യമഹ എംടി-15 സ്ട്രീറ്റ്‌ഫൈറ്റര്‍ ഇന്ത്യയില്‍

യമഹ എംടി-15 സ്ട്രീറ്റ്‌ഫൈറ്റര്‍ ഇന്ത്യയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 1.36 ലക്ഷം രൂപ

ന്യൂഡെല്‍ഹി : സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിളായ യമഹ എംടി-15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.36 ലക്ഷം രൂപയാണ് പൂര്‍ണ്ണമായും പുതിയ മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡാര്‍ക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കും. ഇന്ത്യയില്‍ യമഹയുടെ എംടി മോട്ടോര്‍സൈക്കിള്‍ നിരയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോഡലാണ് എംടി-15. യമഹ എംടി-09 ബൈക്കാണ് മറ്റൊരു എംടി മോഡല്‍. പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ചശേഷം യമഹ എംടി-15 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. വില, പ്രകടനമികവ് എന്നിവ പരിഗണിക്കുമ്പോള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, കെടിഎം 125 ഡ്യൂക്ക് എന്നിവയാണ് പ്രധാന എതിരാളികള്‍.

ഇന്തോനേഷ്യയില്‍ വില്‍ക്കുന്ന മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ നിരവധി മാറ്റങ്ങളോടെയാണ് യമഹ എംടി-15 ബൈക്ക് ഇന്ത്യയിലെത്തുന്നത്. കാഴ്ച്ചയില്‍, ആഗോളതലത്തില്‍ വില്‍ക്കുന്ന യമഹ എംടി മോട്ടോര്‍സൈക്കിളുകളുടെ ഡിസൈന്‍ സൂചകങ്ങള്‍ ലഭിച്ചിരിക്കുന്നു. ഉല്‍സാഹഭരിതനെന്ന പ്രകൃതം, ഉറച്ച ശരീരവും മാംസപേശികളുമുള്ള രൂപഭംഗി, തുറിച്ചുനോക്കുന്ന ഇരട്ട ഹെഡ്‌ലാംപുകള്‍ എന്നിവയാണ് യമഹ എംടി ബൈക്കുകളുടെ പ്രത്യേകതകള്‍. മോട്ടോര്‍സൈക്കിളിന്റെ വാലിന് നീളം കുറവാണ്. ടെയ്ല്‍ലൈറ്റുകള്‍ കുത്തനെ നല്‍കിയിരിക്കുന്നു.

മുന്നില്‍ സാധാരണ ഇരട്ട ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യും. എന്നാല്‍ ഇന്തോനേഷ്യന്‍ മോഡലിന്റെ മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകളാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍, മുന്‍ ചക്രത്തില്‍ 282 എംഎം ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ സിസ്റ്റം, സ്ലിപ്പര്‍ ക്ലച്ച് എന്നിവയോടെ 155 സിസി, ലിക്വിഡ് കൂള്‍ഡ്, എസ്ഒഎച്ച്‌സി എന്‍ജിനാണ് യമഹ എംടി-15 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 19 ബിഎച്ച്പി കരുത്തും 14.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

Comments

comments

Categories: Auto
Tags: Yamaha MT 15