ചലനമറ്റത് മൂന്ന് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍

ചലനമറ്റത് മൂന്ന് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍

ബുധനാഴ്ച ഫേസ്ബുക്കിന് ഇരട്ടപ്രഹരമേറ്റ ദിനമായിരുന്നു. ആഗോളതലത്തില്‍ 14 മണിക്കൂറോളം നേരം നിരവധി പേര്‍ക്കു ഫേസ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടു എന്നതാണ് ഒന്നാമത്തെ പ്രഹരം. ഡാറ്റ ഇടപാടിനായി ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളുമായി ഫേസ്ബുക്ക് ഏര്‍പ്പെട്ട കരാറിനെ കുറിച്ച് യുഎസില്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ക്രിമിനല്‍ അന്വേഷണം നടത്തുകയാണെന്ന വാര്‍ത്ത പുറത്തുവന്നതാണ് രണ്ടാമത്തേത്. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളോട് കോടതിയില്‍ ഹാജരായി സാക്ഷിപറയാന്‍ കല്‍പന പുറപ്പെടുവിച്ചിരിക്കുകയാണു ന്യൂയോര്‍ക്കിലുള്ള ഗ്രാന്‍ഡ് ജൂറി.

ഇന്ന് ജീവവായു പോലെയാണു നമ്മള്‍ ഓരോരുത്തര്‍ക്കും സോഷ്യല്‍ മീഡിയ. ഭൂരിഭാഗം പേരും ജി മെയ്ല്‍ തുറന്നു നോക്കാത്ത ദിവസമുണ്ടാകില്ല. ഫേസ്ബുക്കിലെ പോസ്റ്റും, ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയും നോക്കാതിരിക്കാന്‍ എത്ര പേര്‍ക്ക് ഇന്നു സാധിക്കും ? ഇത്തരമൊരു സാഹചര്യത്തില്‍ ഈ പറഞ്ഞ നവമാധ്യമങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ സാധിക്കാതെ വന്നാലുള്ള അവസ്ഥ എന്തായിരിക്കും. അത് ഭീകരം തന്നെയെന്നു വിശേഷിപ്പിക്കേണ്ടി വരും. എന്നാല്‍ അങ്ങനെയൊരു സാഹചര്യമാണു ബുധനാഴ്ചയുണ്ടായത്. ആദ്യം ഗൂഗിളിന്റെ ജി മെയ്ല്‍, ഡ്രൈവ് തുടങ്ങിയ സേവനങ്ങള്‍ക്കാണു തടസം നേരിട്ടത്. ഇത് ആഗോളതലത്തിലുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണു ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും വാട്‌സ് ആപ്പിന്റെയും സേവനങ്ങള്‍ തടസപ്പെട്ടത്. ജി മെയ്‌ലിന്റെ തകരാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ പരിഹരിച്ചതായി ഗൂഗിള്‍ അറിയിക്കുകയുണ്ടായി.
ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകരാറാണു ബുധനാഴ്ച (മാര്‍ച്ച് 13) റിപ്പോര്‍ട്ട് ചെയ്തത്. കാരണം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച മുതല്‍ ഫേസ്ബുക്ക് ആപ്പ്, ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയവയിലേക്ക് പ്രവേശിക്കാന്‍ ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും സാധിച്ചില്ല. യുഎസ്, യൂറോപ്പ്, സൗത്ത് അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവടങ്ങളിലെ യൂസര്‍മാര്‍ക്കാണ് പ്രധാനമായും തടസം നേരിട്ടത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പ്രവേശിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ വാട്‌സ് ആപ്പില്‍ ഫോട്ടോ അയയ്ക്കുന്നതിനാണു തടസമുണ്ടായതെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വെര്‍ച്വല്‍ റിയല്‍റ്റി കമ്പനിയായ ഒക്യുലസിന്റെ യൂസര്‍മാര്‍ക്കും തകരാര്‍ അനുഭവപ്പെടുകയുണ്ടായി. ബുധനാഴ്ച സംഭവിച്ച തകരാര്‍ വ്യാഴാഴ്ചയോടെ പരിഹരിച്ചതായിട്ടാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഫേസ്ബുക്ക് സേവനം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇന്‍സ്റ്റാഗ്രാം സേവനം പുനസ്ഥാപിച്ചതായ വാര്‍ത്ത പലരും സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നു ഫേസ്ബുക്ക് ട്വിറ്ററിലൂടെ ഉപയോക്താക്കളെ അറിയിച്ചിരുന്നു. സൈബര്‍ ആക്രമണമല്ല കാരണമെന്നും ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്ക് സേവനങ്ങള്‍ പതിനാല് മണിക്കൂറോളം നേരം തടസം നേരിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഡിഡിഒഎസ് (ഡിസ്ട്രിബ്യൂറ്റഡ് ഡിനയല്‍ ഓഫ് സര്‍വീസ്) അറ്റാക്കല്ല സേവനം തടസപ്പെടാന്‍ കാരണമായതെന്നു ഫേസ്ബുക്ക് അറിയിക്കുകയുണ്ടായി. സാധാരണയായി ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം തടസപ്പെടുമ്പോള്‍ ഹാക്കര്‍മാരെയാണു സംശയിക്കുന്നത്. എന്നാല്‍ ഇപ്രാവിശ്യം ഹാക്കര്‍മാര്‍ കാരണമല്ല തകരാറുണ്ടായതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലൈവ് വെബ്‌സൈറ്റുകള്‍ കുറച്ചു സമയത്തേയ്ക്ക് ഉപഭോക്താവിന് ലഭ്യമാകതിരിക്കാനുള്ള ഒരു ആക്രമണമാണു ഡിഡിഒഎസ്. ഇവ സാധാരണയായി നടത്തുന്നത് ഹാക്കര്‍മാരാണ്. വ്യാജ ട്രാഫിക്ക് അഥവാ തള്ളിക്കയറ്റത്തിലൂടെ വെബ്‌സൈറ്റിന്റെ സര്‍വറുകളെ മുക്കി കളയുക വഴി ആ വെബ്‌സൈറ്റിനെ തകര്‍ക്കുന്ന രീതിയാണു ഡിഡിഒഎസ് ആക്രമണം. ഇത്തരം ആക്രമണം പൊതുവേ നടത്തുന്നത് ഹാക്കര്‍മാരായിരിക്കും. ഇതിനു മുന്‍പ് 2008-ലായിരുന്നു ഫേസ്ബുക്കിന് ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന തകരാറുണ്ടായത്. അന്നു ഫേസ്്ബുക്കിനു 150 ദശലക്ഷം യൂസര്‍മാരാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 2.3 ബില്യന്‍ യൂസര്‍മാരുണ്ട്. ഫേസ്ബുക്കിന്റെ സേവനങ്ങളില്‍ തടസം നേരിട്ടതിനെ തുടര്‍ന്നു നിരവധി പേര്‍ ട്വിറ്ററില്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തി. #FacebookDown, #InstagramDown തുടങ്ങിയ ഹാഷ്ടാഗുകളിലാണു ഭൂരിഭാഗം ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടത്. ഈ പേരുകളിലുള്ള ഏകദേശം 15,000-ത്തോളം ഹാഷ്ടാഗുകള്‍ പ്രചരിച്ചു. ഫേസ്ബുക്ക് ശൃംഖലയിലെ പരസ്യങ്ങളും ബുധനാഴ്ച ഓഫ്‌ലൈനായിരുന്നെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരസ്യത്തിന്റെ ജീവവായു എന്നു വിശേഷിപ്പിക്കുന്ന ഫേസ്ബുക്ക് ആഡ്‌സ് മാനേജര്‍ (Facebook Ads Manager) ബുധനാഴ്ച പ്രവര്‍ത്തനരഹിതമായിരുന്നു. ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളിലുടനീളം പരസ്യം ഷെഡ്യൂള്‍ ചെയ്യാന്‍ ദശലക്ഷക്കണക്കിനു പരസ്യദാതാക്കള്‍ ആശ്രയിക്കുന്നത് ഫേസ്ബുക്ക് ആഡ്‌സ് മാനേജറിലാണ്. ആവശ്യമുള്ള പരസ്യങ്ങള്‍ സ്വയം ചെയ്യാന്‍ സാധിക്കുന്ന അഥവാ സെല്‍ഫ് സെര്‍വിംഗ് അഡ്വര്‍ടൈസിംഗ് വെബ്‌സൈറ്റാണ് ആഡ്‌സ് മാനേജര്‍. 2019-ലെ വില്‍പ്പന കണക്കുകളെ (sales estimate) അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ പരസ്യയിനത്തിലുള്ള വരുമാനമായി ഫേസ്ബുക്കിന് ഒരു ദിവസം ശരാശരി 189 ദശലക്ഷം ഡോളര്‍ ലഭിക്കുമെന്നാണു പ്രവചിക്കുന്നത്. അതു കൊണ്ടു തന്നെ സേവനത്തില്‍ തടസം നേരിടുമ്പോള്‍ പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ വലിയൊരു ഇടിവായിരിക്കും ഉണ്ടാവുക. പ്രചരണം പ്ലാന്‍ ചെയ്യാന്‍ എല്ലാ പരസ്യദാതാക്കളും ഫേസ്ബുക്കിന്റെ ആഡ്‌സ് മാനേജറെ ആശ്രയിക്കാറില്ല. എന്നാല്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ ഇത് ഉപയോഗപ്പെടുത്താറുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഏകദേശം ആറ് ദശലക്ഷം പരസ്യദാതാക്കളുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.

