പ്രകൃതിയുടെ സംഹാരതാണ്ഡവത്തെ ഓര്‍മ്മിപ്പിച്ച് മഡ് മാപ്പിംഗ് മെമ്മറീസ്

പ്രകൃതിയുടെ സംഹാരതാണ്ഡവത്തെ ഓര്‍മ്മിപ്പിച്ച് മഡ് മാപ്പിംഗ് മെമ്മറീസ്

മഡ് മാപ്പിംഗ് മെമ്മറീസ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രതിഷ്ഠാപനം കാണികള്‍ക്ക് പ്രളയത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിക്കുന്ന കലാസൃഷ്ടിയാണ്

കഴിഞ്ഞ വര്‍ഷം കേരളം കണ്ട മഹാപ്രളയത്തിന്റെ ഓര്‍മ്മകളുടെ പരിച്ഛേദമാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ ഒരുക്കിയിട്ടുള്ളത്. ‘മഡ് മാപ്പിംഗ് മെമ്മറീസ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രതിഷ്ഠാപനം കാണികള്‍ക്ക് പ്രളയത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിക്കുന്ന കലാസൃഷ്ടിയാണ്.

പോത്തിന്റെ എല്ലുകളില്‍ തീര്‍ത്ത തൂണുകളിലാണ് കുഞ്ഞിക്കുട്ടന്‍, സ്മിത വിജയന്‍, ശരത് കുമാര്‍, ശ്യാമപ്രസാദ് എന്നീ വിദ്യാര്‍ത്ഥികള്‍ ഈ പ്രതിഷ്ഠാപനം ഒരുക്കിയിട്ടുള്ളത്. കാലടി സര്‍വകലാശാലയ്ക്കടുത്തുള്ള അറവുശാലയില്‍ നിന്നുമാണ് ഇത് സംഘടിപ്പിച്ചത്. മട്ടാഞ്ചേരിയിലെ മുഹമ്മദലി വെയര്‍ഹൗസിലാണ് ഈ പ്രതിഷ്ഠാപനം സ്ഥാപിച്ചിട്ടുള്ളത്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നു തന്നെ ശേഖരിച്ച ചെളി, മരം, ലോഹം, കരി,മൃഗങ്ങളുടെ അസ്ഥി എന്നിവ ഉപയോഗിച്ചാണ് ഈ പ്രതിഷ്ഠാപനം സൃഷ്ടിച്ചത്.

പ്രളയത്തില്‍ ചെളികയറിയ പുസ്തകങ്ങള്‍ കൊണ്ടാണ് പ്രതിഷ്ഠാപനത്തിന്റെ പ്രധാന ഭാഗം. ചാക്കു കൊണ്ടുണ്ടാക്കിയ മനുഷ്യരൂപങ്ങള്‍ പോലെ തോന്നിക്കുന്ന രൂപങ്ങള്‍ പ്രളയത്തില്‍ മരണമടഞ്ഞവരുടെ ശവങ്ങളായി പ്രതീകവത്കരിച്ചിരിക്കുന്നു. പ്രളയത്തില്‍ നിന്നു കിട്ടിയ കസേരയും മറ്റ് കളിമണ്‍ വസ്തുക്കളും ഭിത്തിയില്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രളയം പ്രമേയമാക്കാമെന്ന തീരുമാനം നാല് പേരും ഒന്നിച്ചെടുത്തതാണെന്ന് സംഘാംഗം കുഞ്ഞിക്കുട്ടന്‍ പറഞ്ഞു. സ്വന്തം കലാലയം തന്നെ പ്രളയത്തില്‍ മുങ്ങിപ്പോയതില്‍പരം ജീവിതാനുഭവം വേറെന്തുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു.

പ്രളയത്തിന്റെ തീവ്രത കാണികളില്‍ എത്തിക്കാനാണ് നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളില്‍ നിന്നു തന്നെ കലാസൃഷ്ടിക്കായുള്ള വസ്തുക്കള്‍ ശേഖരിച്ചതെന്ന് എം എ വിദ്യാര്‍ത്ഥിനിയായ സ്മിത വിജയന്‍ പറഞ്ഞു. പ്രദര്‍ശിപ്പിച്ച എല്ലാ വസ്തുക്കള്‍ക്കും പ്രളയവുമായി വൈകാരികമായ ബന്ധമുണ്ടെന്നും സ്മിത പറഞ്ഞു.

ഭൗതികമായ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് അനുഭവിച്ചതെല്ലാം മറന്നു പോകുന്ന ശീലം സമൂഹത്തിനുണ്ടെന്ന് ശരത് കുമാര്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗത ചിന്തകളെ തകിടം മറിക്കുന്നതായിരുന്നു പ്രളയം. പ്രകൃതിയെ മറന്നതിന്റെ പ്രത്യാഘാതം കൂടിയാണത്. ഒരുമയുടെ പാഠം കൂടി പ്രളയം മലയാളിയെ പഠിപ്പിച്ചുവെന്ന് ശ്യാമപ്രസാദ് പറഞ്ഞു. കഠിനമായ സാഹചര്യങ്ങളെ എങ്ങിനെ അതിജീവിക്കാമെന്നും പ്രളയം കാണിച്ചുതന്നു.

ആശങ്ക, നിസ്സഹായാവസ്ഥ എന്നിവയെ വരച്ചു കാട്ടുന്നതാണ് ഈ പ്രതിഷ്ഠാപനമെന്ന് സ്റ്റുഡന്റ്‌സ് ബിനാലെ ക്യൂറേറ്ററായ ആര്‍ട്ടിസ്റ്റ് എം പി നിഷാദ് പറഞ്ഞു. പ്രളയത്തെ അവതരിപ്പിച്ചതാണ് വേറിട്ടു നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നടക്കം 200 വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട്, ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് എജ്യൂക്കേഷന്‍ എന്നിവയുടെ സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് സ്റ്റുഡന്റ്‌സ് ബിനാലെ സംഘടിപ്പിക്കുന്നത്.

Comments

comments

Categories: FK News
Tags: Mud mapping

Related Articles