തൊഴില്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനം പുറത്തുവിട്ടേക്കും

തൊഴില്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനം പുറത്തുവിട്ടേക്കും

ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തിലാണെന്നാണ് കരട് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍

ന്യൂഡെല്‍ഹി: നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) വിവാദ തൊഴില്‍ കണക്കുകള്‍ ഈ മാസം അവസാനത്തോടെ പുറത്തുവിടുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മുഴുവന്‍ തൊഴില്‍ വിവരങ്ങളും വിദഗ്ധ സമിതി പരിശോധിച്ച ശേഷമായിരിക്കും കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിടുന്നത്.

ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ മാസം സര്‍ക്കാര്‍ തള്ളികളഞ്ഞിരുന്നു. തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാലിത് അനവസരത്തിലുള്ളതാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതൊരു കരട് റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട് അല്ലെന്നും നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍ അന്ന് പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാര്‍ച്ചില്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഈ മാസം അവസാനത്തോടെ തൊഴില്‍ കണക്കുകള്‍ പുറത്തുവിടാന്‍ സാധിച്ചേക്കും. കരട് റിപ്പോര്‍ട്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പരിശോധിച്ചുവരികയാണ്. നേരത്തെ വിദഗ്ധരടങ്ങുന്ന ഒരു സമിതി റിപ്പോര്‍ട്ട് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോര്‍ട്ട് തയറാക്കിയ രീതി ഒന്നുകൂടി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന അഭിപ്രായത്തിലേക്ക് സമിതി എത്തിച്ചേര്‍ന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2011-2012 മുതല്‍ റിപ്പോര്‍ട്ട് തയാറാക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ രണ്ട് സെറ്റ് വിവരങ്ങള്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് വിദഗ്ധ സമിതി മനസിലാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് തൊഴില്‍/തൊഴിലില്ലായ്മ നിരക്ക് വ്യക്തമാക്കികൊണ്ടുള്ള സര്‍വേ പ്രസിദ്ധീകരിക്കുന്നത്. റിപ്പോര്‍ട്ട് കൂടുതല്‍ സുതാര്യമാക്കുന്നതിന് തങ്ങളുടെ പരാമവധി ശ്രമിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പറഞ്ഞു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന തിയതി കൃത്യമായി പറയാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് വൈകുന്നത് വിവാദമായിരിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് രണ്ട് കോടി തൊഴിലവലസരങ്ങള്‍ സൃഷ്ടിക്കുമെന്ന പൊതുതെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതും റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നുണ്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ആയിരിക്കും.

Comments

comments

Categories: FK News
Tags: Job report