ഫ്‌ളിപ്കാര്‍ട്ടിനെ, വാള്‍മാര്‍ട്ടിന്റെ ട്രാക്കിലാക്കാന്‍ മക്‌കെന്നയ്ക്ക് സാധിക്കുമോ ?

ഫ്‌ളിപ്കാര്‍ട്ടിനെ, വാള്‍മാര്‍ട്ടിന്റെ ട്രാക്കിലാക്കാന്‍ മക്‌കെന്നയ്ക്ക് സാധിക്കുമോ ?

ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കല്‍ വിജയകരമാണെന്ന് തെളിയിക്കലായിരിക്കും വാള്‍മാര്‍ട്ട് സിഇഒ ആയ ജൂഡിത്ത് മക്‌കെന്നയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി

ഇ-കൊമേഴ്‌സ് രംഗം ഇതുവരെ കാണാത്ത ഇടപാടിലൂടെയാണ് വാള്‍മാര്‍ട്ട് ഫഌപ്്കാര്‍ട്ടിനെ സ്വന്തമാക്കിയത് – 16 ബില്യണ്‍ ഡോളറിന്. ഇത്രയേറെ വിലയേറിയ ഇടപാട് വാള്‍മാര്‍ട്ടിനും ഫ്‌ളിപ്കാര്‍ട്ടിനും പുതിയ അനുഭവമായിരുന്നു. ഇ-കൊമേഴ്‌സ് രംഗത്തെ വളര്‍ച്ച മാത്രമല്ല, ഇന്ത്യന്‍ വിപണിയില്‍ കയറിപ്പറ്റാനുള്ള മോഹവും എതിരാളിയായ ആമസോണിനെ നിലംപരിശാക്കാനുള്ള ആഗ്രഹവുമെല്ലാം വാള്‍മാര്‍ട്ടിന്റെ ഈ വമ്പന്‍ ഇടപാടിന് പിന്നിലുണ്ട്. പക്ഷേ മാസങ്ങള്‍ പിന്നിട്ടിട്ടും ലക്ഷ്യങ്ങളുടെ അടുത്തെത്താന്‍ പോലും വാള്‍മാര്‍ട്ടിന് സാധിച്ചിട്ടില്ല. ഫഌപ്കാര്‍ട്ടിലെ പ്രതിസന്ധികളും ഇന്ത്യന്‍ വിപണിയില്‍ ഇ-കൊമേഴ്‌സ് രംഗം നേരിടുന്ന വെല്ലുവിളികളും വാള്‍മാര്‍ട്ടിന്റെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേകുന്ന സാഹചര്യത്തിലാണ് വാള്‍മാര്‍ട്ടിന് പുതിയ മേധാവി വന്നെത്തുന്നത്. ഇനി ജൂഡിത്ത് മക്‌കെന്നയുടെ ഊഴമാണ്. ആഗോളതലത്തില്‍ കമ്പനിയുടെ ഉന്നമനത്തിനായി മക്‌കെന്നയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. പക്ഷേ മക്‌കെന്നയ്ക്ക് മുമ്പിലുള്ള ആദ്യ ഉദ്യമം അല്‍പം വിഷമം പിടിച്ചതാണ്.

2018 ഫെബ്രുവരിയില്‍ കമ്പനിയുടെ സിഇഒ ആയി മക്‌കെന്ന ചാര്‍ജെടുത്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വാള്‍മാര്‍ട്ട് ഇന്റെര്‍നാഷ്ണല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് നടത്തുന്നത്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ബിസിനസിന് നാന്ദി കുറിച്ച ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് വേണ്ടി 16 ബില്യണ്‍ ഡോളര്‍ മുടക്കുക എന്നതായിരുന്നു അത്. ഫഌപ്കാര്‍ട്ട് ഏറ്റെടുക്കല്‍ വിജയകരമാണെന്ന് തെളിയിക്കലായിരിക്കും ജൂഡിത്ത് മക്‌കെന്നയ്ക്ക് മുന്നിലുള്ള ആഗോള വെല്ലുവിളി. മ്പനിയുടെ സിഇഒ ആയി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് മൂന്ന് വര്‍ഷത്തോളം കമ്പനിയുടെ യുഎസ് ബിസിനസിന്റെ ചുമതല ആയിരുന്നു മക്‌കെന്നയ്ക്ക്. ‘നിലവിലെ സാഹചര്യത്തില്‍ വാള്‍മാര്‍ട്ടിന്റെ ലക്ഷ്യങ്ങളോട് പൊരുത്തപ്പെട്ട് പോകുന്ന നിക്ഷേപം’ എന്നാണ് ഫഌപകാര്‍ട്ടുമായുള്ള പുതിയ ബന്ധത്തെ മക്‌കെന്ന ഒരിക്കല്‍ വിശേഷിപ്പിച്ചത്. ബിസിനസ് വളര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ വിജയഗാഥയില്‍ പങ്കാളിയാകുക എന്ന കമ്പനിയുടെ ലക്ഷ്യത്തോട് ചേര്‍ന്ന് പോകുന്ന തീരുമാനമാണിതെന്നും അവര്‍ പറഞ്ഞിരുന്നു.

