എംജി ഹെക്ടറിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

എംജി ഹെക്ടറിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ടാറ്റ ഹാരിയറിന്റെയും ജീപ്പ് കോംപസിന്റെയും ഉറക്കം കെടുത്താന്‍ ഈ വര്‍ഷം പകുതിയോടെ അവതരിക്കും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ സ്‌പെസിഫിക്കേഷനുകളോടെ നിര്‍മ്മിച്ച എംജി ഹെക്ടര്‍ എസ്‌യുവിയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എംജി (മോറിസ് ഗാരേജസ്) മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‌യുവി. ടെലിവിഷന്‍ പരസ്യത്തിനായി ചിത്രീകരിക്കുമ്പോഴാണ് എസ്‌യുവിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവി അവതരിപ്പിക്കും. ബേസ് വേരിയന്റിന് 15 ലക്ഷം രൂപയായിരിക്കും വില. ഇന്ത്യയിലെ ആദ്യ കണക്റ്റഡ് പാസഞ്ചര്‍ വാഹനം കൂടിയായിരിക്കും എംജി ഹെക്ടര്‍ എസ്‌യുവി. ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ് തുടങ്ങിയ വാഹനങ്ങള്‍ക്കെതിരെ മല്‍സരിക്കും.

എംജി ഹെക്ടര്‍ എസ്‌യുവിയുടെ ടീസര്‍ വീഡിയോ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. സണ്‍റൂഫ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് മൗണ്ടഡ് സ്‌പോയ്‌ലര്‍ എന്നിവ ടീസറില്‍ കാണാനിടയായി. ഹണികോമ്പ് ഗ്രില്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു.

ഹെക്ടര്‍ എന്ന റോയല്‍ ബ്രിട്ടീഷ് ബൈപ്ലേനില്‍നിന്നാണ് ഇന്ത്യയിലെ ആദ്യ വാഹനത്തിന് എംജി മോട്ടോര്‍ പേര് സ്വീകരിച്ചത്. ഗ്രീക്ക് പുരാണത്തിലെ ട്രോയ് രാജകുമാരന്‍ കൂടിയാണ് ഹെക്ടര്‍. അളവുകള്‍ പറയുകയാണെങ്കില്‍, പുതു തലമുറ ഹോണ്ട സിആര്‍-വിയേക്കാള്‍ വലുതായിരിക്കും.

ജീപ്പ് കോംപസ് ഉപയോഗിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 170 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കും. രണ്ട് എന്‍ജിനുകളുടെയും കൂടെ മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. പെട്രോള്‍ മോട്ടോറിന് 6 സ്പീഡ് ഡിസിടി (ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) ഓപ്ഷണലായി ലഭിക്കും.

Comments

comments

Categories: Auto
Tags: MG Hector