ഇലക്ട്രിക് വാഹന വിപണി കീഴടക്കാന്‍ ടെസ്‌ല മോഡല്‍ വൈ

ഇലക്ട്രിക് വാഹന വിപണി കീഴടക്കാന്‍ ടെസ്‌ല മോഡല്‍ വൈ

39,000 യുഎസ് ഡോളര്‍ മുതലാണ് ഏഴ് മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന എസ്‌യുവിയുടെ വില

ലോസ് ആഞ്ജലസ് : ടെസ്‌ലയുടെ ഏറ്റവും പുതിയ ഓള്‍ ഇലക്ട്രിക് കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവിയായ മോഡല്‍ വൈ അനാവരണം ചെയ്തു. 39,000 യുഎസ് ഡോളര്‍ (ഏകദേശം 27 ലക്ഷം ഇന്ത്യന്‍ രൂപ) മുതലാണ് വില. സ്റ്റാന്‍ഡേഡ് റേഞ്ച്, ലോംഗ് റേഞ്ച്, ഡുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമന്‍സ് എന്നീ നാല് വേരിയന്റുകളില്‍ ടെസ്‌ല മോഡല്‍ വൈ ലഭിക്കും. ഏഴ് മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുംവിധം എസ്‌യുവിയുടെ ഉള്‍വശം വിശാലമാണെന്ന് യുഎസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു.

39,000 യുഎസ് ഡോളര്‍ വില വരുന്ന സ്റ്റാന്‍ഡേഡ് റേഞ്ച് വേര്‍ഷന്റെ ഡ്രൈവിംഗ് റേഞ്ച് 370 കിലോമീറ്ററാണ്. മണിക്കൂറില്‍ 193 കിലോമീറ്ററാണ് ടോപ് സ്പീഡ്. 0-60 മൈല്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 5.9 സെക്കന്‍ഡ് വേണം. എന്നാല്‍ പെര്‍ഫോമന്‍സ് എന്ന ടോപ് വേരിയന്റിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗത കൈവരിക്കുന്നതിന് 3.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 241 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാം. 60,000 യുഎസ് ഡോളറാണ് പെര്‍ഫോമന്‍സ് വേരിയന്റിന് വില.

എന്നാല്‍ ലോംഗ് റേഞ്ച് വേര്‍ഷനിലെ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 483 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 209 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കുന്നതിന് 5.5 സെക്കന്‍ഡ് വേണം. 47,000 യുഎസ് ഡോളറാണ് വില. 450 കിലോമീറ്ററാണ് ഡുവല്‍ മോട്ടോര്‍ എഡബ്ല്യുഡി വേരിയന്റില്‍ ലഭിക്കുന്ന ഡ്രൈവിംഗ് റേഞ്ച്. മണിക്കൂറില്‍ 217 കിലോമീറ്ററാണ് ടോപ് സ്പീഡ്. 0-60 മൈല്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 4.8 സെക്കന്‍ഡ് മതി. 51,000 യുഎസ് ഡോളറാണ് വില.

വാഹനത്തിനകത്ത് അല്‍പ്പം ഉയര്‍ന്ന നിലയിലാണ് സീറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മോഡല്‍ 3 പോലെ, മോഡല്‍ വൈ ഉപയോഗിക്കുന്നതിനും താക്കോലുകള്‍ ആവശ്യമില്ല. പകരം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാം. കാറിന്റെ എല്ലാ നിയന്ത്രണങ്ങളും 15 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്റര്‍ഫേസിലാണ് നല്‍കിയിരിക്കുന്നത്. റിമോട്ട് അണ്‍ലോക്ക്, ‘സമ്മണ്‍’, റിമോട്ട് പ്രീ-കണ്ടീഷണിംഗ്, ലൊക്കേഷന്‍ ട്രാക്കിംഗ്, സ്പീഡ് ലിമിറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് ടച്ച്‌സ്‌ക്രീന്‍ ഇന്റര്‍ഫേസ് ടെസ്‌ലയുടെ മൊബീല്‍ ആപ്പുമായി കണക്റ്റ് ചെയ്യാം. പനോരമിക് ഗ്ലാസ് റൂഫാണ് മറ്റൊരു സവിശേഷത. മുന്നിലെ ട്രങ്ക് കൂടാതെ രണ്ടാം നിര സീറ്റുകള്‍ മടക്കിവെയ്ക്കുക കൂടി ചെയ്താല്‍ ആകെ 1869 ലിറ്റര്‍ സ്റ്റോറേജ് സ്ഥലം ലഭിക്കും. വെവ്വേറെ മടക്കിവെയ്ക്കാന്‍ കഴിയുന്നതാണ് രണ്ടാം നിരയിലെ സീറ്റുകള്‍.

ടെസ്‌ലയുടെ മോഡല്‍ 3 അടിസ്ഥാനമാക്കിയാണ് മോഡല്‍ വൈ നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും എല്ലാം ആദ്യം മുതല്‍ തുടങ്ങിയെന്ന് പറയാം. താഴ്ന്ന ഗുരുത്വ കേന്ദ്രം, സുദൃഢമായ ബോഡി ഘടന, വലിയ ക്രംപിള്‍ സോണുകള്‍ എന്നിവ യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയൊരുക്കും. എയ്‌റോഡൈനാമിക് ഡിസൈന്‍, ആധുനിക ബാറ്ററി സാങ്കേതികവിദ്യ എന്നിവ ചേരുന്നതോടെ ഊര്‍ജ്ജ ഉപയോഗത്തിന്റെ കാര്യത്തില്‍ ടെസ്‌ല മോഡല്‍ വൈ മികച്ച ക്ഷമതയാണ് പ്രകടിപ്പിക്കുന്നത്. അതായത് വിപണിയിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് മികച്ച ഡ്രൈവിംഗ് റേഞ്ച് കൈവരിക്കാനാകും.

ടെസ്‌ലയുടെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖലയായ സൂപ്പര്‍ചാര്‍ജറുകളില്‍ മോഡല്‍ വൈ ചാര്‍ജ് ചെയ്യാം. 36 രാജ്യങ്ങളിലായി 12,000 ല്‍ കൂടുതല്‍ സൂപ്പര്‍ചാര്‍ജറുകളാണ് ശൃംഖലയിലുള്ളത്. മണിക്കൂറില്‍ ആയിരം മൈല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വി3 സൂപ്പര്‍ചാര്‍ജറുകളും മോഡല്‍ വൈ ഇലക്ട്രിക് കാറിന് ഉപയോഗിക്കാം. ലോംഗ് റേഞ്ച്, ഡുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമന്‍സ് വേരിയന്റുകള്‍ അടുത്ത വര്‍ഷം ഡെലിവറി ചെയ്തുതുടങ്ങും. എന്നാല്‍ സ്റ്റാന്‍ഡേഡ് റേഞ്ച് വേരിയന്റ് 2021 മുതലായിരിക്കും ലഭിക്കുന്നത്.

Comments

comments

Categories: Auto