പക്ഷേ ഫഌപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള വാര്‍മാര്‍ട്ടിന്റെ തീരുമാനം ബുദ്ധിപരമായ നടപടിയായിട്ടില്ല പൊതുവെ വിലയിരുത്തപ്പെടുന്നത്. ഫോറെസ്റ്റര്‍ റിസര്‍ച്ചിലെ സീനിയര്‍ അനലിസ്റ്റായ സതീഷ് മീണ ഈ ഇടപാടിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ‘വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പരീക്ഷണമാണിത്. ഫഌപ്കാര്‍ട്ട് പദ്ധതി വേണ്ടവിധത്തില്‍ നടപ്പാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും വലിയ തിരിച്ചടിയായി മാറും. ഇടപാടിലെ ഏറ്റവും ലളിതമായ ഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്. വിഷമം പിടിച്ചത് ഇനി വരാനിരിക്കുന്നതേ ഉള്ളൂ’.2026 ആകുമ്പോഴേക്കും ഏകദേശം 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഇ കൊമേഴ്സ് രംഗത്തേക്ക് വലിയൊരു ചുവടുവെപ്പാണ് ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്ത് കൊണ്ട് വാള്‍മാര്‍ട്ട് നടത്തിയത്. ഇന്ത്യന്‍ വിപണിയെ അനേകം വര്‍ഷങ്ങളായി വാള്‍മാര്‍ട്ട് നോട്ടമിട്ടു വരികയാണ്. പക്ഷേ എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) സംബന്ധിച്ച ഇന്ത്യയിലെ കര്‍ശന നിയമങ്ങള്‍ മൂലം കമ്പനിയുടെ തനത് ശൈലിയിലുള്ള സ്റ്റോറുകള്‍ ഇന്ത്യയില്‍ തുറക്കാന്‍ വാള്‍മാര്‍ട്ടിന് സാധിച്ചില്ല. 23 മൊത്തവിപണന കേന്ദ്രങ്ങള്‍ മാത്രമാണ് ഇതുവരെ വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ തുറക്കാന്‍ സാധിച്ചിട്ടുള്ളു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന, ഏറ്റവും ആകര്‍ഷകമായ റീട്ടെയ്ല്‍ മാര്‍ക്കറ്റായ ഇന്ത്യയില്‍ ബിസിനസ് വളര്‍ച്ച കൈവരിക്കുന്നതിനായി, ഫിള്പ്കാര്‍ട്ടില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടും ഫഌപ്കാര്‍ട്ടിന് നേട്ടങ്ങള്‍ നല്‍കിക്കൊണ്ടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഓഗസ്റ്റില്‍ മക്‌കെന്ന പറഞ്ഞത്. ഫഌപ്കാര്‍ട്ട് ഇടപാട് ഔദ്യോഗികമായി പൂര്‍ത്തിയായ സന്ദര്‍ഭത്തിലായിരുന്നു ആ പ്രസ്താവന. വലിയ റിസ്‌കുകള്‍ക്ക് സാധ്യതയില്ലാത്ത വിധത്തിലാണ് ഫഌപ്കാര്‍ട്ടുമായുള്ള വാള്‍മാര്‍ട്ടിന്റെ ഇടപാട്. തുടക്കത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന ഇടപാട് എന്ന് വിവക്ഷിക്കപ്പെട്ടിരുന്നെങ്കിലും ആ ഇടപാടില്‍ ഇപ്പോള്‍ ചില വിള്ളലുകള്‍ വീണ് തുടങ്ങിയിട്ടുണ്ട്.ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ പ്രകാരം ഫഌപ്കാര്‍ട്ടിന്റെ വളര്‍ച്ചയ്ക്കായി 2 ബില്യണ്‍ ഡോളര്‍ അധികമായി ലഭ്യമാക്കുമെന്നാണ് വാള്‍മാര്‍ട്ട് പറഞ്ഞിരുന്നത്. എന്നാല്‍ 2018ലെ നാലാംപാദത്തിലുള്ള ലാഭത്തില്‍ 740 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് ഫഌപ്കാര്‍ട്ട് ഇടപാടിലൂടെ കമ്പനിക്ക് കൈവന്നതെന്ന് ഒക്‌റ്റോബറില്‍ വാള്‍മാര്‍ട്ട് അറിയിച്ചു. ഫെബ്രുവരിയില്‍ കരാറില്‍ ചെറിയൊരു ഇളവ് തേടുകയാണെന്നും പറഞ്ഞ തുക ഇപ്പോള്‍ നല്‍കില്ലെന്നും വാള്‍മാര്‍ട്ട് അറിയിച്ചു.യഥാര്‍ത്ഥത്തില്‍ അത് ഒരു മുന്നറിയിപ്പാണ്.

