ഓണാട്ടുകരക്ക് പറയാനുണ്ട് ഒരു പറ എള്ളിന്റെ പെരുമ

ഓണാട്ടുകരക്ക് പറയാനുണ്ട് ഒരു പറ എള്ളിന്റെ പെരുമ

എള്ള്, കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനായ ഈ ധാന്യത്തിന്റെ ഉല്‍പ്പാദനം കൊണ്ട് കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ ഇടം നേടിയ പ്രദേശമാണ് മധ്യകേരളത്തിലെ ഓണാട്ടുകര. ഓണാട്ടുകരയുടെ മുഖമുദ്രയായിരുന്ന എള്ളുകൃഷി ചെറുതല്ലാത്ത പ്രശസ്തിയാണ് ഈ നാടിന് നേടിത്തന്നിട്ടുള്ളത്. എന്നാല്‍ കൃഷിയിടം മണ്ണിട്ട് നികത്തി കൃഷിയോട് വിട പറഞ്, വൈറ്റ് കോളര്‍ ജോലി തേടി ആളുകള്‍ ഓണാട്ടുകര വിട്ടപ്പോള്‍ അത്, ഈ നാടിന്റെ മുഖശ്രീയായിരുന്ന എള്ള് കൃഷിക്ക് വിരാമമിട്ടു. ഭൗമ സൂചിക പദവി ലഭിച്ചിട്ട് കൂടി, ഇവിടെ എള്ളിന്റെ ഉല്‍പ്പാദനം കുറഞ്ഞിരിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനായിരം ഹെക്ടറുണ്ടായിരുന്ന എള്ളുകൃഷി. ഇപ്പോള്‍, അഞ്ഞൂറ് ഹെക്ടറിലേക്ക് കൃഷി ചുരുങ്ങി. ഓണാട്ടുകരയുടെ പഴയ മഹിമ വീണ്ടെടുക്കണമെങ്കില്‍ നെല്ലൊഴിഞ്ഞ പാടത്ത് എള്ള് കൃഷി തിരികെപ്പിടിക്കാന്‍ സാധിക്കണം

ഓണം ഊട്ടും കര എന്ന പദം കാലപ്പഴക്കം കൊണ്ട് ലോപിച്ചാണ് ഓണാട്ടുകര എന്ന ദേശപ്പേരുണ്ടായത് എന്നാണ് പഴമക്കാര്‍ പറയുന്നത്.മധ്യതിരുവിതാംകൂറിലെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകള്‍ ചേര്‍ന്ന ഓണാട്ടുകര എന്ന പ്രദേശം കാലങ്ങള്‍ക്ക് മുന്‍പ് നെല്‍കൃഷിയും പച്ചക്കറിക്കൃഷിയും എല്ലാം കൊണ്ട് സമൃദ്ധമായിരുന്നു. സമൃദ്ധിയുടെ ആഘോഷമായ ഓണത്തെ വരവേല്‍ക്കുന്നതിനു വേണ്ടിയുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഓണാട്ടുകരയുടെ മണ്ണില്‍ത്തന്നെ ഉല്‍പ്പാദിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. കൃഷി തന്നെയായിരുന്നു ഓണാട്ടുകരയുടെ മുഖമുദ്ര. ഈ മണ്ണില്‍ വിളയാത്തതായി ഒന്നുമുണ്ടായിരുന്നില്ല. കൂട്ടത്തില്‍ എള്ള് കൃഷിക്ക് പേരുകേട്ട ഇടം കൂടിയായിരുന്നു ഓണാട്ടുകര. കേരളത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ എള്ള് കൃഷിചെയ്തിരുന്നത് ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര പ്രദേശത്തായിരുന്നു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം കണ്ടെത്തിയിട്ടുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് എള്ള്. ഓണാട്ടുകരയിലെ വിരിപ്പ് നിലങ്ങളായിരുന്നു എള്ളുകൃഷിയുടെ പ്രധാനകേന്ദ്രങ്ങള്‍. രണ്ടുപ്രാവശ്യം നെല്ലും മൂന്നാംവിളയായി എള്ളും എന്നതായിരുന്നു പരമ്പരാഗത കൃഷിരീതി. ഡിസംബര്‍മുതല്‍ ഏപ്രില്‍വരെയാണ് എള്ളുകൃഷിയുടെ കാലം. എള്ളെണ്ണയുടെ നിര്‍മാണത്തിനായും ഭക്ഷ്യ ആവശ്യങ്ങള്‍ക്കായും ഓണാട്ടുകരയിലെ നിന്നും എള്ള് വിപണനം ചെയ്തിരുന്നു. ഔഷധമൂല്യം കൂടുതലുള്ള ഓണാട്ടുകര എള്ളിന് അന്നും ഇന്നും വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ എള്ളിനങ്ങള്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.ഇത് പ്രകാരമാണ് കൃഷി നടക്കുന്നത്. എള്ള് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞെങ്കിലും ഇല്ലാതായിട്ടില്ല എന്നതില്‍ ആശ്വസിക്കാം. മുന്തിയ എള്ളിനങ്ങളില്‍ കായംകുളം1, തിലക് എന്നീ ഇനങ്ങളാണ് കൂടുതലും കൃഷിചെയ്യുന്നത്. ഒരു ഹെക്ടറില്‍നിന്ന് 300 കിലോഗ്രാംവരെ എള്ള് ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്ക്.

