ജന്‍ ഔഷധി വിപണിയുടെ 20 ശതമാനം പിടിച്ചെടുത്തു

ജന്‍ ഔഷധി വിപണിയുടെ 20 ശതമാനം പിടിച്ചെടുത്തു

ഗുണമേന്മയുള്ള മരുന്നുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതി ജന്‍ ഔഷധി, ബ്രാന്‍ഡഡ് മരുന്നു കുത്തകകളുടെ വില്‍പ്പനയില്‍ ഇടിവു വരുത്തിയതായി റിപ്പോര്‍ട്ട്. 50-90 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതാണ് എതിരാളികള്‍ക്ക് ഭീഷണിയാകുന്നത്. ഇന്ത്യന്‍ മരുന്നുവിപണിയുടെ 20 ശതമാനം ജന്‍ ഔഷധിക്കു പിടിച്ചെടുക്കാനായെന്നാണ് റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഫാര്‍മ പിഎസ്‌യു ഓഫ് ഇന്ത്യ (ബിപിപിഐ) വഴി വിപണിയിലെത്തിക്കുന്ന ഏകദേശം 6000 കോടി രൂപയുടെ ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്നുകള്‍ പ്രതിവര്‍ഷം 25,000-30,000 കോടിയുടെ ബ്രാന്‍ഡഡ് മരുന്നു കമ്പനികളുടെ വില്‍പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ശരാശരി അഞ്ച് മടങ്ങു വരെ വില വ്യത്യാസം അനുഭവപ്പെടുന്നുണ്ട്.

രാജ്യത്തൊട്ടാകെ 5000 ജന്‍ ഔഷധി സ്റ്റോറുകളാണുള്ളത്. ഇവയിലൂടെ കാന്‍സര്‍, വിവിധ സാംക്രമിക രോഗങ്ങള്‍, പ്രത്യുല്‍പ്പാദന, ഉദരരോഗങ്ങള്‍ തുടങ്ങി 800ലധികം അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കുന്നു. 2020 ല്‍ സര്‍ക്കാര്‍ 2,500 ജന്‍ ഔഷധി സ്റ്റോറുകള്‍ കൂടി തുറക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന്റെ കണക്ക് പ്രകാരം നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 150 കോടി രൂപയുടെ മരുന്നാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി വിറ്റഴിച്ചത്. 2018ല്‍ ബിപിപിഐ 120 കോടിയുടെ മരുന്നു വിറ്റു. 600 കോടി രൂപയുടെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളെയാണ് ഇത് ബാധിച്ചത്. 2017-ല്‍ ബിപിപിഐ 33 കോടിയുടെയും 2016ല്‍ 12. 4 കോടിയുടെയും വില്‍പ്പന നടത്തിയിരുന്നു.

2021 ആകുമ്പോഴേക്കും ബിപിപിഐക്ക് പതിനായിരത്തിലേറെ സ്റ്റോറുകളുമായി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. ഓരോ സ്റ്റോറിലും പ്രതിമാസം അഞ്ചു ലക്ഷം രൂപയോളം വരുമാനം ലഭിക്കും. ഇതോടെ ഈ പദ്ധതി 6000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ജനറിക് മരുന്നുകള്‍ക്കു വേണ്ടിയുള്ള ഉപഭോക്താക്കളുടെ പ്രവാഹം ജന്‍ ഔഷധിയുടെ വരുമാന വളര്‍ച്ചയില്‍ പ്രതിഫലിക്കും. ഇത് ബ്രാന്‍ഡഡ് മരുന്ന് ഉല്‍പ്പാദകരില്‍ വില കുറയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ നിലയില്‍ ജന്‍ ഔഷധിയുടെ വളര്‍ച്ച മുന്നേറുകയാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ ബ്രാന്‍ഡഡ് മരുന്നുകമ്പനികള്‍ക്ക് വരുമാനവളര്‍ച്ച ഒരു വെല്ലുവിളിയായി മാറും.

Comments

comments

Categories: FK News
Tags: Jan aushadhi