ഫഌപ്കാര്‍ട്ട് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനി അല്ല. അതുകൊണ്ട് തന്നെ സാമ്പത്തിക വിവരങ്ങള്‍ കമ്പനി പുറത്തുവിടാറുമില്ല. എങ്കിലും ഇന്ത്യയിലെ റെഗുലേറ്ററി ഫയലിംഗ്‌സില്‍ നിന്നും ലഭ്യമായ വിവരപ്രകാരം 2018ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ രണ്ട് പ്രധാന യൂണിറ്റുകളിലെ സംയോജിത നഷ്ടം 71 ശതമാനം വര്‍ധിച്ചതായി മനസിലാക്കാം. വാള്‍മാര്‍ട്ട് കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പുള്ള അവസ്ഥയാണിത്. പെട്ടെന്നുള്ള വളര്‍ച്ച ലക്ഷ്യമാക്കി ലാഭം അടിയറവ് വെക്കുന്ന ഫഌപ്കാര്‍ട്ടിന്റെ വളര്‍ച്ചാ മാതൃക വാള്‍മാര്‍ട്ടുമായി ഒത്തുപോകില്ലെന്നാണ് സതീഷ് മീണ അഭിപ്രായപ്പെടുന്നത്. ലാഭം ത്യജിച്ചുള്ള വളര്‍ച്ച വാള്‍മാര്‍ട്ട് ഒരിക്കലും അംഗീകരിക്കില്ലെന്ന് മീണ പറയുന്നു. ‘അവര്‍ തീര്‍ച്ചയായും വളര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതേസമയം തന്നെ അവരുടെ മനസില്‍ ലാഭം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്’. എല്ലാ പാദങ്ങളിലും ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് നിക്ഷേപകര്‍ക്ക് വിവരം നല്‍കാനുള്ള ബാധ്യത വാള്‍മാര്‍ട്ടിന് ഉണ്ട്, അതിനാല്‍ ബിസിനസ് ലാഭകരമാക്കുക എന്നത്

വാള്‍മാര്‍ട്ടിനെ സംബന്ധിച്ച് പ്രധാനമാണ്. അക്കാര്യത്തില്‍ ഇരുകമ്പനികള്‍ക്കുമുള്ള നിലപാട് ഏകീകരിക്കലാണ് ഏറ്റവും സങ്കീര്‍ണ്ണമായ ഒന്ന്. മീണയുടെ കണക്കുകൂട്ടല്‍ പ്രകാരം രണ്ടുവര്‍ഷം, കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ഫഌപ്കാര്‍ട്ടിലെ നഷ്ടം അധികരിച്ച് കൊണ്ടിരിക്കും.