നെല്ല് കഴിഞ്ഞാല്‍ എള്ള്

നെല്‍കൃഷി കഴിഞ്ഞ പാടത്താണ് എള്ള് കൃഷി ചെയ്യുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും മണല്‍ കലര്‍ന്നതും നീര്‍വാഴ്ചയുള്ള കര പ്രദേശങ്ങളിലും എള്ള് കൃഷി ചെയ്യാം. മകരം കുംഭം മാസങ്ങളിലെ രാത്രിയിലെ മഞ്ഞ് പകല്‍ സമത്തുള്ള ചൂട് എന്ന കാലാവസ്ഥയാണ് എള്ള് കൃഷിക്ക് പറ്റിയ കാലാവസ്ഥ. നെല്‍ക്കൃഷിക്കായി ഉപയോഗിച്ച മണ്ണില്‍ അധികം കിടക്കുന്ന വളം മതി എള്ള് വളരാന്‍. ജലസേചനം ആവശ്യമില്ല. ഒന്നോ രണ്ടോ ചെറിയ ചാറ്റല്‍മഴ ലഭിച്ചാല്‍ എള്ള് തഴച്ചുവളരും.അതിനാല്‍ തന്നെയാണ് കര്‍ഷകര്‍ ഇടവിള എന്ന നിലക്ക് എള്ള് കൃഷി ചെയ്യുന്നതും. നെല്‍ക്കൃഷിയില്‍ നഷ്ടം പിണഞ്ഞാല്‍ നികത്താനുള്ള മാര്‍ഗമാണ് എള്ള് കൃഷി. ഔഷധ ഗുണങ്ങളാണ് ഓണാട്ടുകരയിലെ എള്ളിനെ മറ്റുള്ളവയില്‍ നിന്നു വേറിട്ടതാക്കുന്നത്. എന്നാല്‍ നെല്‍കൃഷിയില്‍ നിന്നും ആളുകള്‍ പിന്മാറാന്‍ തുടങ്ങിയതോടെ എള്ളുകൃഷിക്കും ആളില്ലാതായി. വയല്‍ നികത്തല്‍, ചെളിയെടുപ്പിനായുള്ള വയല്‍ കുഴിക്കല്‍, വെള്ളം ഒഴുകിമാറാന്‍ സൗകര്യമില്ലാത്തഅവസ്ഥ, കനാലുകളുടെ ചോര്‍ച്ചമൂലം എള്ളുവയലുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തുടങ്ങിയവ എള്ളുകൃഷിയുടെനാശത്തിനു കാരണമായി മാറി എന്നതാണ് വാസ്തവം.

