എഫ്പിഐകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 20,400 കോടി രൂപ

എഫ്പിഐകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 20,400 കോടി രൂപ

ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലും പുരോഗതി

മുംബൈ: ഈ മാസം ആദ്യ പകുതിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിച്ചത് 20,400 കോടി രൂപ. ആഗോളതലത്തിലെ അനുകൂല ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ പ്രധാനമായും സ്വാധീനിച്ചത്. നിരക്ക് വര്‍ധന വൈകിപ്പിക്കാനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും യുഎസ്-ചൈന വ്യാപാര ചര്‍ച്ചകള്‍ സംബന്ധിച്ച് ശുഭ പ്രതീക്ഷകള്‍ ഉണര്‍തുമാണ് വളര്‍ന്നുവരുന്ന വിപണികള്‍ക്ക് പ്രധാനമായും ആവേശമായത്.
ഫെബ്രുവരിയില്‍ 11,182 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് രാജ്യത്തെ മൂലധന വിപണികളില്‍ എഫ്പിഐകള്‍ നടത്തിയിരുന്നത്. ജനുവരിയില്‍ 5,264 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പി ഐകളില്‍ നിന്നുണ്ടായത്. മാര്‍ച്ച് 1 മുതല്‍ 15 വരെയുള്ള വ്യാപാര ദിവസങ്ങളില്‍ ഇക്വിറ്റികളില്‍ 17,919 കോടി രൂപയുടെയും ഡെറ്റ് വിപണിയില്‍ 2,499 കോടി രൂപയുടെയും അറ്റ നിക്ഷേപം എഫ്പിഐ കള്‍ നടത്തിയെന്ന് ഡെപ്പോസിറ്ററീസ് ഡാറ്റ വ്യക്തമാക്കുന്നു.
യുഎസ് പലിശ നിരക്കുകള്‍ ഉയരുന്നത് സംബന്ധിച്ച ആശങ്കള്‍ ഒഴിഞ്ഞത് സമ്മര്‍ദത്തിലുള്ള ബാങ്കിംഗ്, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് ഫണ്ട്‌സ്ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട്‌സ് റിസര്‍ച്ച് ഹെഡ് വിദ്യ ബാല പറയുന്നു. എഫ്പി ഐ നിക്ഷേപങ്ങളില്‍ സ്വാഗതാര്‍ഹമായ അന്തരീക്ഷമാണ് കഴിഞ്ഞ രണ്ടാഴ്ച കാലത്തില്‍ ഉണ്ടായതെങ്കിലും ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങള്‍ ചില ആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് മോണിംഗ്‌സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ഇന്ത്യ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ നിരീക്ഷിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതിയും പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അനിശ്ചിതത്വങ്ങളും എഫ്പി ഐ നിക്ഷേപങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രതിഫലിച്ചേക്കാം.
യുഎസ് പലിശ നിരക്ക്, ഡോളറിന്റെ കയറ്റിറക്കങ്ങള്‍ എന്നിവയുടെ ഫലമായി വലിയ ചാഞ്ചാട്ടങ്ങള്‍ 2019ല്‍ ആഗോള വിപണിയില്‍ കാണാനാകുമെന്നാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പ്ലാറ്റ്‌ഫോമായ ഗ്രോയുടെ സിഒഒ ഹര്‍ഷ് ജെയ്ന്‍ പറയുന്നത്. എന്നാല്‍ വികസിത വിപണികളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണിയില്‍ അനിശ്ചിതത്വങ്ങള്‍ കുറവായിരിക്കുമെന്നും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഹ്രസ്വകാലത്തേക്ക് മാത്രമാണ് ഉണ്ടാവുകയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
നടപ്പുവര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ 31500 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയിട്ടുള്ളത്. എഫ്പി ഐ നിക്ഷേപങ്ങളില്‍ ഉണ്ടായ ഉയര്‍ച്ചയുടെ പിന്തുണയോടെ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 69.71ലേക്ക് കഴിഞ്ഞയാഴ്ച എത്തിയിരുന്നു. തുടര്‍ന്നും രൂപ മൂല്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഡോളറിനെതിരേ 68.76 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.

Comments

comments

Categories: FK News
Tags: FPI, investment