എബോള സഹായം തുടരണം

എബോള സഹായം തുടരണം

എബോള നിര്‍വ്യാപനം തടഞ്ഞുവെന്ന് ലോകാരോഗ്യസംഘന അവകാശപ്പെടുന്നുണ്ടെങ്കിലും കോംഗോ ലോകരാഷ്ട്രങ്ങളോട് ദീര്‍ഘകാല സഹായം ആവശ്യപ്പെടുകയാണ്

2013-ല്‍ ലോകത്തെ ഭീതിയിലാക്കിയ മാരകവൈറസ് രോഗം എബോള, നിയന്ത്രണത്തിലാകുന്നുവെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). അന്ന് എബോള പൊട്ടിപ്പുറപ്പെട്ട കോംഗോയില്‍ രോഗം ഇപ്പോള്‍ ഇവിടെ രണ്ട് പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. സെപ്റ്റംബറോടെ രോഗവ്യാപനം പൂര്‍ണമായി തടയാനാകുമെന്നും ഡബ്ല്യുഎച്ച്ഒ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ രാജ്യത്തിന് ലോകത്തിന്റെ സഹായം ഇനിയും ആവശ്യമാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡെറോസ് ഗീബ്രെയസസ് അദനോം പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവുംവലിയ ദുരന്തങ്ങളില്‍ ഒന്നാണ് എബോള. ഇവിടെ 587 ആളുകളാണ് ഇതു മൂലം മരണമടഞ്ഞത്. അതിവേഗമുണര്‍ന്ന രാജ്യാന്തര പ്രതികരണത്തെ തുടര്‍ന്ന് രോഗവ്യാപനം തടയാനായി. 1976 ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനിലും കോംഗോയിലുമാണ് എബോളരോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയില്‍ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാല്‍ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

രോഗബാധിതപ്രദേശം അടച്ചു മൂടിയതിനാലാണ് രോഗവ്യാപനം ചുരുങ്ങിയതെന്ന് ഗീബ്രെയസസ് പറയുന്നു. തങ്ങളുടെ ലക്ഷ്യം അടുത്ത ആറു മാസത്തിനുള്ളില്‍ സംപൂര്‍ണ രോഗനിര്‍മാര്‍ജ്ജനമാണ്. ജനുവരിക്കു ശേഷം പുതിയ രോഗബാധിതരുടെ എണ്ണം ജനുവരിയില്‍ നിന്നും പകുതിയായി കുറഞ്ഞു. ബ്യൂറ്റെമ്പൊ, കറ്റ്വ എന്നിവിടങ്ങളില്‍ മാത്രമായി വൈറസ്ബാധ ഒതുങ്ങി. കലാപകലുഷിതമായ പ്രദേശമാണ് കോംഗോ. നിലവില്‍ വംശീയപ്രശ്‌നങ്ങളും സായുധാക്രമണങ്ങളും വേഗത്തിലുള്ള രോഗപരിഹാരങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നു.

സാധാരണ ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിശ്വസിക്കാത്തതിനാലാണ് എബോളക്കെതിരായ പോരാട്ടങ്ങളുടെ വിജയം ലക്ഷ്യം കാണാത്തത്. എബോള ചികില്‍സാ കേന്ദ്രത്തിനെതിരേ അഞ്ച് ആക്രമണങ്ങള്‍ നടന്നു. കഴിഞ്ഞയാഴ്ച സന്നദ്ധ മെഡിക്കല്‍ സംഘമായ എംഎസ്എഫിന്റെ തലവന്‍ ആക്രമിക്കപ്പെട്ടു. എബോളമരണമെന്നു സംശയിച്ചവരുടെ ശരീര സ്രവങ്ങള്‍ എടുത്തുന്നവര്‍ക്കെതിരേയുള്ള ആക്രമണങ്ങളും ഏതാണ്ട് നിത്യസംഭവങ്ങളാണ്. എബോളയെപ്പറ്റിയുള്ള പ്രദേശവാസികളുടെ അജ്ഞതയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസം. പ്രദേശവാസികളില്‍ പലരും ചോദിക്കുന്നത് കോളറയും മലേറിയയും പോലുള്ള മറ്റ് പ്രശ്‌നങ്ങളെ കാര്യമായി പരിഗണിക്കാതെ എബോളയെക്കുറിച്ചു മാത്രം വ്യാപക പ്രചാരണം നടത്തുന്നതെന്തിനെന്നാണ്.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് എബോള. രോഗബാധിത ജീവിയുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. എബോള വൈറസ് മനുഷ്യനിലെത്തുന്നത് രോഗം ബാധിച്ച ചിമ്പാന്‍സി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാല്‍ എന്നിവയിലൂടെയാണ്. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പര്‍ശനത്തിലൂടെയും രോഗാണുക്കള്‍ പകരാം. ശരീരത്തിലെ മുറിവുകള്‍, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.

രോഗത്തെ ചെറുത്തു തോല്‍പ്പിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണെന്ന് ഗീബ്രെയസസ് ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം തടഞ്ഞുനിര്‍ത്താനും മികച്ചൊരു ആരോഗ്യസംവിധാനത്തെ വാര്‍ത്തെടുക്കാനും സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയ്തു. കോംഗോയിലെ പ്രശ്‌നം പരിഹരിക്കപ്പെടാത്ത പക്ഷം മറ്റു രാജ്യങ്ങളിലേക്ക് എബോള വ്യാപിക്കുന്നത് തടയാന്‍ നമുക്ക് ഏറെ പണിപ്പെടേണ്ടി വരും. എബോള നിര്‍മാര്‍ജ്ജനം ചെയ്താല്‍ത്തന്നെ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഒറ്റയടിക്ക് ഉപേക്ഷിച്ചു മടങ്ങിപ്പോകാനാകില്ല. രാജ്യത്തെ ആരോഗ്യപരിപാലനരംഗം ശക്തമാക്കാന്‍ കോംഗോ സര്‍ക്കാരിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആറുമാസത്തിനുള്ളില്‍ എബോള പ്രതിരോധത്തിനായി 148 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണു ഡബ്ല്യുഎച്ച്ഒ തയാറാക്കുന്നത്. ഇതിനുള്ള ധനസഹായത്തിനായി അന്താരാഷ്ട്ര ദാതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. 2013-2016 ല്‍ പശ്ചിമ ആഫ്രിക്കയിലൊട്ടാകെ 11,300 പേരാണ് മരിച്ചത്. ഇതു മൂലം കലാപവും ദാരിദ്ര്യവും നടമാടുന്ന ഇവിടത്തെ രാജ്യങ്ങള്‍ക്ക് 53 ബില്യണ്‍ ഡോളര്‍ നഷ്ടവുമുണ്ടായിട്ടുണ്ട്.

Comments

comments

Categories: Health
Tags: Ebola