ഹൃദ്രോഗ നിര്‍ണയത്തിന് ആപ്പിള്‍ വാച്ച്

ഹൃദ്രോഗ നിര്‍ണയത്തിന് ആപ്പിള്‍ വാച്ച്

താളം തെറ്റുന്ന ഹൃദയമിടിപ്പ് കണ്ടെത്താന്‍ ആപ്പിള്‍ വാച്ചുകള്‍ ഉപയോഗപ്പെട്ടതായി റിപ്പോര്‍ട്ട്. ഏട്രിയല്‍ ഫിബ്രില്ലേഷന്‍ എന്ന അസുഖം ആദ്യഘട്ടത്തില്‍ത്തന്നെ കണ്ടെത്താന്‍ ഈ ഡിവൈസ് ഉപയോഗപ്പെട്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസ് പൗരന്മാരില്‍ സാധാരണ കാണപ്പെടുന്ന രോഗമാണിത്. ഭാവിയില്‍ ആരോഗ്യരംഗത്ത് ഇത്തരം ശരീരത്തില്‍ അണിയാവുന്ന ഡിവൈസുകളുടെ പ്രാധാന്യം എടുത്തു കാട്ടുന്ന പഠനമാണിത്.

ഹൃദ്രോഗത്തിന്റെ ഏറ്റവും സാധാരണമായ ഒരു രൂപമാണ് ഏട്രിയല്‍ ഫിബ്രില്ലേഷന്‍. ചികില്‍സ ലഭിക്കാത്ത പക്ഷം ഈ രോഗികള്‍ക്ക് പക്ഷാഘാത സാധ്യത ഉണ്ടാകാനുള്ള സാധ്യത അഞ്ചു മടങ്ങാണ്. നാലു ലക്ഷം ആപ്പിള്‍ ഉപയോക്താക്കളില്‍ നടത്തിയ പഠനമാണ് ഇക്കാര്യത്തില്‍ നിര്‍ണായക സൂചനകള്‍ നല്‍കിയത്.  ന്യൂ ഏര്‍ലീയന്‍സില്‍ നടന്ന അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി മീറ്റിംഗിലാണ് വിഷയം അവതരിപ്പിച്ചത്.

നാലു ലക്ഷം പേരില്‍ 0.5 ശതമാനം പേര്‍ക്കാണ് (2,000 പേര്‍ക്ക്) അനിയന്ത്രിതമായ പള്‍സ് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചത്. ഇവരുടെ ഇസിജി പരിശോധന നടത്തിയപ്പോള്‍ ഏട്രിയല്‍ ഫിബ്രില്ലേഷന്‍ ബാധിച്ചതായി കണ്ടെത്തി. വാച്ച്ധാരികളില്‍ സന്ദേശം ലഭിച്ച മൂന്നില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കാനായെന്നാണു ഗവേഷകര്‍ പറയുന്നത്. അനിയന്ത്രിതമായ പള്‍സ് അറിയിപ്പുകളില്‍ 84 ശതമാനം വരെ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.

ഈ വിവരങ്ങള്‍ ഡോക്റ്റര്‍മാര്‍ക്ക് വളരെയധികം സഹായകമാകുമെന്ന് ഡോ. മാര്‍ക്കോ പെരസ് പറഞ്ഞു. തങ്ങളുടെ പരിശോധനയിലെ നിഗമനങ്ങളുമായി ചേര്‍ത്തു വെച്ച് ലാബ് പരീക്ഷണങ്ങള്‍ ഒത്തുനോക്കാവുന്നതേയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഹൃദയമിടിപ്പ് തെറ്റിയെന്ന ആപ്പിള്‍ വാച്ച് സന്ദേശം ലഭിച്ച 57 ശതമാനം ഉപയോക്താക്കളും വൈദ്യസഹായം തേടുകയുണ്ടായി.

ആരോഗ്യപരിചരണ രംഗത്ത് ചുവവടുവെപ്പിനൊരുങ്ങുന്ന ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണായക നേട്ടമാണ്. കമ്പനിയുടെ പുതിയ സീരീസ് 4 വാച്ച് പഠനത്തിനു ശേഷമാണ് വിപണിയിലിറക്കുന്നത്. രോഗികളെ ചികില്‍സിക്കുമ്പോള്‍ ഇത്തരം ഡിവൈസുകളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഈ സാങ്കേതികവിദ്യക്ക് വലിയ ഭാവിസാധ്യതകളാണ് അവര്‍ കാണുന്നത്.

Comments

comments

Categories: Health