ന്യൂസിലന്റ് ഭീകരാക്രമണം:യുഎഇയുടെ പ്രത്യേക ആദരത്തിന് ന്യൂസിലന്റിന്റെ നന്ദി

ന്യൂസിലന്റ് ഭീകരാക്രമണം:യുഎഇയുടെ പ്രത്യേക ആദരത്തിന് ന്യൂസിലന്റിന്റെ നന്ദി

ഭീകരാക്രമണത്തില്‍ ന്യൂസിലന്റിനൊപ്പം നിന്ന ഓരോ യുഎഇ പൗരനും നന്ദി പറയുന്നതായി മാത്യൂ ഹോക്കിംഗ്‌സ്

അബുദബി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്റ് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് അബുദബിയിലെ സുപ്രധാന കെട്ടിടങ്ങളില്‍ ന്യൂസിലാന്റ് പതാകയുടെ മാതൃകയില്‍ വിളക്കുകള്‍ തെളിയിച്ച യുഎഇയുടെ പ്രത്യേക ആദരത്തിന് നന്ദി അറിയിച്ച് കൊണ്ട് യുഎഇയിലെ ന്യൂസിലന്റ് അംബാസഡര്‍ മാത്യൂ ഹോക്കിംഗ്‌സ്. അബുദബിയിലെ അഡനെക് ആസ്ഥാനം, മറീന മാള്‍ എന്നീ കെട്ടിടങ്ങള്‍ ന്യൂസിലന്റ് പതാകയില്‍ തിളങ്ങി നില്‍ക്കുന്ന ഫോട്ടോ അടക്കം നല്‍കിയാണ് ഹോക്കിംഗ്‌സ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തിയത്.

ന്യൂസിലന്റിലെ രണ്ട് മുസ്ലീം പള്ളികളില്‍ അമ്പത് പേരുടെ ജീവനെടുത്ത വെടിവെപ്പുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളിയാഴ്ച രാത്രിയാണ് അബുദബിയിലെ പ്രധാന കെട്ടിടങ്ങളില്‍ ന്യൂസിലന്റ് പതാകയുടെ മാതൃകയില്‍ വിളക്കുകള്‍ തെളിയിച്ചത്.

”കഴിഞ്ഞ ദിവസം സ്‌പെഷല്‍ ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് താന്‍ ന്യൂസിലന്റ് ടീമിനൊപ്പം ഉണ്ടായിരുന്നു. സഹിഷ്ണുതയുടെയും അംഗീകരിക്കലിന്റെയും ശക്തമായ സന്ദേശമാണ് ആതിഥേയരായ യുഎഇ അന്ന് പ്രകടമാക്കിയത്. ആയിരക്കണക്കിന് ന്യൂസിലന്റുകാര്‍ ഉള്‍പ്പടെ 200ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎഇ ആതിഥ്യം അരുളുന്നത്. അതിന് ശേഷം ഇന്ന് താന്‍ ഉണര്‍ന്നത് ക്രൈസ്റ്റ്ചര്‍ച്ചില്‍ നിന്നുള്ള ദുരന്തവാര്‍ത്ത കേട്ടുകൊണ്ടാണ്”. ഹോക്കിംഗ്‌സ് ട്വിറ്ററില്‍ എഴുതി.

വെടിവെപ്പിന് ശേഷം യുഎഇയിലെ മുതിര്‍ന്ന സര്‍ക്കാരില്‍ പ്രതിനിധികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരവധി അനുശോചന സന്ദേശങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്ന് ഹോക്കിംഗ്‌സ് പറഞ്ഞു. ക്രെസ്റ്റ്ചര്‍ച്ച് വെടിവെപ്പിന് ഇരകളായവര്‍ക്കും രാജ്യത്തിനും വേണ്ടിയുള്ള ഓരോ പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുകയാണെന്നും യുഎഇയുടെ ‘പ്രത്യേക ആദര’ത്തിനും നന്ദി അറിയിക്കുന്നതായും ഹോക്കിംഗ്‌സ് പറഞ്ഞു.

വെള്ളിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലും ലിന്‍വുഡ് അവന്യൂ മസ്ജിദിലുമുണ്ടായ വെടിവെപ്പില്‍ 50 ആളുകളാണ് കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയന്‍ സ്വദേശിായ 28കാരന്‍ ബ്രെന്റണ്‍ ടാരന്റാണ് ന്യൂസിലന്റ് ഇതുവരെ കാണാത്ത കൂട്ടവെടിവെപ്പിന് പിന്നിലെ മുഖ്യപ്രതിയായി സംശയിക്കപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ടുപേരെ കൂടെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും ഒരാള്‍ തന്നെയാണോ അക്രമത്തിന് പിന്നില്‍ അതോ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. കാറിലെത്തിയ ടാരന്റ് മുന്‍വാതിലിലൂടെ പള്ളിയിലെത്തി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതക കുറ്റം ചുമത്തപ്പെട്ട ഇയാള്‍ ഏപ്രില്‍ അഞ്ച് വരെ റിമാന്‍ഡിലാണ്.

Comments

comments

Categories: Arabia