സെല്‍ഫ് ഡ്രൈവിംഗ്; യുബറില്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്, ടൊയോട്ട

സെല്‍ഫ് ഡ്രൈവിംഗ്; യുബറില്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്, ടൊയോട്ട

ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂയോര്‍ക് : യുബര്‍ ടെക്‌നോളജീസിന്റെ സെല്‍ഫ് ഡ്രൈവിംഗ് യൂണിറ്റില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും ടൊയോട്ടയും നിക്ഷേപത്തിനൊരുങ്ങുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ എല്ലാവരും ചേര്‍ന്ന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ മുതല്‍മുടക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ നിക്ഷേപം വന്നുചേരുന്നതോടെ യുബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് വാഹന വിഭാഗത്തിന്റെ മൂല്യം 5 മുതല്‍ 10 ബില്യണ്‍ വരെ യുഎസ് ഡോളറായി വര്‍ധിക്കും.

യുബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് പദ്ധതിക്ക് പണലഭ്യത ഉറപ്പുവരുത്തുന്നതായിരിക്കും പുതിയ നിക്ഷേപം. നിലവില്‍ യാതൊരു വരുമാനവും ഉണ്ടാക്കാനാകാതെ നൂറുകണക്കിന് ദശലക്ഷങ്ങളാണ് സ്റ്റാര്‍ട്ടപ്പ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപ വാര്‍ത്ത സംബന്ധിച്ച് പ്രതികരിക്കാന്‍ യുബറും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനും തയ്യാറായില്ല. അതേസമയം, നിക്ഷേപം നടത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ നിരന്തരം പരിഗണിക്കുകയാണെന്ന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ വക്താവ് പറഞ്ഞു. എന്നാല്‍ പ്രഖ്യാപനത്തിനുള്ള സമയമായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപം നടത്തുന്നതിന് അടുത്ത മാസത്തോടെ കരാര്‍ ഒപ്പിടുമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിക്ഷേപ വാര്‍ത്ത പരന്നതോടെ ടോക്കിയോ ഓഹരി വിപണിയില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ഓഹരി വില നാല് ശതമാനം ഉയര്‍ന്നു. എന്നാല്‍ ടൊയോട്ടയുടെ ഓഹരികളില്‍ ഇതൊന്നും പ്രതിഫലിച്ചില്ല.

സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി ബന്ധപ്പെട്ട് ടൊയോട്ട കഴിഞ്ഞ വര്‍ഷം യുബറില്‍ 500 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ഡ്രൈവര്‍മാര്‍ക്കായി പണം ചെലവഴിക്കുന്നതിന് പകരം സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളിലേക്ക് മാറാനാണ് യുബര്‍ ശ്രമിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ ക്രൂസ് എന്ന സെല്‍ഫ് ഡ്രൈവിംഗ് യൂണിറ്റില്‍ സോഫ്റ്റ്ബാങ്ക് ഇതിനകം 2.25 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്.

Comments

comments

Categories: Auto