ഫഌപ്കാര്‍ട്ട് സഹ സ്ഥാപകനായ ബിന്നി ബന്‍സാലിന്റെ അപ്രതീക്ഷിത ഇറങ്ങിപ്പോക്ക് കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇരുട്ടടിയായി. ഗൗരവതരമായ ലൈംഗീക ആരോപണങ്ങളെ തുടര്‍ന്നാണ് ബിന്നി ബന്‍സാല്‍ കഴിഞ്ഞ നവംബറില്‍ ഫഌപ്കാര്‍ട്ടില്‍ നിന്നും രാജിവെച്ചത്. ബന്‍സാലിനെതിരായ ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ വാള്‍മാര്‍ട്ട് തയ്യാറായിട്ടില്ല. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ബന്‍സാലിനെതിരായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. ഫഌപ്കാര്‍ട്ട് ഓഹരിയുടമയായി തുടരുന്ന ബന്‍സാല്‍ കമ്പനിയുടെ ബോര്‍ഡംഗവുമായിരിക്കും.ഫഌപ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഇടപാട് സമയത്ത് ബിന്നിയോടൊപ്പം കമ്പനി സ്ഥാപിച്ച സച്ചിന്‍ ബന്‍സാല്‍ കമ്പനിയിലെ തന്റെ ഓഹരികള്‍ വിറ്റ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരുന്നു. ഏറ്റെടുക്കല്‍ നടപടികള്‍ കൈകാര്യം ചെയ്യുന്നതിനായി കുറച്ച് കാലം കൂടി കമ്പനിയില്‍ തുടരാന്‍ ആലോചിക്കുന്നതായി പുറത്തു പോകുന്ന സമയത്ത് ബന്‍സാല്‍ പറഞ്ഞെങ്കിലും അടുത്തിടെ രൂപപ്പെട്ട മോശം സാഹചര്യങ്ങളെ തുടര്‍ന്ന് ബന്‍സാലിന്റെ പുറത്ത്
പോക്ക് വേഗത്തിലായി. ബന്‍സാലിന്റെ രാജി വാള്‍മാര്‍ട്ടിന് വലിയ തിരിച്ചടി ആകില്ലെന്നാണ് മീണ പറയുന്നത്. കാരണം ഫഌപ്കാര്‍ട്ടിന്റെ ഇരു സ്ഥാപകരും ക്രമേണ കമ്പനിയില്‍ നിന്നും പുറത്ത് പോകണമെന്ന് തന്നെയാണ് വാള്‍മാര്‍ട്ട് ആഗ്രഹിച്ചിരുന്നത്. ബിന്നി പുറത്ത് പോകാനുണ്ടായ സാഹചര്യത്തില്‍ മാത്രമായിരിക്കും വാള്‍മാര്‍ട്ടിന് അതൃപ്തി ഉണ്ടായിരിക്കുകയെന്ന് മീണ പറയുന്നു. അല്ലാത്തപക്ഷം സ്ഥാപകര്‍ ഇല്ലാതെ കമ്പനിയെ മുന്നോട്ട് നയിക്കാന്‍ വാള്‍മാര്‍ട്ട് എന്നും സജ്ജമാണ്.

എന്നിരുന്നാലും ഫഌപ്കാര്‍ട്ടിലെ ഉന്നതരുടെ അഭാവം വാള്‍മാര്‍ട്ടിന്റെ എതിരാളിയായ ആമസോണിനാണ് നേട്ടമുണ്ടാക്കുക. ഇന്ത്യയില്‍ താരതമ്യേന മെച്ചപ്പെട്ട ബിസിനസ് സാഹചര്യങ്ങള്‍ ഉള്ള ആമസോണിന് ഫഌപ്കാര്‍ട്ടിന്റെ മോശം സാഹചര്യങ്ങള്‍ മുതലെടുപ്പ് നടത്താനുള്ള മികച്ച അവസരമാണ്. ഇന്ത്യയില്‍ മറ്റൊരു ദുരവസ്ഥ കൂടി വാള്‍മാര്‍ട്ട് നേരിടുന്നുണ്ട്. ഇ-കൊമേഴ്‌സ് രംഗം ഒന്നാകെ നേരിടുന്ന ഭീഷണിയാണത്. കഴിഞ്ഞ ഡിസംബറിലാണ് ഇ-കൊമേഴ്‌സ് രംഗത്ത് പുതിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഫെബ്രുവരി ഒന്നിന് നിലവില്‍ വന്ന ഈ നിയന്ത്രണങ്ങള്‍ പ്രകാരം ഇന്ത്യന്‍ കമ്പനികളല്ലാത്ത ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ക്ക് അവരുടെ സ്വന്തം ഉല്‍പ്പനങ്ങള്‍ തങ്ങളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി വില്‍ക്കുന്നതിനും സ്മാര്‍ട്ട്‌ഫോണുകള്‍ പോലുള്ള എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.വമ്പിച്ച ഓഫറുകളും എക്‌സ്‌ക്ലൂസീവ് ഡീലുകളും നല്‍കിയാണ് ഫഌപ്കാര്‍ട്ടും ആമസോണും ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയുടെ ഭൂരിഭാഗവും കയ്യടക്കിവെച്ചിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരുടെ ഈ അടവ് ഇനി ഇന്ത്യയില്‍ വിലപ്പോകില്ല.

