പുതിയ താരോദയമായി ഇന്ത്യയുടെ മിഗ്-21 ബൈസണ്‍

പുതിയ താരോദയമായി ഇന്ത്യയുടെ മിഗ്-21 ബൈസണ്‍

ബാലാകോട്ടിലെ ഭീകര ക്യാംപുകള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലൂടെ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനക്ക് തിരിച്ചടി നല്‍കാന്‍ എഫ്-16 വിമാനങ്ങളുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന് അപ്‌ഗ്രേഡ് ചെയ്ത മിഗ്-21 ബൈസണുകളെയാണ് നേരിടേണ്ടി വന്നത്. പഴയ മിഗ്-21 വിമാനങ്ങളുടെ കുറഞ്ഞ പ്രഹര ശേഷി പ്രതീക്ഷിച്ച് മുന്നോട്ടു നീങ്ങിയ എഫ്-16 കളില്‍ ഒരെണ്ണത്തിനെ ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ബൈസണ്‍, ആര്‍-73 റോക്കറ്റുപയോഗിച്ച തകര്‍ത്തത് ലോകമെങ്ങുമുള്ള പ്രതിരോധ വിദഗ്ധരെ ഞെട്ടിച്ചു. എഫ്-16 ആക്രമണത്തില്‍ അഭിനന്ദന്റെ മിഗ്-21 ഉം തകര്‍ന്നെങ്കിലും ബൈസണുകളുടെ ശേഷി പതിന്‍മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇന്ത്യക്കും റഷ്യക്കും സാധിച്ചെന്ന് വെളിപ്പെടുത്തുന്നതായി സംഭവം.

യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ സാധാരണക്കാരനുണ്ടാകുന്ന വികാരം ഒരുപക്ഷേ ഭയവും നിരാശയും കൂടിച്ചേര്‍ന്നതാവും. എങ്കിലും തുടക്കം മുതല്‍ അന്ത്യനാള്‍ വരെ യുദ്ധം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. യുദ്ധത്തെ നാം രണ്ട് അര്‍ത്ഥതലങ്ങളില്‍ കാണേണ്ടതുണ്ട്; തിന്മയുടെ വിജയത്തിനായി ചെയ്യുന്നതും നന്മയുടെ വിജയത്തിനായി നടത്തുന്നതും. യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞോടുന്നത് മനുഷ്യ കുലത്തോട് ചെയ്യുന്ന വന്‍ പാപമായി കാണപ്പെടുന്നതും അതുകൊണ്ടാണ്. യുദ്ധത്തില്‍ പല നിയമങ്ങളും ഉണ്ടെങ്കിലും എപ്പോഴും ഓര്‍ത്തിരിക്കേണ്ട ഒന്നാണ്, ‘when there is war there is a war’ എന്നത്.

കൊടുങ്കാറ്റിന്റെ ലക്ഷ്യം വന്‍ മരങ്ങളെ കടപുഴക്കി വീഴ്ത്തുക എന്നാണ്. പലപ്പോഴും കാറ്റ് ലക്ഷ്യം കണ്ടേക്കാം. എന്നാല്‍ ചെറു ചെടികളും ചെറിയ മരങ്ങളും എല്ലാം ഇതോടൊപ്പം നാമാവശേഷമാവുകവും ചെയ്യും. ഈ വലിയ നഷ്ടങ്ങളെ ആരും കണക്കെടുക്കാറില്ല. സത്യത്തില്‍ ചെറു ചെടികളെ നശിപ്പിക്കുക എന്നത് കൊടുങ്കാറ്റിന്റെ ലക്ഷ്യവുമല്ല. യുദ്ധത്തില്‍ പലപ്പോഴും സംഭവിക്കുന്ന വിരോധാഭാസവും ഇപ്രകാരമാണ്. യുദ്ധം പിന്നീട് ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത അത്രയും നാശനഷ്ടങ്ങള്‍ വരുത്തിയേ പിന്‍വാങ്ങൂ. പ്രാകൃത യുദ്ധ രീതികള്‍ എല്ലാം മണ്‍റഞ്ഞ ഇക്കാലത്ത്, വളരെ കൃത്യമായി ലക്ഷ്യസ്ഥാനം നിര്‍ണയിച്ചും ശത്രു മേഖലയെ വേര്‍ തിരിച്ചും ആക്രമണം നടത്തുന്ന ലക്ഷ്യ കേന്ദ്രീകൃത തന്ത്രങ്ങളും ആയുധങ്ങളും ഉപയോഗിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. കുറഞ്ഞ തോതില്‍ മാത്രം നാശനഷ്ടങ്ങള്‍ വരുത്തി ശത്രു സംഹാരം നടത്താനും അവരുടെ ആയുധ ശേഖരവും സംവിധാനങ്ങളും ഇല്ലാതാക്കാനും കഴിയുന്ന സംവിധാനത്തിലേക്ക് നമുക്ക്് മാറാന്‍ കഴിഞ്ഞെന്നത് ഇനിയുള്ള കാലം വളരെ പ്രതീക്ഷ നല്‍കുന്നതാണ്.