ഓണാട്ടുകരയിലെ എള്ള്

ഓണാട്ടുകരയില്‍ മൂന്നാം വിളയായാണ് പരമ്പരാഗതമായി എള്ളു കൃഷി ചെയ്യുന്നത്. മൂന്നാം വിളയായി നെല്‍പ്പാടങ്ങളില്‍ എള്ള് കൃഷി ചെയ്യുമ്പോള്‍ പരിസ്ഥിതിക്കും ഗുണങ്ങളുണ്ട്. എള്ളിന്റെ വളര്‍ച്ചയെ തുടര്‍ന്ന് മണ്ണ് വീണ്ടും പോഷകസമ്പുഷ്ടമാകുന്നു. തുടര്‍ന്ന് നെല്ല് വിതക്കുമ്പോള്‍ അത് ഗുണകരമാകുകയും ചെയ്യുന്നു. മണ്ണില്‍ ലഭ്യമായ പോഷക മൂല്യങ്ങളും ജലാംശവും ഉപയോഗിച്ചാണ് എള്ളു വളരുന്നത്. മൂന്നാം വിളയായി എള്ളു കൃഷി ചെയ്യുമ്പോള്‍ കര്‍ഷകന് അധിക വരുമാനത്തിനു പുറമേ മണ്ണിനും തുടര്‍ന്നുള്ള നെല്‍കൃഷിക്ക് ഉതകുന്ന മിത്രകീടങ്ങളെയും പരിപോഷിപ്പിക്കാനും കഴിയും.

മറ്റു നാടുകളില്‍ എള്ള് കൃഷി ചെയ്യുന്ന രീതിയല്ല ഓണാട്ടുകരയിലേത്. നെല്‍കൃഷി കഴിഞ്ഞു വിളവെടുത്ത പാടം നന്നായി ഉഴുത് മറിക്കുന്നു. ശേഷം നനച്ച്, നനഞ്ഞ മണ്ണില്‍ രാവിലെ പത്ത് മണിക്ക് മുന്‍പായോ വൈകിട്ട് മൂന്ന് മണിക്ക് ശേഷമോ എള്ള് വിതയ്ക്കുന്നു. സമയത്തിന്റെ കാര്യത്തില്‍ എള്ള് കര്‍ഷകര്‍ക്ക് കൃത്യതയുണ്ട്. ഈ സമയത്ത് വിതച്ചാല്‍ നല്ല വിളവ് ലഭിക്കുമെന്ന് കരുതപ്പെടുന്നു. വിതച്ചതിനുശേഷം പച്ച ചാണകം വിതറി വീണ്ടും പാടം ഉഴുവുന്നു. വളരെ ചെറിയ ഈര്‍പ്പത്തില്‍ വളരുന്ന ഒരു സസ്യമായ ഇതിന് മുളച്ച് നാലിലപ്പരുവമാകുമ്പോള്‍ ഇടയിളക്കാവുന്നതാണ്.

