വിപണിയിലെത്താന്‍ തിടുക്കപ്പെട്ട് പുതു തലമുറ ഓള്‍ട്ടോ

വിപണിയിലെത്താന്‍ തിടുക്കപ്പെട്ട് പുതു തലമുറ ഓള്‍ട്ടോ

ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് പുതിയ ഓള്‍ട്ടോ അടിസ്ഥാനമാക്കുന്നത്

ന്യൂഡെല്‍ഹി : പുതു തലമുറ മാരുതി സുസുകി ഓള്‍ട്ടോ വിപണി പ്രവേശനത്തിന് ഒരുങ്ങുന്നു. ഒക്‌റ്റോബര്‍ ഒന്നിന് പ്രാബല്യത്തിലാകുന്ന പുതിയ ക്രാഷ് ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുംവിധം പരിഷ്‌കരിച്ചാണ് പുതിയ ഓള്‍ട്ടോ വിപണിയിലെത്തിക്കുന്നത്. പുതിയ ഓള്‍ട്ടോ പരീക്ഷണ ഓട്ടം നടത്തുന്നത് പലപ്പോഴായി കണ്ടെത്തിയിരുന്നു. മിക്ക പുതിയ മാരുതി കാറുകളെയും പോലെ, ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് പുതിയ ഓള്‍ട്ടോ അടിസ്ഥാനമാക്കുന്നത്.

2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് പുതു തലമുറ ഓള്‍ട്ടോയുടെ ഡിസൈന്‍ ഭാഷ. പുതിയ ഓള്‍ട്ടോ പുറമേനിന്ന് നോക്കുമ്പോള്‍ സാധാരണ ഹാച്ച്ബാക്കിനേക്കാള്‍ മൈക്രോ എസ്‌യുവിയാണെന്ന് തോന്നും.

കാറിന് അകത്തെ വിശേഷങ്ങളാണെങ്കില്‍, ഡാഷ്‌ബോര്‍ഡിന് നടുവില്‍ വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേ കാണാം. ‘മിനി’ മോഡലുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണെന്ന് തോന്നുന്നു. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍ എന്നിവ ഡിജിറ്റലാണ്. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം അല്ലെങ്കില്‍ ഓഡിയോ പ്ലെയര്‍ ഡിസ്‌പ്ലേയും (വേരിയന്റുകള്‍ക്കനുസരിച്ച്) വൃത്താകൃതിയിലുള്ളതാണ്. വാഗണ്‍ആര്‍, ബലേനോ ഫേസ്‌ലിഫ്റ്റ് മോഡലുകളില്‍ കണ്ട സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ സിസ്റ്റം ഓള്‍ട്ടോയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ നല്‍കും.

എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് വാണിംഗ് റിമൈന്‍ഡര്‍ തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളായിരിക്കും. 800 സിസി, 1.0 ലിറ്റര്‍ കെ10 പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ തുടരുമെന്ന് പ്രതീക്ഷിക്കാം. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയായിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

Comments

comments

Categories: Auto
Tags: Alto