രാജ്യത്തിന്റെ കാവലിനായി ഇക്കാലത്ത് ഏറ്റവും അധികം സജ്ജമാക്കേണ്ടത് വായു സേനയെയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം കാണാനും ഇതര സേനാവിഭാഗങ്ങള്‍ക്കു മേല്‍ മേധാവിത്തം നേടാനും വായുസേനാ സന്നാഹത്തെ സാങ്കേതികമായി ഏറ്റവും മികച്ച നിലയിലേക്ക് ഉയര്‍ത്തിയേ മതിയാവൂ. ഇന്ത്യയുടെ പൈലറ്റ് ജെറ്റ് വിഭാഗമാണ് മിഗ്-21 (MIG-21) എന്ന റഷ്യന്‍ നിര്‍മ്മിത വിമാനം. ചരിത്രത്തിലിതുവരെ നടന്ന യുദ്ധങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള വിമാനമാണ് മിഗ് ഫിഷ്‌ബെഡ് ഗ്രൂപ്പ് ഫൈറ്റര്‍ ജെറ്റ്. 1959 മുതല്‍ പറക്കാനാരംഭിച്ച മിഗുകളെ ഇന്നും വായുസേനാ വിഭാഗങ്ങള്‍ ഉപയോഗിച്ച് വരുന്നു. പൈലറ്റ് സൗഹൃദ നാവിഗേഷന്‍ സംവിധാനം, താങ്ങാവുന്ന വില, സിംഗിള്‍ എഞ്ചിന്‍ പെര്‍ഫഓമന്‍സ്, റഡാറുകളുടെ കണ്ണുവെട്ടിക്കാനുതകുംവിധമുള്ള ചെറിയ വലിപ്പം, കുറഞ്ഞ ഭാരം, 57,000 അടി വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷി എന്നിവയാണ് ഈ യുദ്ധവിമാനത്തെ ഇന്നും പ്രിയങ്കരമാക്കുന്നത്. ഏകദേശം അറുപതോളം ലോകരാജ്യങ്ങള്‍ ഈ ഫൈറ്റര്‍ ജെറ്റിന്റെ സേവനം ഇന്നും ഉപയോഗിക്കുന്നുണ്ട്. പല പ്രാവശ്യം അപകടങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും ഇന്നും റഷ്യയുടേയും ഇന്ത്യയുടേയും വ്യോമസേനയുടെ കുന്തമുനകളിലൊന്നാണ് മിഗ്-21. ക്രൊയേഷ്യ, റുമേനിയ എന്നീ രാജ്യങ്ങളും ഇത്തരം വിമാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.

മിഗ്-21 യുദ്ധവിമാനത്തിന്റെ അഞ്ചാമത്തെ തലമുറയാണ് മിഗ്-21 ബൈസണ്‍. 1985 ആണ് ഇവ ആദ്യമായി രംഗപ്രവേശനം ചെയ്യുന്നത്. ഇന്ന് ലോകത്താകെ 11,496 മിഗ് ഫൈറ്റര്‍ ജെറ്റുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അതില്‍ 10,645 എണ്ണം റഷ്യയില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട 657 വിമാനങ്ങളും ചെക്കോസ്ലോവാക്യയില്‍ നിര്‍മിക്കപ്പെട്ട 194 വിമാനങ്ങളും മിഗ് ശ്രേണിയിലുണ്ട്. മിഗ്-21 ഫൈറ്റര്‍ ജെറ്റിന് മേന്‍മകള്‍ ധാരാളമുണ്ടെങ്കിലും ചില മുന്‍കരുതല്‍ നടപടികള്‍ നിര്‍ബന്ധമായും എടുത്തേ തീരൂ. ഏകദേശം 100-250 മണിക്കൂര്‍ പറക്കലിന് ശേഷം വിമാനത്തെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. വിമാനത്തിന്റെ മെക്കാനിക്കല്‍ സ്ട്രക്ച്ചര്‍, ചിറകുകള്‍, ലാന്‍ഡിംഗ് ഗിയറുകള്‍, ഫഌയിഡ് എന്നിവയെല്ലാം 100% ഗുണമേന്‍മാ പരിശോധനക്ക് വിധേയമാക്കണം. 1970 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ മിഗ്-21 വിമാനാപകടങ്ങളില്‍ ഏകദേശം 170 വൈമാനികരും 40 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 2010 നും 2013 ഇടയിലാണ് ഏറ്റവുമധികം അപകടങ്ങള്‍ നടന്നത്; 14 എണ്ണം.

