ഫോട്ടോഗ്രാഫ് (ഹിന്ദി)

ഫോട്ടോഗ്രാഫ് (ഹിന്ദി)

സംവിധാനം: റിതേഷ് ബത്ര
അഭിനേതാക്കള്‍: നവാസുദ്ധീന്‍ സിദ്ദീഖി, സന്യ മല്‍ഹോത്രി
ദൈര്‍ഘ്യം: 1 മണിക്കൂര്‍ 50 മിനിറ്റ്

റിതേഷ് ബത്രയുടെ പുതിയ ചിത്രമായ ഫോട്ടോഗ്രാഫ് പറയുന്നത് റാഫി (നവാസുദ്ധീന്‍ സിദ്ദീഖി) എന്ന തെരുവ് ഫോട്ടോഗ്രാഫറുടെ കഥയാണ്. ദ ലഞ്ച് ബോക്‌സ് (2013), ദി സെന്‍സ് ഓഫ് ആന്‍ എന്‍ഡിംഗ് ഔവര്‍ സോള്‍സ് അറ്റ് നൈറ്റ് (2017) എന്നിവ റിതേഷ് ബത്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. റിതേഷ് ബത്രയുടെ ഈ മുന്‍കാല ചിത്രങ്ങള്‍ പോലെ തന്നെ ഫോട്ടോഗ്രാഫ് എന്ന പുതിയ ചിത്രവും പ്രസന്നമായ, ആകാംഷ നിറഞ്ഞ ഒന്നാണ്. ചിത്രത്തിലെ ഏറ്റവും നിശബ്ദമായ നിമിഷങ്ങള്‍ പോലും നിരവധി കാര്യങ്ങള്‍ സംസാരിക്കുന്നു.

ഉത്തര്‍പ്രദേശില്‍നിന്നും ഉപജീവനത്തിനായി മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെത്തിയ ഫോട്ടോഗ്രാഫറാണ് റാഫി. ഗുജറാത്തില്‍നിന്നുള്ള വിദ്യാര്‍ഥിനിയാണു മിലോനി (സന്യ മല്‍ഹോത്ര). റാഫി ഒരിക്കല്‍ ഗേറ്റ്‌വേ ഇന്ത്യയില്‍ വച്ചു മിലോനിയെ പരിചയപ്പെടുകയാണ്. അവള്‍ ഒരു ചിത്രമെടുക്കണമെന്ന് റാഫി നിര്‍ബന്ധിക്കുന്നു. റാഫിയുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ ചിത്രമെടുത്തെങ്കിലും അതിന്റെ പണം നല്‍കാതെ അവള്‍ പോകുന്നു.

ഒരു പെണ്‍കുട്ടിയെ ജീവിതത്തില്‍ കണ്ടെത്തണമെന്ന് റാഫിയോട് അവന്റെ മുത്തശി നിരന്തരം ആവശ്യപ്പെടാറുണ്ട്. ഈ സംഭവത്തോടെ, പെണ്‍കുട്ടിയെ കണ്ടെത്തിയതായി മുത്തശിയെ റാഫി അറിയിക്കുകയാണ്. ഇതു കേട്ടതോടെ പെണ്‍കുട്ടിയെ പരിചയപ്പെടണമെന്ന മോഹം മുത്തശി പ്രകടിപ്പിക്കുന്നു. അവനെയും കൂട്ടി പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ നഗരത്തിലേക്കു മുത്തശി യാത്ര ചെയ്യുന്നു. മുത്തശിക്കു വേണ്ടി തന്റെ പ്രതിശ്രുത വധുവാകണമെന്ന് റാഫി മിലോനിയോട് അഭ്യര്‍ഥിക്കുന്നു. റാഫിയുടെ അഭ്യര്‍ഥന അവള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സാമൂഹികപരമായും, വിദ്യാഭ്യാസപരമായും, മതപരമായും റാഫിയും മിലോനിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. എങ്കിലും ഇരുവരും തമ്മില്‍ ഒരു പ്രണയം മൊട്ടിടുകയാണ്. തങ്ങളുടെ പ്രതീക്ഷകളും വികാരങ്ങളും ഒരിക്കലും മനസിലാക്കിയിട്ടില്ലാത്ത ഒരു ലോകത്ത് റാഫിയും മിലോനിയും പരസ്പരം കണ്ടെത്തുകയാണ്.

എന്താണ് ഇവരെ ഒരുമിപ്പിക്കുന്ന ഘടകം ? റാഫിയെയും മിലോനിയെയും എന്താണ് ഒരുമിപ്പിക്കുന്നതെന്നു കാണിക്കാന്‍ സംവിധായകന്‍ ഈ ചിത്രത്തില്‍ ശ്രമിക്കുന്നില്ല. അതാണ് റിതേഷ് ബത്രയുടെ ഫിലിം മേക്കിംഗിന്റെ പ്രത്യേകതയെന്നോ സൗന്ദര്യമെന്നോ പറയാം.
ഫെയറി ടെയ്ല്‍ റൊമാന്‍സും, ശുഭമായി പര്യവസാനിക്കുന്ന ചിത്രങ്ങളും കണ്ടു മാത്രം ശീലിച്ചിട്ടുള്ളവരാണു നമ്മളില്‍ ഭൂരിഭാഗവും. മനസ് കൊണ്ട് നമ്മള്‍ അത് ആഗ്രഹിക്കുന്നുമുണ്ട്. ഇവിടെയാണു സംവിധായകന്‍ ബത്ര വ്യത്യസ്തനാവുന്നത്. പ്രേക്ഷകനോട് ഒരു ചോദ്യം ചോദിക്കുന്നുമുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കപ്പെട്ട ഒരു ലോകത്തില്‍ നമ്മള്‍ ഇഷ്ടപ്പെടുന്നവരെ സ്‌നേഹിക്കാന്‍ യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യമുണ്ടോ എന്നതാണ് സംവിധായകന്‍ ചോദിക്കുന്ന ആ ചോദ്യം.

ഒരു മണിക്കൂര്‍ 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഗതി വേഗം അല്‍പം മടുപ്പ് ഉളവാക്കുന്നതാണ്. ഒട്ടേറെ ക്ഷമ അത്യാവശ്യവുമാണ്. എങ്കിലും ബത്രയുടെ, പ്രണയത്തെ വിവരിക്കാനുള്ള ശ്രമം ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. ഫോട്ടോഗ്രാഫ് എന്ന ചിത്രം ഒരു പെര്‍ഫെക്ട് ചിത്രമാണെന്നു പറയാന്‍ സാധിക്കില്ല. പക്ഷേ, അത് താത്പര്യം ജനിപ്പിക്കുന്നതാണ്. പ്രണയവും ജീവിതവും പോലെ അത് അനിശ്ചിതത്വം നിറഞ്ഞതും, പ്രതീക്ഷയുളവാക്കുന്നതുമാണ്. ചിത്രത്തിലെ അഭിനേതാക്കള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അഭിനേതാക്കള്‍ ആരും നിരാശപ്പെടുത്തുന്നില്ല. നവാസുദ്ധീന്‍ സിദ്ദീഖി പതിവ് പോലെ പ്രേക്ഷകനു വിരുന്നൊരുക്കുന്നുണ്ട്. കലഹപ്രിയയായ മുത്തശിയുടെ വേഷം ഫറുഖ് ജാഫര്‍ മികച്ചതാക്കി.

Comments

comments

Categories: Movies
Tags: Phograph