കൃത്യം ഒരു മാസം കഴിഞ്ഞ് രാസവളങ്ങളോ ജൈവ വളങ്ങളോ ചേര്‍ക്കാവുന്നതാണ്.ഇപ്പോള്‍ കൂടുതല്‍ കര്‍ഷകരും ജൈവവളത്തെയാണ് ആശ്രയിക്കുന്നത്. പണ്ട് കാലങ്ങളില്‍ മഞ്ഞില്‍ കുതിര്‍ന്നിരുന്ന ഇലകളിലേയ്ക്ക് പൊടിമണ്ണ് വിതറിയിരുന്നു. മണ്ണില്‍ അടങ്ങിയിരുന്ന പോഷകങ്ങള്‍ ഇലകള്‍ വലിച്ചെടുത്ത് കരുത്തോടുകൂടി വളരുന്നതിന് ഇത് ഒരു കാരണമായി കരുതിയിരുന്നു. എന്നാല്‍ ഇന്ന് ഈ പതിവില്ലെന്ന ് ഇന്നാട്ടിലെ കര്‍ഷകര്‍ പറയുന്നു. സാധാരണ മൂന്നുമാസമാണ് എള്ളുകൃഷിക്ക് വേണ്ടിവരുന്ന സമയം. ചെടി മൂടോടെ പിഴുതെടുത്ത് കായ്കള്‍ വേര്‍തിരിച്ചാണ് വിളവെടുക്കുന്നത്. ചെറിയ സമയ പരിധിക്കുള്ളില്‍ മികച്ച വരുമാനം നേടാന്‍ കഴിയും എന്നതും എള്ള് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. എള്ളിന്റെ കായ്കളും ഇലകളും മഞ്ഞ നിറമാകുമ്പോഴാണ് എള്ള് കൊയ്ത്തിനു പാകമായി എന്ന് മനസിലാക്കുന്നത്. പിഴുതെടുക്കുന്ന എള്ള് ചെടി കെട്ടുകളാക്കി തണലത്തു സൂക്ഷിക്കുന്നു. നാലോ അഞ്ചോ ദിവസത്തിന് ശേഷം എടുത്ത് കുടഞ്ഞു എള്ള് വേര്‍തിരിക്കുന്നു. എള്ളെണ്ണയുണ്ടാക്കുന്നതിന് പുറമെ മരുന്ന് നിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു. ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എള്ളിന്റെ വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇവിടെ 140 ഇനങ്ങളുടെ ജനിതക ശേഖരവും ഉണ്ട്.

എള്ള് പലവിധം

എള്ള് എന്ന് കേള്‍ക്കുമ്പോള്‍ പൊതുവെ കറുപ്പ് നിറമാണ് നമ്മുടെ മനസിലേക്ക് വരിക. എന്നാല്‍ എള്ള് കറുത്ത നിറത്തില്‍ മാത്രമല്ല ഉള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ്, ഇളം ചുവപ്പ് എന്നിങ്ങനെ നാലു തരത്തിലെ എള്ളുകളാണ് പൊതുവേ കാണപ്പെടുന്നത്. എന്നാല്‍ എണ്ണയുടെ ആവശ്യത്തിനും മറ്റുമായി കറുത്ത എള്ള് ആണ് കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നത്. പോഷക മൂല്യങ്ങള്‍ ഏറെയുള്ള എള്ള് ശരീരത്തിന്റെ ശക്തി, ബുദ്ധി, കാഴ്ചശക്തി എന്നിവ വര്‍ധിപ്പിക്കും. കാല്‍സ്യം ധാരാളമുള്ളതിനാല്‍ എല്ലുകളുടെ ബലവും വര്‍ധിക്കും. ആര്‍ത്തവസമയത്തെ ക്ഷീണവും തളര്‍ച്ചയും മാറ്റാന്‍ എള്ള് കഴിക്കുന്നത് നല്ലതാണ്. വളരെയേറെ പോഷകങ്ങളും എള്ളില്‍ അടങ്ങിയിട്ടുണ്ട്. രക്തക്കുറവിന്എള്ളും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരമായ എള്ളുണ്ട പോഷക സമൃദ്ധമാണ്. വിപണിയില്‍ നല്ല വിലകിട്ടുന്ന ധാന്യം കൂടിയാണ് എള്ള്. ഒരു കിലോയ്ക്കു 240 രൂപ വരെ ലഭിക്കും.

എന്നാല്‍ ഇന്ന് എള്ള് കൃഷി ഓണാട്ടുകരയുടെ പടിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ കൃഷിയുള്ള 500 ഹെക്റ്റര്‍ സ്ഥലം കൂടി ഇല്ലാതാകാന്‍ അധികകാലം വേണ്ടി വരില്ല. എള്ളുകൃഷിയുടെ വ്യാപനത്തിനായി കൃഷിവകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഓണാട്ടുകര വികസന ഏജന്‍സിയും നിരവധി പദ്ധതികള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. എങ്കിലും പ്രദര്‍ശനത്തോട്ടങ്ങള്‍ എന്ന പരിമിതിയില്‍നിന്ന് മോചനം നല്‍കാന്‍ ഇതൊന്നും പര്യാപ്തമായിട്ടില്ല.

Categories: FK Special, Slider