അറബ് ഫണ്ടുമായി 300 മില്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ ഒപ്പുവെച്ച് സുഡാന്‍

അറബ് ഫണ്ടുമായി 300 മില്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ ഒപ്പുവെച്ച് സുഡാന്‍

അറബ് നാണ്യനിധിയില്‍ നിന്ന് 230 മില്യണ്‍ ഡോളറും അറബ് ട്രേഡ് ഫിനാന്‍സിംഗ് പ്രോഗ്രാമില്‍ നിന്ന് 70 മില്യണ്‍ ഡോളറും വായ്പയായി സ്വീകരിക്കും

കെയ്‌റോ: അറബ് ഫണ്ടില്‍ നിന്നും 300 മില്യണ്‍ ഡോളറിന്റെ വായ്പ സ്വീകരിക്കുന്നതിനുള്ള കരാറില്‍ സുഡാന്‍ ഒപ്പുവെച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനപ്രക്ഷോഭങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് അറബ് ഫണ്ടില്‍ നിന്നും വായ്പാ സഹായങ്ങള്‍ സ്വീകരിക്കാന്‍ സുഡാനിലെ സര്‍ക്കാര്‍ തീരുമാനിച്ചത്.

അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് നാണ്യനിധിയില്‍ 230 മില്യണ്‍ ഡോളര്‍ വായ്പയായി സ്വീകരിക്കാന്‍ ധനമന്ത്രായലയം തീരുമാനിച്ചതായി മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അറബ് നാണ്യനിധിക്ക് പങ്കാളിത്തമുള്ള അറബ് ട്രേഡ് ഫിനാന്‍സിംഗ് പ്രോഗ്രാമുമായി 70 മില്യണ്‍ ഡോളറിന്റെ മറ്റൊരു വായ്പാ കരാറില്‍ ഒപ്പുവെച്ചതായും സുഡാനിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറും കേന്ദ്രബാങ്ക് ഗവര്‍ണര്‍ അടക്കമുള്ള രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അറബ് നാണ്യനിധി ഡയറക്റ്റര്‍ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഹമീദിയുമായി തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ വായ്പാ കരാറുകളില്‍ ഒപ്പുവെക്കാന്‍ ധാരണയായത്.

കൊടിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 19 മുതല്‍ സുഡാന്‍ ജനകീയപ്രക്ഷോഭങ്ങള്‍ക്ക് വേദിയാകുകയാണ്. മൂന്ന് ദശാബ്ദം നീണ്ട ബാഷിറിന്റെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ പണലഭ്യത വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പണപ്പെരുപ്പം 70 ശതമാനത്തിലും കവിഞ്ഞിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇത് 50 ശതമാനമായി കുറഞ്ഞു.

സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതിനായി വളരെ കഷ്ടപ്പെട്ടാണ് സര്‍ക്കാര്‍ വിദേശങ്ങളില്‍ നിന്നും പുതിയ ഫണ്ടുകള്‍ കണ്ടെത്തിയതെന്ന് നയതന്ത്രജ്ഞര്‍ അവകാശപ്പെട്ടു.

Comments

comments

Categories: Arabia

Related Articles