16-കാരിയെ നൊബേല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്തു

16-കാരിയെ നൊബേല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്തു

സ്റ്റോക്ക്‌ഹോം: കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ അന്താരാഷ്ട്ര പ്രസ്ഥാനത്തിന് പ്രചോദനമായിത്തീര്‍ന്ന സ്വീഡിഷ് സ്‌കൂള്‍ വിദ്യാര്‍ഥിനി 16-കാരി ഗ്രേറ്റ തങ്‌ബെര്‍ഗിനെ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു. നോര്‍വേയിലെ മൂന്ന് എംപിമാരാണു നാമനിര്‍ദേശം ചെയ്തത്. ഗ്രേറ്റയ്ക്ക് ഈ വര്‍ഷം നൊബേല്‍ സമ്മാനം ലഭിക്കുകയാണെങ്കില്‍, നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അവാര്‍ഡ് ജേതാവെന്ന അപൂര്‍വ നേട്ടത്തിനു കൂടി ഗ്രേറ്റ അര്‍ഹയാകും. 2014-ല്‍ 17 വയസുള്ളപ്പോള്‍ പാകിസ്ഥാന്റെ മലാല യൂസഫ് സായി നൊബേല്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. പഠിക്കാനുള്ള കുട്ടികളുടെ അവകാശത്തിനു വേണ്ടി പോരാട്ടം നടത്തിയതിനാണു മലാലയ്ക്ക് അവാര്‍ഡ് ലഭിച്ചത്. എല്ലാ വര്‍ഷവും ഒക്ടോബറിലാണു സമ്മാനം പ്രഖ്യാപിക്കുന്നത്. നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ ഡിസംബറിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു പരിഗണിക്കുന്നതിനു 223 വ്യക്തികളെയും 78 സംഘടനകളെയും ഇതിനോടകം നോമിനേറ്റ് ചെയ്തിട്ടുണ്ടെന്നു നൊബേല്‍ സമിതി അവരുടെ വെബ്‌സൈറ്റില്‍ അറിയിച്ചു.

യൂത്ത് സ്‌ട്രൈക്ക് ഫോര്‍ ക്ലൈമറ്റ് മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയാണു ഗ്രേറ്റ. സ്വീഡനില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റിനു മുന്‍പില്‍ ഒരു ഒറ്റയാന്‍ പ്രതിഷേധം ഗ്രേറ്റ സംഘടിപ്പിച്ചിരുന്നു. പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും ഗ്രേറ്റ പ്രതിഷേധിച്ചു. ഈയൊരു പ്രതിഷേധം ആഗോളതലത്തില്‍ നിരവധി പേരെയാണ് പ്രചോദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പോളണ്ടില്‍ യുഎന്‍ കാലാവസ്ഥ സമ്മേളനത്തിലും ഈ വര്‍ഷം ജനുവരിയില്‍ ഡാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലും കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ഗ്രേറ്റ സംസാരിച്ചതോടെ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

Comments

comments

Categories: FK News