റഷ്യക്ക് ശേഷം മിഗ്-21 ശ്രേണി നിര്‍മ്മിക്കപ്പെടുന്നത് ചൈനയിലാണ്. മിഗിന്റെ പേര് ചെംഗ്ഡു എന്നാക്കി മാറ്റിയിട്ടുണ്ടെന്ന് മാത്രം. പാകിസ്ഥാന്റെ പക്കലുള്ള മിഗ് യുദ്ധ വിമാനങ്ങളെല്ലാം ചൈനീസ് നിര്‍മ്മിതമാണ്. ചെംഗ്ഡു ജെഎഫ്-17 സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളാണ് ഇവ. ഇന്ത്യയുടെ മിഗ്-21 മണിക്കൂറില്‍ 2,230 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതും 23 എംഎം ഇരട്ടക്കുഴല്‍ പീരങ്കി ഘടിപ്പിച്ചതും നാല് ആര്‍-60 പ്രതിരോധ മിസൈലുകളെ വഹിക്കാന്‍ ശേഷിയുള്ളതുമാണ്. മിഗ്-21 ശ്രേണിയെ ഇന്ത്യന്‍ വായുസേനയുടെ ഉരുക്കു മുഷ്ടി എന്ന് പറയപ്പെടുന്നതും ഇതുകൊണ്ടാണ്. ശത്രുവിന്റെ ആക്രമണമുണ്ടായാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രഥമ പ്രതികരണ വിമാനവും മിഗ്-21 തന്നെയാണ്.

ഇന്ന് ഏറ്റവും സാങ്കേതിക തികവും മികവുമുള്ള യുദ്ധവിമാനങ്ങളുള്ള രാജ്യമാണ് ഇസ്രായേല്‍. മിഗ്-21 സാങ്കേതിക വിദ്യ ഇസ്രായേലില്‍ എത്തുന്നത് അവരുടെ ചാര സംഘടനയായ മൊസാദ് നടത്തിയ ‘ഓപ്പറേഷന്‍ ഡയമണ്ട്’ പരിപാടിയിലൂടെ ആണ്. വര്‍ഷങ്ങളുടെ ശ്രമഫലമായി മൊസാദ്, മുനീര്‍ റെഡ്ഫ എന്ന ഇറാഖി വൈമാനികനെ വശത്താക്കുന്നു. 1966 ആഗസ്റ്റ് 16ന് മുനീര്‍, ഇറാഖില്‍ നിന്നും ജോര്‍ദാന്‍ അതിര്‍ത്തിയും ഭേദിച്ച് വിമാനവുമായി പറന്നു. ജോര്‍ദാന്‍ വ്യോമസേനയുടെ കണ്ണില്‍ പെട്ടെങ്കിലും പരിശീലന പറക്കല്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ത്തു. രണ്ട് ഇസ്രായേലി വിമാനങ്ങളുടെ അകമ്പടിയോടെ ഹാത്തസോര്‍ ബേസില്‍ മിഗ്-21 വിമാനം ഇറങ്ങി. വിമാനത്തിന്റെ സാങ്കേതിക വിദ്യകള്‍ മനസിലാക്കിയ ഇസ്രായേല്‍ പിന്നീട് താഴ്ന്നു പറക്കാവുന്ന രീതിയില്‍ വിമാനത്തിന് ഘടനാ മാറ്റങ്ങളും വരുത്തി.

ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ ശ്രേണിയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇപ്പോഴും മിഗ്-21 തന്നെയാണ്. ഏകദേശം 113 മിഗ്-21 യുദ്ധ വിമാനങ്ങളാണ് ഇന്ന് ഇന്ത്യന്‍ വ്യോമസോന സജീവമായി പ്രവര്‍ത്തിപ്പിക്കുന്നത്. ഇവയെല്ലാം റഷ്യയുടെ സഹകരണത്തോടെ നവീകരിച്ചവയാണ്. സുഖോയ് എസ്‌യു-30 വിമാനങ്ങളാണ് വ്യോമസേനയുടെ മറ്റൊരു പോര്‍മുന. 242 സുഖോയ് യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കുണ്ട്. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ എച്ച്എഎല്‍ തേജസും സേനയില്‍ സജീവമായിക്കഴിഞ്ഞു. ഇപ്പോള്‍ 12 തേജസ് വിമാനങ്ങളാണ് വ്യോമസേനക്കുള്ളത്. 28 വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനുള്ള കരാര്‍, ബെഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന് ലഭിച്ചിട്ടുമുണ്ട്. ലോകത്തെ മിക്കവാറും എല്ലാ സാങ്കേതിക വിദ്യകളും ഇന്ന് ഇന്ത്യന്‍ വ്യോമസേനക്കും ലഭ്യമാണ്. നമുക്ക് അത്യാധുനിക യുദ്ധവിമാനങ്ങള്‍ നല്‍കുന്നതില്‍ വിമുഖത കാട്ടാതിുന്ന രാജ്യങ്ങളാണ് റഷ്യ, ഫ്രാന്‍സ്, യുകെ എന്നിവ. മറ്റു സാങ്കേതിക സഹകരണങ്ങള്‍ നല്‍കി ബ്രസീല്‍, യുഎസ്എ, ഇസ്രായേല്‍, സ്ലോവേനിയ, ഉക്രെയിന്‍, ജര്‍മനി എന്നിവ.