ഇന്ത്യയില്‍ ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ തീര്‍ത്ത തിരിച്ചടികളില്‍ നിന്നും കരകയറാന്‍ ശ്രമിക്കവെയാണ് വാള്‍മാര്‍ട്ടിന് അനുഭവസമ്പന്നയായ മേധാവിയെ ലഭിക്കുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി മക്‌കെന്ന വാള്‍മാര്‍ട്ട് കമ്പനിക്കൊപ്പം കൂടിയിട്ട്. 1996ല്‍ വാള്‍മാര്‍ട്ടിന്റെ യുകെ കമ്പനിയായ അസ്ദയിലൂടെയാണ് മക്‌കെന്ന വാള്‍മാര്‍ട്ട് കുടുംബത്തിലെത്തുന്നത്. അസ്ദയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ശേഷം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും മക്‌കെന്ന പ്രവര്‍ത്തിച്ചു. പിന്നീടാണ് വാള്‍മാര്‍ട്ടിന്റെ അന്താരാഷ്ട്ര ബിസിനസിന്റെ ചുമതലയുള്ള നേതൃസ്ഥാനങ്ങളിലേക്ക് അവര്‍ എത്തപ്പെട്ടത്. ഫഌപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് 10 ബില്യണ്‍ ഡോളറിന് വാള്‍മാര്‍ട്ട് അസ്ദയെ പ്രാദേശിക എതിരാളിയായ സെയിന്‍സ്‌ബെറിക്ക് വില്‍ക്കുന്നത്. ഔദ്യോഗികമായി അസ്ദ വില്‍പ്പന ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

2014ലാണ് മക്‌കെന്ന വാള്‍മാര്‍ട്ടിന്റെ അമേരിക്കന്‍ ഓഫീസില്‍ നിയമിതയാകുന്നത്. ആദ്യം ബിസിനസ് യൂണിറ്റിന്റെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ സ്ഥാനമാണ് അവര്‍ വഹിച്ചിരുന്നത്. പിന്നീട് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ആയും ചീഫ് ഓപ്പറേറ്റിംഹ് ഓഫീസറായും അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

”വാള്‍മാര്‍ട്ടിലെ പ്രഗത്ഭരില്‍ ഒരാളാണ് മക്‌കെന്ന ”പടിയിറങ്ങുന്നതിന് ഒരു മാസം മുമ്പ് ഒരു അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിന്നി ബന്‍സാല്‍ പറഞ്ഞത് അങ്ങനെയാണ്. ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സ്വഭാവമാണ് അവര്‍ക്കുള്ളത്. മക്‌കെന്നയും വാള്‍മാര്‍ട്ടിലെ മറ്റ് നേതൃത്വവും ഫഌപ്കാര്‍ട്ടിനോട് അനുഭാവപൂര്‍വ്വ സമീപനമാണ് ഇതുവരെ കൈക്കൊണ്ടതെന്നും ഇരുകമ്പനികളും പരസ്പരം മനസിലാക്കുന്ന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും അന്ന് ബന്‍സാല്‍ പറഞ്ഞു.

ഫഌപ്കാര്‍ട്ടുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെയും തങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് തികഞ്ഞ അവബോധം വാള്‍മാര്‍ട്ടിന് ഉണ്ടായിരിക്കുമെന്ന് തന്നെയാണ് സതീഷ് മീണ പറയുന്നത്. മക്‌കെന്നയുടെ നേതൃത്വത്തില്‍ അവരത് നേടുക തന്നെ ചെയ്യും. യുകെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതും ജപ്പാനില്‍ പ്രാദേശിക കമ്പനിയായ റകുടെനുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടതും അവരുടെ തികഞ്ഞ നിശ്ചയദാര്‍ഢ്യമാണ് കാണിക്കുന്നത്.

ഇതുവരെ ഫഌപ്കാര്‍ട്ട് ഇടപാട് സംബന്ധിച്ച് പ്രതീക്ഷിച്ച നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ വാള്‍മാര്‍ട്ടിന് സാധിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍ അതെകുറിച്ച് സംസാരിക്കുന്നത് വളരെ അപക്വമാണ്. വരുംവര്‍ഷങ്ങളില്‍ വാള്‍മാര്‍ട്ട് നേട്ടങ്ങളുണ്ടാക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Comments

comments

Categories: Top Stories