ഫേസ്ബുക്കിനെതിരേ ക്രിമിനല്‍ അന്വേഷണം

ദശലക്ഷക്കണക്കിനു വരുന്ന യൂസര്‍മാരുടെ വ്യക്തിഗത വിവരങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ടു ടെക് കമ്പനികളുമായി ഫേസ്ബുക്ക് കരാര്‍ ഒപ്പുവച്ചെന്നതിന്മേലാണു യുഎസിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഫേസ്ബുക്കിനെതിരേ ക്രിമിനല്‍ അന്വേഷണം നടത്തുന്നത്. ഇപ്പോള്‍ തന്നെ ഫേസ്ബുക്ക് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആന്‍ഡ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെയും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്യൂരിറ്റീസ് ഫ്രോഡ് വിഭാഗത്തിന്റെയും അന്വേഷണം നേരിടുന്നുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ടുള്ളതാണ് അന്വേഷണം. 150-ാം ടെക് കമ്പനികളുമായി ഡാറ്റ പങ്കുവയ്ക്കുന്ന കരാറില്‍ ഫേസ്ബുക്ക് ഏര്‍പ്പെട്ടിരുന്നതായി കഴിഞ്ഞ ഡിസംബറില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കരാറിലേര്‍പ്പെട്ടതിലൂടെ നിരവധി യൂസര്‍മാരെ ചേര്‍ക്കാന്‍ ഫേസ്ബുക്കിനു സാധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Comments

comments

Categories: FK News