ജെറ്റിന്റെ കടാശ്വാസ പദ്ധതി ഇത്തിഹാദ് അംഗീകരിച്ചേക്കില്ല

ജെറ്റിന്റെ കടാശ്വാസ പദ്ധതി ഇത്തിഹാദ് അംഗീകരിച്ചേക്കില്ല

ആയിരം കോടി രൂപ നിക്ഷേപിച്ച് 29.5 ശതമാനം ഓഹരികള്‍ കൈക്കലാക്കാന്‍ വായ്പാദാതാക്കള്‍

മുംബൈ: ജെറ്റ് എയര്‍വേയ്‌സിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് വായ്പാ ദാതാക്കള്‍ മുന്നോട്ടുവെച്ച് പദ്ധതി, മുഖ്യ വിദേശ പങ്കാളികളായ ഇത്തിഹാദ് എയര്‍വേയ്‌സ് അംഗീകരിച്ചേക്കില്ലെന്ന് സൂചന. ജെറ്റ് എയര്‍വേയ്‌സില്‍ നിന്ന് രണ്ട് നോമിനി ഡയറക്റ്റര്‍മാരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തെ അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അബുദാബിയില്‍ ചേര്‍ന്ന ഇത്തിഹാദ് ബോര്‍ഡ് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. ഓഹരി പങ്കാളിത്തം 22 ശതമാനത്തിലേക്ക് പരിമിതപ്പെടുത്തിയ ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്ന ജെറ്റ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ആവശ്യമാണ് ഇത്തിഹാദിന് വിയോജിപ്പുള്ള മറ്റൊരു കാര്യം.

തിരിച്ചടക്കാനുള്ള തുക ഓഹരികളാക്കി മാറ്റാനും ഓഹരി പങ്കാളിത്തം 29.5 ശതമാനത്തിലേക്ക് ഉയര്‍ത്തുന്ന രീതിയില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനുമാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്ന പ്രശ്‌ന പരിഹാര പദ്ധതി. താല്‍ക്കാലിക ഉടമ്പടി അനുസരിച്ച് പുതിയൊരു നിക്ഷേപകന് 1,600-1,900 കോടി രൂപ നിക്ഷേപിച്ച് ജെറ്റ് എയര്‍വേയ്‌സിന്റെ 20 ശതമാനം ഓഹരികള്‍ നേടാം. ഗോയല്‍ നേതൃത്വം നല്‍കുന്ന പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി 17.1 ശതമാനത്തിലേക്ക് കുറയും. ഇത്തിഹാദ് 1,600-1,900 കോടി രൂപ നിക്ഷേപിച്ച് ജെറ്റ് എയര്‍വേയ്‌സിലെ ഓഹരി വിഹിതം 24.9 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ് ഡിസംബറില്‍ ആഭ്യന്തര വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച്ച വരുത്തിയിരുന്നു. യുഎഇയിലെ എച്ച്എസ്ബിസി ബാങ്കിനു നല്‍കേണ്ട 140 ദശലക്ഷം ഡോളര്‍ തിരിച്ചടക്കാന്‍ നിര്‍വാഹമില്ലെന്നും കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കി. 2018 സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 8,411 കോടി രൂപയാണ് ജെറ്റ് എയര്‍വേയ്‌സിന്റെ കടബാധ്യത. 119 വിമാനങ്ങളാണ് ജെറ്റിനുള്ളത്. വാടക തുക കൊടുക്കാത്തത്തിനാല്‍ ഇവയില്‍ 50 ല്‍ ഏറെ വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല.

Comments

comments

Categories: FK News, Slider