ഇന്ത്യ

 • 1,27,200 വ്യോമ സൈനികര്‍
 • 60 വ്യോമ താവളങ്ങള്‍
 • പ്രാഥമിക ആക്രമണ യുദ്ധവിമാനമായി 242 സുഖോയ് എസ്‌യു-30
 • പ്രാഥമിക പ്രതിരോധ വിമാനമായി 113 മിഗ്-21 ബൈസണുകള്‍
 • ആക്രമണത്തിന്റെ കുന്തമുനയായി ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ 50 മിറാഷ്-2000
 • ഇന്ത്യ-യുകെ-ഫ്രഞ്ച് സഹകരണത്തോടെ നിര്‍മിച്ച 91 ജാഗ്വാര്‍ വിമാനങ്ങള്‍ (ഉയരത്തില്‍ പറക്കാനാവാത്തത് പോരായ്മ)
 • യുഎസിന്റെ എഫ്-16 കളെ നേരിടാന്‍ 66 റഷ്യന്‍ നിര്‍മിത മിഗ്-29
 • ചെറു യുദ്ധവിമാനമായ എച്ചഎഎല്‍ തേജസിന്റെ 40 യൂണിറ്റുകള്‍
 • ആക്രമണ വിമാനമായി 44 മിഗ് 27 കള്‍
 • കാരിയര്‍ വിമാനമായി 11 ഹെര്‍ക്കുലീസ് സി-130 ജെ
 • പ്രതിരോധ ബജറ്റ് 3.84 ബില്യണ്‍ ഡോളര്‍ (2017-18 ല്‍)

പാകിസ്ഥാന്‍

 • വ്യോമ സൈനികര്‍ 78,000
 • വ്യോമ താവളങ്ങള്‍ 21
 • ആക്രമണത്തിന്റെ കുന്തമുനയായി 77 യുഎസ് നിര്‍മിത ഇ-16 വിമാനങ്ങള്‍
 • ഫ്രഞ്ച് നിര്‍മിത മിറാഷ്-3 വിമാനങ്ങള്‍ 90 എണ്ണം, മിറാഷ്-5 86 എണ്ണം
 • മിഗ്-21 ന്റെ ചൈനീസ് പകര്‍പ്പായ ചെംഗ്ഡു ജെഎഫ്-17 ന്റെ 99 വിമാനങ്ങള്‍
 • ചെംഗ്ഡു ഇ-7 ന്റെ 139 ഇന്റര്‍സെപ്റ്റര്‍ വിമാനങ്ങള്‍
 • കാരിയര്‍ വിമാനമായി 18 ഹെര്‍ക്കുലീസ് സി-130 ജെ, ഒന്നു വീതം എയര്‍ബസ് എ310, ബോയിംഗ് 707
 • പ്രതിരോധ ബജറ്റ് 1.44 ബില്യണ്‍ ഡോളര്‍

മിഗ്-21 ബൈസണ്‍

ഇന്ത്യയുടെ പ്രാഥമിക പ്രതിരോധ വിമാനം. റഷ്യന്‍ നിര്‍മിതം. അമേരിക്ക പാകിസ്ഥാന് നല്‍കിയ എഫ്-16 യുദ്ധവിമാനത്തെ വെടിവെച്ചിട്ടതോടെ വാര്‍ത്താ പ്രാധാന്യം നേടി. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പറത്തിയിരുന്ന വിമാനം. 2004 ല്‍ എല്ലാ മിഗ്-21 കളും റഷ്യന്‍ സഹായത്തോടെ അപ്‌ഗ്രേഡ് ചെയ്തു. ഏറ്രവും പുതിയ റഡാറുകളും നാലാം തലമുറ യുദ്ധവിമാന സാങ്കേതികതയും ഗ്ലാസ് കോക്പിറ്റും കൃത്യതയുള്ള ആര്‍-73 മിസൈലുകളും ഘടിപ്പിച്ചതോടെ മാരക പ്രഹരശേഷി. ശത്രു റഡാറുകളെ വെട്ടിക്കാനുള്ള ഇസ്രായേല്‍ സാങ്കേതിക വിദ്യയായ എല്‍റ്റ-8222 ഉം സജ്ജം.

Categories: FK Special, Slider
Tags: Mig 21 Bison