യുഎസ് ഡോളറിനെതിരെ മികച്ച നേട്ടത്തില്‍ മുന്നേറി രൂപ

യുഎസ് ഡോളറിനെതിരെ മികച്ച നേട്ടത്തില്‍ മുന്നേറി രൂപ

ഏഴ് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് രൂപ വ്യാപാരം നടത്തുന്നത്

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി രൂപ. ഇന്നലെ വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ രൂപയുടെ വിനിമയ നിരക്കില്‍ 20 പൈസയുടെ നേട്ടമുണ്ടായി. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ 69.35 എന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്നലെ രാവിലെ 69.28 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. 69.05 എന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് സുസ്ഥിരമായി തന്നെ തുടരുന്നതും ആഭ്യന്തര ഓഹരി വിപണികളിലെ ആവേശവുമാണ് രൂപയ്ക്ക് കരുത്ത് പകര്‍ന്നത്. തുടക്ക വ്യാപാരത്തില്‍ തന്നെ 400 പോയ്ന്റിനടുത്ത് നേട്ടം രേഖപ്പെടുത്തിയ സെന്‍സെക്‌സ് 465.25 പോയ്ന്റ് ഉയര്‍ന്ന് 38,215.82 എന്ന നിലവാരത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 132.60 പോയ്ന്റ് ഉയര്‍ന്ന് 11,474.70 എന്ന റെക്കോഡ് കുറിച്ചു.

ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് രൂപ വ്യാഴാഴ്ച വ്യാപാരം നടത്തിയത്. വിനിമയ വിപണിയില്‍ റൂപ്പീ-ഡോളര്‍ സ്വാപ് ക്രമീകരണത്തിലൂടെ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ആര്‍ബിഐയുടെ പ്രഖ്യാപനമുണ്ടായിട്ടും വിപണിയിലേക്കുള്ള നിക്ഷേപ ഒഴുക്ക് ശക്തമായതാണ് രൂപയുടെ മുന്നേറ്റത്തിന് പ്രധാന കാരണം. പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി ഓഹരി വിപണിയിലേക്ക് മിക്ക നിക്ഷേപകരും കൂടുതല്‍ പണം ഒഴുക്കുന്ന പ്രവണതയാണ് നിരീക്ഷിക്കുന്നത്.

1,482.99 കോടി രൂപയാണ് വ്യാഴാഴ്ച മാത്രം വിദേശ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ വിപണിയിലേക്ക് ഒഴുക്കിയത്. ഓഹരി വിപണിയിലെ ആവേശത്തിനുപുറമെ കയറ്റുമതിക്കാരും ബാങ്കുകളും വലിയ തോതില്‍ യുഎസ് ഡോളര്‍ വില്‍പ്പന നടത്തുന്നതും ഇന്ത്യന്‍ കറന്‍സിയെ നേട്ടത്തിലേക്ക് നയിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില സ്ഥിരതയാര്‍ജിച്ചതും രൂപയുടെ വിനിമയ നിരക്കിനെ സ്വാധീനിച്ചിട്ടുണ്ട്. ഡോളര്‍ കരുത്താര്‍ജിക്കുന്നതുവരെ രൂപയുടെ മൂല്യം ഉയര്‍ന്ന തലത്തില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎസ് ഡോളറിനെതിരെ ഏകദേശം 13 ശതമാനത്തിലധികം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തിയ ഏഷ്യന്‍ കറന്‍സിയും രൂപയായിരുന്നു. എന്നാല്‍, ക്രമേണ രൂപയുടെ വിനിമയ നിരക്ക് 68 എന്ന നിലവാരത്തിലേക്ക് തിരിച്ചുകയറുമെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമീപകാലത്ത് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഒരു പരിധിവരെ സ്വയം തിരുത്തപ്പെട്ടേക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് വിഭാഗം വൈസ് പ്രസിഡന്റ് ശന്തനു ശുക്ല പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യത്തില്‍ മറ്റ് വികസ്വര വിപണികളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ വേറിട്ട പ്രകടനമാണ് രൂപയുടേതെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ട്രഷറി അഡൈ്വസറി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഭാസ്‌ക്കര്‍ പാണ്ഡ പറഞ്ഞു. അടുത്ത തലത്തില്‍ രൂപ ഡോളറിനെതിരെ 68.80 എന്ന നിലവാരത്തിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം. ഈ തലത്തില്‍ നിന്നും മുന്നോട്ടുപോകാന്‍ രൂപയ്ക്ക് സാധിച്ചാല്‍ മൂല്യം 68.20 എന്ന തലത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy