യുഎഇ കമ്പനികള്‍ എന്തുകൊണ്ട് ഏഷ്യക്കാരായ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നു?

യുഎഇ കമ്പനികള്‍ എന്തുകൊണ്ട് ഏഷ്യക്കാരായ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നു?

താരതമ്യേന മെച്ചപ്പെട്ട തൊഴില്‍ശേഷിയും കുറഞ്ഞ വേതന ആവശ്യങ്ങളുമാണ് യുഎഇ കമ്പനികളെ ഏഷ്യന്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് അടുപ്പിക്കുന്നത്

ദുബായ്: ഏഷ്യയില്‍ നിന്നുള്ള തൊഴിലാളികളുടെ പറുദീസയാണ് ഗള്‍ഫിലെ തൊഴില്‍മേഖല. ഗള്‍ഫ് കമ്പനികള്‍ക്ക് തിരിച്ചും ഏഷ്യയില്‍ നിന്നുള്ള ജീവനക്കാരോടാണ് കൂടുതല്‍ താല്‍പര്യം. യുഎഇ കമ്പനികളില്‍ ഏഷ്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലായി നിയമിക്കപ്പെടുന്നതിന് പിന്നിലെ കാരണമെന്താണ്. ഈ വര്‍ഷവും വന്‍തോതില്‍ ഏഷ്യന്‍ തൊഴിലാളികളെ നിയമിക്കാനാണ് യുഎഇ കമ്പനികള്‍ ആഗ്രഹിക്കുന്നത്. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് കമ്പനിയായ ഗള്‍ഫ്ടാലന്റ് നടത്തിയ പഠനത്തിലൂടെ.

യുഎഇയിലെ 300ഓളം ഹയറിംഗ് മാനേജര്‍മാരില്‍ നടത്തിയ സര്‍വ്വെയുടെയും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 1,000ത്തോളം കമ്പനികളുടെ നിയമന മുന്‍ഗണനകളുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഗള്‍ഫ്ടാലന്റ് അവരുടെ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎഇയില്‍ പുതിയതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളില്‍ ഏഷ്യയില്‍ നിന്നുള്ള ജീവനക്കാരെ നിയമിക്കാനാണ് യുഎഇയിലെ തൊഴിലുടമകള്‍ ആഗ്രഹിക്കുന്നത് എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍.

ഈ വര്‍ഷം യുഎഇയിലെ തൊഴില്‍രംഗത്ത് 9 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായാണ് ഗള്‍ഫ്ടാലന്റ് പഠനം പറയുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത 36 ശതമാനം കമ്പനികള്‍ ഈ വര്‍ഷം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ 27 ശതമാനം കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. 37 ശതമാനം കമ്പനികള്‍ ജീവനക്കാരുടെ എണ്ണത്തില്‍ തത്സ്ഥിതി തുടരുമെന്നാണ് അറിയിച്ചത്.

കമ്പനികളിലെ പുതിയ തൊഴിലവസരങ്ങളില്‍ കൂടുതലായും ഏഷ്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളാണ് നിയമിക്കപ്പെടുന്നതെന്നും പഠനം പറയുന്നു. താരതമ്യേന കുറഞ്ഞ ശമ്പളമാണ് ഇവര്‍ ആവശ്യപ്പെടുന്നത് എന്നതാണ് ഏഷ്യയില്‍ നിന്നുള്ള ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിന് മുഖ്യകാരണമായി കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇ കമ്പനികള്‍ക്ക് വേണ്ടി ഗള്‍ഫ്ടാലന്റ് നടത്തിയ റിക്രൂട്ട്‌മെന്റുകളില്‍ ഏഷ്യയില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. അതേസമയം മറ്റ് അറബ്, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും നിയമിതരാകുന്നവരുടെ എണ്ണത്തില്‍ യഥാക്രമം 8 ശതമാനം, 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

ഗള്‍ഫ്ടാലന്റിന്റെ ഈ വാദം യുഎഇയിലെ കമ്പനികള്‍ തന്നെ അംഗീകരിക്കുന്നുണ്ട്. ഏഷ്യയില്‍ നിന്നുള്ള പ്രവാസികളെ നിയമിക്കുന്നതിനോടാണ് തങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമെന്ന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ എച്ച്ആര്‍ മാനേജര്‍ പറയുന്നു. തൊഴില്‍ശേഷിയോടൊപ്പം തങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന ശമ്പളമാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്.

യുഎഇയില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അതേ ജോലി ചെയ്യുന്ന അറബ് ജീവനക്കാരേക്കാളും 20 ശതമാനവും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരേക്കാള്‍ 40 ശതമാനവും കുറവ് വേതനമാണ് യുഎഇ കമ്പനികളില്‍ ലഭിക്കുന്നതെന്നും ഗള്‍ഫ്ടാലന്റ് സര്‍വ്വേയില്‍ വ്യക്തമാകുന്നു. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം യുഎഇ കമ്പനികളില്‍ നിന്നും വലിയ തോതിലുള്ള ഡിമാന്‍ഡ് ഉണ്ടായത്. ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും തൊട്ട് പിന്നാലെയുണ്ട്.

അതേസമയം യുഎഇ കമ്പനികളില്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടണില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആ കുറവ് നിസ്സാരമാണ്.

കമ്പനികളിലെ ചിലവ് കുറയ്ക്കല്‍ നയത്തിന്റെ ഭാഗമായി തൊഴില്‍ പരിജ്ഞാനം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികളെയാണ് കൂടുതലായും പരിഗണിക്കുന്നതെന്നും കമ്പനികള്‍ വ്യക്തമാക്കി. ഐടി, ആരോഗ്യ മേഖലകളിലാണ് യുഎഇയില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്നത്. ഇരു മേഖലകളിലും 30 ശതമാനം അധികം നിയമനങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. കമ്പനികളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ആരോഗ്യരംഗത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചത്. അതേസമയം സേവനമേഖലകളുടെ ഡിജിറ്റല്‍വല്‍ക്കരണവും രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വികസന നടപടികളുമാണ് ഐടി രംഗത്തെ തൊഴില്‍വളര്‍ച്ചയ്ക്ക് കാരണം. അതേസമയം മുന്‍വര്‍ഷത്തെ പോലെ നിര്‍മ്മാണമേഖല ഈ വര്‍ഷവും സമ്മര്‍ദ്ദത്തിലാണ്. ചില നിര്‍മ്മാണക്കമ്പനികള്‍ വളരെ കുറച്ച് നിയമനങ്ങള്‍ മാത്രം നടത്തുമ്പോള്‍ ചില കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള ശ്രമത്തിലാണ്. വിപണി സാഹചര്യങ്ങളെ തുടര്‍ന്ന് ഉപഭോക്തൃ താല്‍പര്യങ്ങള്‍ കുറഞ്ഞതും മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വന്നതിനെ തുടര്‍ന്ന് വിലക്കയറ്റതും ഉണ്ടായതും മൂലം രാജ്യത്തെ റീട്ടെയ്ല്‍ തൊഴില്‍രംഗവും സമ്മര്‍ദ്ദത്തിലാണ്.

Comments

comments

Categories: Arabia

Related Articles