മരുന്നുകളിലെ നിര്‍ജ്ജീവചേരുവകള്‍ അലര്‍ജിക്ക് കാരണം

മരുന്നുകളിലെ നിര്‍ജ്ജീവചേരുവകള്‍ അലര്‍ജിക്ക് കാരണം

പെട്ടെന്നു കേടാകാതിരിക്കാന്‍ ഗുളികകളില്‍ ചേര്‍ക്കുന്ന ചില ചേരുവകള്‍ അലര്‍ജിയോ പ്രതിപ്രവര്‍ത്തനമോ ഉണ്ടാക്കുമെന്നു പഠനം

ചില മരുന്നുകളെക്കുറിച്ചുള്ള ഭയം നേരത്തേ മുതല്‍ ഉള്ളതാണ്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, അലര്‍ജി സാധ്യത എന്നിവയെക്കുറിച്ച് പരമ്പരാഗത വൈദ്യന്മാരും മറ്റും പറയാറുള്ള ആരോപണങ്ങള്‍ക്ക് വിശ്വസനീയതയില്ലെന്നു പറഞ്ഞു തള്ളിക്കളയുകയായിരുന്നു ആധുനികവൈദ്യശാസ്ത്രം. എന്നാല്‍ ഈ ആശങ്കകളില്‍ ഒരു പരിധി വരെ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. മരുന്നുകള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. കൂടുതല്‍ കാലം കേടാകാതെയിരിക്കാന്‍ ഗുളികകളില്‍ ചേര്‍ക്കുന്ന ചില ചേരുവകള്‍ അലര്‍ജി ഉണ്ടാക്കുന്നതിനോ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എംഐടി)യിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മരുന്നിന്റെ പ്രവര്‍ത്തനം മൂലം രോഗലക്ഷണങ്ങളില്‍ പ്രകടമായ വ്യതിയാനങ്ങളുണ്ടാകാം. ഇത് ശരിയായ രോഗനിര്‍ണയത്തിന് തടസ്സമുണ്ടാക്കുന്നു. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. ആമാശയവ്രണങ്ങള്‍, രക്തസ്രാവം, ഛര്‍ദി, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവ സാധാരണ കണ്ടുവരാറുണ്ട്. ആന്റിബയോട്ടിക്കുകളുടെ ദീര്‍ഘകാല ഉപയോഗം കുട്ടികളില്‍ നിരവധി ദൂഷ്യഫലങ്ങളുണ്ടാക്കാറുണ്ട്. ചിലതരം മരുന്നുകളോടുള്ള അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് ചുവന്ന പാടുകളും ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം. അതു കൊണ്ടാണ് ചില മരുന്നുകളുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം ഇത്തരം ലക്ഷണങ്ങള്‍ കാണുന്നില്ലെങ്കില്‍ മാത്രം അവ ശസ്ത്രക്രിയയ്ക്കും മറ്റും ഉപയോഗിക്കുന്നത്.

വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗത്തെ തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പാരസിറ്റാമോളിന്റെ അമിതോപയോഗം ഭാവിയില്‍ കരളിനെ ബാധിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പും വന്നിട്ടുണ്ട്. ഗര്‍ഭനിരോധന ഗുളികകളുടെ തുടര്‍ച്ചയായ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. മരുന്നുകള്‍ ഉപയോഗിച്ചുതുടങ്ങുന്ന ഘട്ടത്തില്‍ത്തന്നെ ഓക്കാനം, ഛര്‍ദി തുടങ്ങിയവ ഉണ്ടായെന്നുവരാം. തുടര്‍ന്ന് തുടര്‍ച്ചയായ തലവേദന, മൈഗ്രെയിന്‍, സ്തനവേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളും ആര്‍ത്തവത്തകരാറുകളും ഉണ്ടാകാറുണ്ട്. ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം കാലക്രമേണ പ്രമേഹം, രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയ്ക്കു വഴി തെളിച്ചേക്കാം.

