ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ ഇലക്ട്രിക് കാറിനെ സിനിമയിലെടുത്തു

ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ ഇലക്ട്രിക് കാറിനെ സിനിമയിലെടുത്തു

അടുത്ത ജയിംസ് ബോണ്ട് പടത്തില്‍ ശ്രദ്ധേയ വേഷം അവതരിപ്പിക്കും

ലണ്ടന്‍ : അടുത്ത ജയിംസ് ബോണ്ട് പടത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ ശ്രദ്ധേയ വേഷം അവതരിപ്പിക്കും. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ‘റാപ്പിഡ് ഇ’ പൂര്‍ണ്ണ ഇലക്ട്രിക് കാറിലായിരിക്കും ഏജന്റ് 007 നിരത്തുകളിലൂടെ കുതിക്കുന്നത്. ജെയിംസ് ബോണ്ടിന്റെ വേഷത്തിലെത്തുന്ന ഡാനിയല്‍ ക്രെയ്ഗ് ഓള്‍ ഇലക്ട്രിക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ നിരത്തുകളിലൂടെ പറപ്പിക്കും. ‘ബോണ്ട് 25’ അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യും. ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ ഇലക്ട്രിക് കാറിന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം കൂടിയായിരിക്കും സിനിമ.

സ്‌പോര്‍ട്‌സ്‌കാറിന്റെ 155 യൂണിറ്റ് മാത്രമാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്നത്. 2.50 ലക്ഷം ബ്രിട്ടീഷ് പൗണ്ടായിരിക്കും വില. ഈ വര്‍ഷം നാലാം പാദത്തില്‍ കാര്‍ ഷോറൂമുകളിലെത്തും. 320 കിലോമീറ്ററായിരിക്കും റേഞ്ച്. 65 കിലോവാട്ട്അവര്‍ ബാറ്ററി കരുത്തേകും. റിയര്‍ വീല്‍ ഡ്രൈവ് വാഹനത്തിന് രണ്ട് മോട്ടോറുകളാണ് നല്‍കിയിരിക്കുന്നത്. ആകെ 610 പിഎസ് കരുത്തും 950 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 0-60 മൈല്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് നാല് സെക്കന്‍ഡില്‍ താഴെ സമയം മതി. മണിക്കൂറില്‍ 155 മൈലാണ് ടോപ് സ്പീഡ്.

Comments

comments

Categories: Auto