ബ്രെക്‌സിറ്റിന് ശേഷം യുകെയിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി വര്‍ധിക്കും

ബ്രെക്‌സിറ്റിന് ശേഷം യുകെയിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി വര്‍ധിക്കും

ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതിയില്‍ വലിയ പങ്കുവഹിക്കുന്നത് ബ്രിട്ടന്‍ ആണ്

ന്യൂഡെല്‍ഹി: ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ നാണയവ്യവസ്ഥയിലുണ്ടാകുന്ന ചാഞ്ചാട്ടം ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള ഫലവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയെ വലിയ തോതില്‍ ബാധിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്ക് സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ പഴം, പച്ചക്കറി കയറ്റുമതിയെ ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വ്യാപാരം മികച്ച രീതിയില്‍ തന്നെ മുന്നോട്ടുപോകുമെന്നാണ് കയറ്റുമതി മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്.

ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ബ്രിട്ടന്‍ ആണ്. അതുകൊണ്ട്, രാജ്യത്തേക്കുള്ള ഫലവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയില്‍ ബ്രെക്‌സിറ്റിന് ശേഷം ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്നാണ് നിരീക്ഷണം. 2017-2018 സാമ്പത്തിക വര്‍ഷം 168 കോടി രൂപയുടെ ഫ്രഷ് പച്ചക്കറികളാണ് ഇന്ത്യ യുകെയിലേക്ക് കയറ്റി അയച്ചത്. 12.7 കോടി രൂപയുടെ ഉള്ളിയാണ് ഇക്കാലയളവില്‍ രാജ്യം കയറ്റുമതി ചെയ്തതെന്നും ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.

പ്രതിദിനം ഏകദേശം 30 ടണ്‍ മുതല്‍ 50 ടണ്‍ വരെ പച്ചക്കറികളാണ് ലണ്ടനിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റി അയച്ചത്. വേനല്‍ക്കാലയത്ത് കയറ്റുമതിയില്‍ 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. പശ്ചിമ യൂറോപ്പില്‍ നട്ടുവളര്‍ത്തിയ ഇന്ത്യന്‍ പച്ചക്കറികള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയച്ച പച്ചക്കറികള്‍ക്ക് വിലങ്ങുതടിയായതാണ് കയറ്റുമതി ഇടിയാന്‍ കാരണമായത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ പശ്ചിമ യൂറോപ്പില്‍ നിന്നുള്ള മത്സരം നേരിടേണ്ടി വരില്ലെന്നാണ് രാജ്യത്തെ കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് മാമ്പഴക്കാലം ആരംഭിച്ചതും യുകെയുമായുള്ള വ്യാപാരം സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് നിറം പകരുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം യുകെയാണ്. രാജ്യത്തെ മാമ്പഴ കയറ്റുമതിയില്‍ 12.5 ശതമാനം വിഹിതമാണ് യുകെയ്ക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 382 കോടി രൂപയുടെ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതില്‍ ഏകദേശം 48 കോടി രൂപയുടെ വരുമാനവും യുകെയില്‍ നിന്നാണ്.

ഏറ്റവും കൂടുതല്‍ തോതില്‍ ഇന്ത്യ കയറ്റുമതി മറ്റൊരു ഫലം മുന്തിരിയാണ്. എന്നാല്‍, മുന്തിരി കയറ്റുമതി സീസണ്‍ അവസാന ഘട്ടത്തിലായതിനാല്‍ ബ്രെക്‌സിറ്റ് മുന്തിരി കയറ്റുമതിയെ ബാധിക്കില്ല. ഇന്ത്യന്‍ മുന്തിരികളുടെ മൂന്നമാത്തെ വലിയ ഇറക്കുമതി രാഷ്ട്രമാണ് യുകെ. ഇന്ത്യയില്‍ നിന്നുള്ള മുന്തിരി ഇറക്കുമതിയില്‍ നെതര്‍ലന്‍ഡ്‌സ് ആണ് രണ്ടാമത്. ഒന്നാം സ്ഥാനത്ത് ജര്‍മ്മനിയും. ഈ സീസണില്‍ മാര്‍ച്ച് 14 വരെയുള്ള കണക്ക് പ്രകാരം 79,867 ടണ്‍ മുന്തിരിയാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 62,750 ടണ്‍ ആയിരുന്നു.

ബ്രെക്‌സിറ്റ് കയറ്റുമതി വരുമാനത്തെ ബാധിച്ചേക്കില്ലെന്നും റമദാന്‍ ആവശ്യകത മികച്ച തലത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെ ബീ എക്‌സ്‌പോര്‍ട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശല്‍ കാഖര്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ രൂപയുമായുള്ള വ്യാപരത്തില്‍ പൗണ്ടിന്റെ വിനിമയ നിരക്ക് ഇടിയുന്നതും വിമാന ചരക്ക് ഗതാഗത നിരക്കും വരുമാനത്തെ ബാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗണ്ടിന്റെ വിനിമയ നിരക്ക് 90 രൂപയില്‍ താഴേക്ക് പോകുമെന്നാണ് ഒരുകൂട്ടം എക്‌സ്‌പോര്‍ട്ടര്‍മാര്‍ വിശ്വസിക്കുന്നത്. അത് കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നുണ്ട്.

Comments

comments

Categories: FK News