350,000 സജീവമല്ലാത്ത ഘടകങ്ങളുള്ള 42,000 മരുന്നു ചേരുവകളുടെ വിവരങ്ങള്‍ സംഘം വിശകലനം ചെയ്തു. വിപണിയിലുള്ള ഭക്ഷ്യയോഗ്യമായ 90%ത്തില്‍ കൂടുതല്‍ മരുന്നുകളിലും രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ലാക്ടോസ്, നിലക്കടലയെണ്ണ, ഗ്ലൂട്ടന്‍, രാസനിറങ്ങള്‍ തുടങ്ങിയവയാണ് അടങ്ങിയിരിക്കുന്നതെന്നു മനസിലാക്കാനായത്. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നവയാണ്. ഈ ഘടകങ്ങള്‍ രുചി, കാലദൈര്‍ഘ്യം, ആഗിരണം, ഗുളികയുടെ മറ്റ് സവിശേഷതകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനാണു കൂട്ടിച്ചേര്‍ക്കുന്നത്.

സാധാരണഗതിയില്‍ വ്യത്യസ്തമായ ചേരുവകള്‍ ഉപയോഗിച്ചാണു നൂറുകണക്കിന് വിവിധ ഗുളികകളും ക്യാപ്‌സ്യൂളുകളും നിര്‍മ്മിക്കുന്നത്. എംഐടി പഠനത്തില്‍ അലര്‍ജിക്ക് കാരണമായ 38 നിര്‍ജ്ജീവചേരുവകള്‍ കണ്ടെത്തി. മിക്കവാറും മരുന്നുകളില്‍ ഏകദേശം 45 ശതമാനം ലാക്ടോസും 33 ശതമാനം രാസനിറങ്ങളും 0.08 ശതമാനം നിലക്കടല എണ്ണയും അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ ഹോര്‍മോണ്‍ നില സന്തുലിതമാക്കി ആര്‍ത്തവ ചക്രവും ഗര്‍ഭധാരണവും സാധാരണഗതിയിലാക്കാനുള്ള പ്രോജസ്റ്ററോണ്‍ പോലെയുള്ള ചില മരുന്നുകളില്‍ ഇത്തരം നിഷ്‌ക്രിയ ഘടകങ്ങള്‍ കാര്യമായി അടങ്ങിയിരിക്കുന്നു. ഇവയ്ക്കാണെങ്കില്‍ ബദല്‍ ഔഷധങ്ങളും കുറവാണ്.

ഈ ചേരുവകളെ നിഷ്‌ക്രിയഘടകങ്ങള്‍ എന്ന് വിളിക്കുമ്പോള്‍ത്തന്നെ ഇവ അത്രയ്ക്ക് നിര്‍ജ്ജീവമല്ലെന്നാണു മനസിലാക്കേണ്ടത്. ഇവയിലടങ്ങിയിരിക്കുന്ന രാസഘടകങ്ങളുടെ ഡോസേജ് കുറഞ്ഞിരിക്കുന്നുവെന്നു മാത്രമേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. ഇതിന്റെ വര്‍ധിച്ച ഉപഭോഗം ഓരോ രോഗിയിലും വിഭിന്ന പ്രതികരണങ്ങളായിരിക്കും ഉണ്ടാക്കുക. ഭൂരിഭാഗം സംഭവങ്ങളിലും ഇതിന്റെ പ്രതികരണം എങ്ങനെയാണു സംഭവിക്കുന്നതെന്ന് മനസിലാക്കുക പ്രയാസമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകള്‍ ലേബല്‍ ചെയ്യുമ്പോള്‍ സൂക്ഷ്മപരിശോധനയും നിയന്ത്രണവും കര്‍ശനമായ നിയമനിര്‍മ്മാണവുമെല്ലാം അത്യാവശ്യമാണ്. സയന്‍സ് ട്രാന്‍സ്ലേഷനല്‍ മെഡിസിന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments

comments

Categories: Health