ടാറ്റ എച്ച്2എക്‌സ് എസ്‌യുവി ഗുജറാത്തില്‍ നിര്‍മ്മിക്കും

ടാറ്റ എച്ച്2എക്‌സ് എസ്‌യുവി ഗുജറാത്തില്‍ നിര്‍മ്മിക്കും

ഭാവിയില്‍ ആല്‍ഫ, ഒമേഗ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമായിരിക്കും ടാറ്റ കാറുകള്‍ പുറത്തിറക്കുന്നത്

ന്യൂഡെല്‍ഹി : ടാറ്റ എച്ച്2എക്‌സ് എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന ഹോണ്‍ബില്‍ എസ്‌യുവി ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍ നിര്‍മ്മിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. രണ്ട് പ്ലാറ്റ്‌ഫോമുകളിലായി ഉല്‍പ്പാദനം വേര്‍തിരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആല്‍ഫ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന വാഹനങ്ങള്‍ മാത്രമായിരിക്കും സാനന്ദ് പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.

നിലവില്‍ ഇവിടെ ടിയാഗോ, ടിഗോര്‍ മോഡലുകളാണ് നിര്‍മ്മിക്കുന്നത്. എക്‌സ്0 പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ടിയാഗോ, ടിഗോര്‍ മോഡലുകള്‍ 2022-23 വരെ സാനന്ദില്‍ നിര്‍മ്മിക്കുന്നത് തുടരും. തുടര്‍ന്ന് ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ പുതു തലമുറ മോഡലുകള്‍ ഇവിടെ നിര്‍മ്മിക്കും.

ഭാവിയില്‍ ആല്‍ഫ, ഒമേഗ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമായിരിക്കും ടാറ്റ കാറുകള്‍ നിര്‍മ്മിക്കുന്നത്. ആല്‍ഫ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ചെറിയ കാറുകളുടെ ഉല്‍പ്പാദനം സാനന്ദില്‍ മാത്രമാകുമ്പോള്‍ ഒമേഗ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന വലിയ കാറുകള്‍ പുണെ പ്ലാന്റില്‍നിന്ന് പുറത്തിറക്കും.

നാല് മീറ്റര്‍ വരെ നീളമുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് സാനന്ദ് പ്ലാന്റ് ഉചിതമെന്ന് ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഒമേഗ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയ ആദ്യ മോഡലായ ഹാരിയര്‍ പുണെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. ഹാരിയറിന്റെ 7 സീറ്റര്‍ വേര്‍ഷനായ ബസര്‍ഡ് പുണെയില്‍ തന്നെ നിര്‍മ്മിക്കും. അതേസമയം, ആല്‍ഫ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് തല്‍ക്കാലം പുണെ പ്ലാന്റില്‍ നിര്‍മ്മിക്കും.

Comments

comments

Categories: Auto
Tags: Tata H2X