എഞ്ചിനീയറിംഗ് കയറ്റുമതി 200 ബില്യണിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യ

എഞ്ചിനീയറിംഗ് കയറ്റുമതി 200 ബില്യണിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യ

2025 ലേക്കുള്ള ലക്ഷ്യം സര്‍ക്കാരും ഇഇപിസിയും ചേര്‍ന്ന് തയാറാക്കി; നടപ്പ് സാമ്പത്തിക വര്‍ഷം എന്‍ജിനീയറിംഗ് കയറ്റുമതി 80-82 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്ന് പ്രതീക്ഷ

ന്യൂഡെല്‍ഹി: 2025 ഓടെ എന്‍ജിനീയറിംഗ് ഉല്‍പ്പന്ന കയറ്റുമതി മൂന്നിരട്ടി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ. സര്‍ക്കാരും വ്യവസായ മേഖലയും കേന്ദ്രീകൃത പ്രവര്‍ത്തനം നടത്തിയാല്‍ എന്‍ജിനീയറിംഗ് കയറ്റുമതി 200 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്ന് എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ഇഇപിസി) ബഹുരാഷ്ട്ര പ്രൊഫഷണല്‍ സേവന ദാതാക്കളായ ഡെലോയ്റ്റും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ഈ മാസം 31 ന് അവസാനിക്കാനിരിക്കുന്ന 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ എന്‍ജിനീയറിംഗ് കയറ്റുമതി, സര്‍വകാല റെക്കോഡായ 80-82 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇഇപിസി ഇന്ത്യ ചെയര്‍മാന്‍ രവി സെഹ്ഗല്‍ വ്യക്തമാക്കി. 2017-18 സാമ്പത്തിക വര്‍ഷം 76.20 ബില്യണ്‍ ഡോളറായിരുന്നു രാജ്യത്തിന്റെ എന്‍ജിനീയറിംഗ് കയറ്റുമതി. 17 ശതമാനം വളര്‍ച്ചയാണ് മേഖല കൈവരിച്ചിരുന്നത്. 2016-17 ല്‍ 65.23 ഡോളറായിരുന്നു ഈ വിഭാഗത്തിലെ കയറ്റുമതി.

ഇഇപിസി-ഡെലോയ്റ്റ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും എന്‍ജിനീയറിംഗ് കയറ്റുമതിയുടെ ശേഷി ഉയര്‍ത്താനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിക്കുമെന്നും കേന്ദ്ര വാണിജ്യ സെക്രട്ടറി അനുപ് വാധ്വാന്‍ പറഞ്ഞു. ലക്ഷ്യകേന്ദ്രീകൃതമായ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതാണ് ഇഇപിസി-ഡെലോയ്റ്റ് റിപ്പോര്‍ട്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാര്‍, വാണിജ്യ മന്ത്രാലയം, ഇഇപിസി വിദഗ്ധര്‍, ഡെലോയ്റ്റിലെ സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ കൂടിയാലോചിച്ചാണ് 2025 ലെ ലക്ഷ്യം നിര്‍ണയിച്ചത്. അടിസ്ഥാന നിര്‍മാണോപാധിയായ സ്റ്റീല്‍, താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കിയാല്‍ വന്‍ കുതിപ്പ് ഉണ്ടാക്കാനാവുമെന്നാണ് രവി സെഹ്ഗല്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വ്യക്തമാക്കിയത്. സര്‍ക്കാരും വ്യവസായികളും ഇടപെടേണ്ട മേഖലകളും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഉല്‍പ്പന്ന-വിപണി ശുഭാപ്തി വിശ്വാസം സൃഷ്ടിക്കാനും അനുകൂല പരിതസ്ഥിതിയുടെ സൃഷ്ടിക്കും പ്രചാരണത്തിനും ബ്രാന്‍ഡിംഗിനും അസംസ്‌കൃത വസ്തുക്കളുടെ മല്‍സരാധിഷ്ടിത ശേഖരണത്തിലും ഇരു വിഭാഗങ്ങളും ശ്രദ്ധിക്കണം.

രാജ്യത്തിന്റെ എന്‍ജിനീയറിംഗ് കയറ്റുമതിയുടെ സാങ്കേതിക തീവ്രത കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഗണ്യമായി വര്‍ധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ചെറുതും മധ്യവര്‍ത്തിയുമായ സാങ്കേതിക ശേഷിയുള്ള എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇപ്പോഴും കയറ്റി അയക്കുന്നത്. ഉല്‍പ്പാദന മേഖലയിലെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും മറ്റും കയറ്റുമതിയെ സാരമായി ഉയര്‍ത്തുമെന്ന പ്രതീക്ഷയും ഇഇപിസി-ഡെലോയ്റ്റ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്. ഡെല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ എഞ്ചിനീയറിംഗ് സോഴ്‌സിംഗ് ഷോയിലാണ് റിപ്പോര്‍ട്ട് അനാവരണം ചെയ്തത്.

രാജ്യത്തിന്റെ ആകെ വിദേശ വ്യാപാരത്തിലും വിദേശ നാണ്യ സമാഹരണത്തിലും നിര്‍ണായക സ്ഥാനമാണ് എന്‍ജിനീയറിംഗ് കയറ്റുമതിക്കുള്ളത്. ആകെ കയറ്റുമതിയുടെ 25 ശതമാനമാണ് എന്‍ജിനീയറിംഗ് കയറ്റുമതി. ഇരുമ്പിന്റെയും സ്റ്റീലിന്റെയും കയറ്റുമതിയാണ് ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. 2017-18 ഏപ്രില്‍-മാര്‍ച്ച് കാലയളവില്‍ സ്റ്റീല്‍-ഇരുമ്പ് കയറ്റുമതി 29.42 ശതമാനം വളര്‍ന്ന് 11.20 ബില്യണ്‍ ഡോളറിലെത്തി. സ്റ്റീല്‍-ഇരുമ്പ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 14.82 ശതമാനം വര്‍ധിച്ച് 6.76 ഡോളറിലേക്കും എത്തി. അമേരിക്ക തന്നെയാണ് ഇന്ത്യയുടെ എന്‍ജിനീയറിംഗ് കയറ്റുമതിയുടെ മുഖ്യ കേന്ദ്രം. വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലും യുഎസിലേക്കുള്ള ഇന്ത്യന്‍ എന്‍ജിനീയറിംഗ് കയറ്റുമതി 44.3 ശതമാനം ഉയര്‍ന്നു. യുകെയിലേക്കുള്ള കയറ്റുമതിയിലും 44 ശതമാനം വര്‍ധനയാണ് 2017-18 ല്‍ കണ്ടത്. ജര്‍മനിയും ബംഗ്ലാദേശുമാണ് ഇന്ത്യയുടെ എന്‍ജിനീയറിംഗ് കയറ്റുമതിയുടെ മറ്റ് പ്രധാന കേന്ദ്രങ്ങള്‍

Categories: FK News, Slider