സ്‌കൂള്‍ക്യാന്റീനില്‍ പഴകിയ ഭക്ഷണം

സ്‌കൂള്‍ക്യാന്റീനില്‍ പഴകിയ ഭക്ഷണം

ചൈനയിലെ പ്രശസ്തമായ ഷെംഗ്ഡു നമ്പര്‍ 7 എക്‌സ്‌പെരിമെന്റല്‍ ഹൈസ്‌കൂളില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബഹുജനപ്രക്ഷോഭം. പൂപ്പല്‍ പിടിച്ച റൊട്ടിയും അഴുകിയ മാംസവും കടല്‍വിഭവങ്ങളുമാണ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് 36 വിദ്യാര്‍ഥികളെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ പന്നികളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ മാപ്പുപറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ കടുത്ത അമ്പരപ്പും രേഖപ്പെടുത്തി.

ചൈനയില്‍ ഭക്ഷ്യസുരക്ഷാ വിവാദം അസാധാരണമല്ല. ഇത്തരം സംഭവമുണ്ടാകുമ്പോള്‍ ഉത്തരവാദികളെ പിടിച്ചു പുറത്താക്കി പൊതുജനരോഷം തണുപ്പിക്കുകയാണ് പതിവായി സര്‍ക്കാര്‍ ചെയ്യുന്നത്. ചൈനയിലെ സിഷുവാന്‍ പ്രവിശ്യാ തലസ്ഥാനമായ ഷെംഗ്ഡുവിലെ സ്വകാര്യ ഹൈസ്‌കൂളില്‍ വനവല്‍ക്കരണ ചടങ്ങിന്റെ ഭാഗമായി തിങ്കളാഴ്ച രക്ഷിതാക്കളുടെ സംഘം എത്തിയിരുന്നു. ഇവരാണ് കലവറയില്‍ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണം കണ്ടെത്തിയത്.

നവംബറില്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വയറുവേദന, മലബന്ധം, മറ്റ് രോഗങ്ങള്‍ എന്നിവഉണ്ടായതായി ഒരു രക്ഷകര്‍ത്താവ് മുമ്പ് പ്രതികരിച്ചിരുന്നു. 39,000 യുവാന്‍ വാര്‍ഷിക ഫീസ് ചുമത്തുന്ന സ്‌കൂളാണിത്. പൊതുവിദ്യാലയത്തേക്കാള്‍ 20 മടങ്ങ് ചെലവു വരുന്നതാണിത്. രക്ഷിതാക്കളുടെ രോഷം വര്‍ധിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.

സമൂഹമാധ്യമങ്ങളിലൂടെയാണ് രക്ഷിതാക്കള്‍ ആദ്യം പ്രതികരിച്ചത്. മാതാപിതാക്കളുടെ സംഘം അഴുകിയ ഭക്ഷ്യവസ്തുക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ വൈറലായതോടെ സ്‌കൂള്‍ അധികൃതര്‍ ആഹാരസാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചുവെന്ന് ഒരു രക്ഷകര്‍ത്താവ് പറഞ്ഞു. രണ്ടു ട്രക്കുകളിലായാണ് ഭക്ഷണസാധനങ്ങള്‍ കടത്തിയത്. പ്രതിഷേധവുമായി സ്‌കൂളില്‍ എത്തിയ കോപാകുലരായ രക്ഷിതാക്കള്‍ ഒരു ട്രക്ക് തടഞ്ഞു നിര്‍ത്തി. ഇവരെ അടിച്ചമര്‍ത്തിയ പോലീസ് 12 പേരെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ഭക്ഷ്യംസംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തെക്കുറിച്ച്  സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: FK News

Related Articles