഴ്ത്തുന്നത്.

ന്യൂസിലന്‍ഡിലെ അക്രമിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൂടുതല്‍ അസ്വസ്ഥജനകമാണ്. ലോകത്തില്‍ പലയിടത്തും ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. പലരുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. സവര്‍ണ്ണ ദേശീയത ഒരു മുദ്രാവാക്യമായി എടുത്ത സംഘടനകള്‍, പ്രവര്‍ത്തകര്‍, അവരുടെ രാഷ്ട്രീയം ലോകത്തെവിടെയാണെങ്കിലും പരസ്പരം ബന്ധപ്പെട്ട് കണ്ണികള്‍ തീര്‍ക്കുന്നു. അത് അങ്ങേയറ്റം ഭീതിജനകമായ വെളിപ്പെടുത്തലാണ്. നിറഭേദങ്ങള്‍ക്ക് സ്വരഭേദങ്ങള്‍ ഇല്ല. അവയ്ക്ക് സ്ഥായിയായ സാദൃശ്യം മാത്രമേ ഉള്ളൂ.

തീവ്ര വലതുപക്ഷത്തിന്റെ ആശയങ്ങള്‍ പ്രകാരം എല്ലാ തീവ്രവാദവും തീവ്രവാദം അല്ല. തങ്ങള്‍, തങ്ങളുടെ ചിന്താഗതിയില്‍ വിലയിച്ചവര്‍, അതുമായി പൊരുത്തപ്പെടുന്നവര്‍ ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ തങ്ങളുടെ നിറക്കാര്‍, മതക്കാര്‍ നടത്തുന്ന സായുധാക്രമണങ്ങള്‍ തീവ്രവാദമല്ല; അത് ദേശീയതയുടെ ബാഹ്യപ്രകടനം മാത്രമാണ്. ഇത് രാഷ്ട്രീയമായി ജനാധിപത്യം എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമാവുമ്പോള്‍ സാമ്പത്തികമായി വളര്‍ച്ചയുടെ പടവുകളെ പുറകോട്ടടിക്കുന്നതും ആണ്. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നേടുവാന്‍ ശക്തമായ സാമൂഹ്യ സമ്പ്രദായം നിലവിലുണ്ടാവണം. മതങ്ങളുടെ, വംശീയതയുടെ, നിറങ്ങളുടെ എല്ലാം പേരിലുള്ള ചേരിതിരിവുകള്‍ തല്‍ക്ഷണം ഒരുപക്ഷേ രാഷ്ട്രീയമായി ഉപയോഗിക്കുവാന്‍ ആയേക്കുമായിരിക്കും. എന്നാല്‍ ദീഘകാലാടിസ്ഥാനത്തില്‍ അതെല്ലാം രാഷ്ട്രവളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നവയാണ്. അതാണ് നിറഭേദങ്ങളുടെ രാഷ്ട്രീയ തത്വശാസ്ത്രവും സാമ്പത്തിക തത്വശാസ്ത്രവും തമ്മിലുള്ള വൈരുദ്ധ്യം. ഇത് തിരിച്ചറിയാനുള്ള വിവേകം നമുക്ക് കൈവരേണ്ടിയിരിക്കുന്നു.

അമേരിന്ത്യന്‍ ഗോത്രത്തലവന്‍ സിയാറ്റില്‍ മൂപ്പന്‍ (1780-1866) അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ പിയേഴ്സിന് നല്‍കിയ പ്രഭാഷണ രൂപത്തിലുള്ള മറുപടിയുടെ കാവ്യാത്മക പശ്ചാത്തലമാണ് ഒഎന്‍വിയുടെ ‘നിഷാദന്റെതാക്കീതി’ലെ പ്രമേയം. കവി തന്നെ പറയുന്നു, കവിയല്ലാത്ത നിഷാദന്റെ ഹൃദയം നൊന്തൊഴുകിയ ഈ വാങ്മയം മൊഴിമാറ്റത്തിന് അതീതമാണെന്ന്. അന്നും ഇന്നും നിറഭേദങ്ങളുടെ രാഷ്രീയം ക്രൂരനിഷാദന്റെ വേഷത്തില്‍ ആദിമ നിഷാദനെ അസ്ത്രമെയ്യുന്നു.

Categories: FK Special, Slider